സിറിയ സന്ദര്‍ശിച്ച അറബ് വംശജനായ ഇസ്രായേല്‍ മുന്‍ പാര്‍ലമെന്റ് അംഗം ജയിലില്‍

റാമല്ല: സിറിയയിലേക്ക് യാത്ര ചെയ്തതിന് ഒരു വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഇസ്രായേല്‍ പാര്‍ലമെന്റിലെ അറബ് വംശജനായ പ്രതിനിധിയുടെ അപ്പീല്‍ ഇസ്രായേല്‍ സുപ്രിംകോടതി തള്ളി. വടക്കന്‍ ഇസ്രായേലിലെ ബെയ്ത്ത് ജാന്‍ പ്രവിശ്യയില്‍ നിന്നുള്ള പാര്‍ലമെന്റംഗമായ നഫയെയാണ് ശത്രു രാജ്യത്തേക്ക് സഞ്ചരിച്ചു എന്ന കുറ്റത്തിന് ഇസ്രായേല്‍ കോടതി ശിക്ഷിച്ചത്. ഇന്നു മുതല്‍ ഒരു വര്‍ഷമാണ് നഫയ്ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടത്. 2007ലാണ് ഇരുന്നൂറോളം വരുന്ന സംഘത്തിനൊപ്പം നഫ സിറിയ സന്ദര്‍ശിച്ചത്.
തുടര്‍ന്ന് നഫയ്‌ക്കെതിരേ ഇസ്രായേല്‍ പോലിസ് കേസെടുക്കുകയും ഇതേ കാരണത്താല്‍ 2010ല്‍ അദ്ദേഹത്തിന്റെ പാര്‍ലമെന്റംഗ പദവി റദ്ദാക്കുകയും ചെയ്തിരുന്നു.
2007 മുതല്‍ 2013 വരെ കാലയളവിലേക്കായിരുന്നു അദ്ദേഹം പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇസ്രായേലിലെ അറബ് ന്യൂനപക്ഷങ്ങള്‍ക്കുള്ള നിയമസഹായ സമിതിയായിരുന്നു നഫയുടെ കേസ് നടത്തിയിരുന്നത്. കോടതി വിധിക്കെതിരേ കഴിഞ്ഞ ആഗസ്തിലും സുപ്രിംകോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും അതും നിരസിച്ചതായി അറബ് മൈനോറിറ്റി റൈറ്റ്‌സ് പ്രതിനിധി അംജദ് ഇറാഖി അറിയിച്ചു. അടിസ്ഥാനരഹിതമായ പരാതിയാണെന്നു ബോധ്യം വന്നിട്ടും പാര്‍ലമെന്റംഗമാണെന്ന പരിഗണന പോലും കോടതിയുടെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. ഇസ്രായേലില്‍ ജീവിക്കുന്ന ന്യൂനപക്ഷമായ അറബ് വംശജരെ ഒറ്റപ്പെടുത്തുന്നതിനും ഇല്ലായ്മ ചെയ്യുന്നതിനും കോടതി കൂട്ടുനില്‍ക്കുകയാണെന്നും അംജദ് കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it