സിറിയ: സംഘര്‍ഷം തുടരുന്നതിനിടെ സമാധാന ചര്‍ച്ച

ദമസ്‌കസ്/ജനീവ: ജനീവയില്‍ സിറിയന്‍ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കുമ്പോഴും വടക്കന്‍ ഹലബ് പ്രവിശ്യയിലുള്‍പ്പെടെ നിലനില്‍ക്കുന്ന പുതിയ സംഘര്‍ഷങ്ങള്‍ ഭീഷണിയാവുന്നു. ഇന്നലെയാണ് സിറിയന്‍ സമാധാന ചര്‍ച്ചകളുടെ രണ്ടാംഘട്ടം ആരംഭിച്ചത്. യുഎസും റഷ്യയും ഇടപെട്ട് നടപ്പാക്കിയ ഭാഗിക വെടിനിര്‍ത്തല്‍ കരാറിന് പ്രസിഡന്റ് ബശ്ശാറുല്‍ അസദും വിമത സംഘങ്ങളും അംഗീകാരം നല്‍കിയ ശേഷമുള്ള രണ്ടാമത്തെ ചര്‍ച്ചയാണ് ഈ ആഴ്ചയിലേത്.
സിറിയയിലെ യുഎന്‍ നയതന്ത്ര പ്രതിനിധി സ്റ്റഫാന്‍ ഡെ മിസ്തുര സമാധാന ചര്‍ച്ചകളുടെ ഭാഗമായി ഇറാനിലെത്തിയിരുന്നു. സിറിയന്‍ വിഷയത്തില്‍ പുനരാരംഭിക്കുന്ന ചര്‍ച്ചകള്‍ തന്ത്രപ്രധാനമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അഞ്ചു വര്‍ഷമായി രാജ്യത്ത് തുടരുന്ന സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണാനാവുമെന്ന പ്രതീക്ഷ ചര്‍ച്ചകള്‍ ഉയര്‍ത്തുന്നുണ്ട്. 2,70,000 പേരാണ് കഴിഞ്ഞ അഞ്ചുവര്‍ഷമായി തുടരുന്ന സംഘര്‍ഷങ്ങളുടെ ഭാഗമായി രാജ്യത്തു കൊല്ലപ്പെട്ടത്.
ഇടക്കാല സര്‍ക്കാര്‍, പുതിയ ഭരണഘടന, പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തുക എന്നിവ ശുപാര്‍ശ ചെയ്യുന്ന സമാധാന മാര്‍ഗരേഖയ്ക്ക് ഊന്നല്‍ നല്‍കിയാവും ചര്‍ച്ചയെന്ന് ഡെ മിസ്തുര അറിയിച്ചു.
അതേസമയം, തുര്‍ക്കിയോട് അതിര്‍ത്തി പങ്കിടുന്ന ഹലബ് പ്രവിശ്യയിലെ സംഘര്‍ഷാവസ്ഥ സംബന്ധിച്ച് സിറിയയില്‍ ആശങ്ക നിലനില്‍ക്കുകയാണ്. അല്‍ഈസ് പട്ടണത്തില്‍ അല്‍ നുസ്‌റ ഫ്രണ്ടിനെതിരേ സര്‍ക്കാര്‍ അനുകൂല സൈന്യം കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ഹലബ് നഗരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റഷ്യന്‍ സേനയുടെ പിന്തുണയുള്ള സര്‍ക്കാര്‍ അനുകൂല സൈന്യം വ്യാപകമായി വ്യോമാക്രമണങ്ങള്‍ അഴിച്ചുവിട്ടിരുന്നതായും സംഘടന അറിയിച്ചു. ജനുവരിയില്‍ നടന്ന പരാജയപ്പെട്ട സമാധാന ചര്‍ച്ചകള്‍ക്കിടയിലും ഹലബിനു സമീപം സര്‍ക്കാര്‍ സൈന്യം ആക്രമണങ്ങള്‍ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it