സിറിയ: വെടിനിര്‍ത്തലിന് ധാരണ

ബെര്‍ലിന്‍: അഭയാര്‍ഥി പ്രവാഹമുള്‍പ്പെടെ വന്‍ പ്രത്യാഘാതങ്ങള്‍ക്കിടയാക്കിയ സിറിയന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ധാരണ. രാജ്യത്ത് ഒരാഴ്ചയ്ക്കകം വെടിനിര്‍ത്തല്‍ നടപ്പാക്കാനാണ് ജര്‍മനിയിലെ മ്യൂണിക്കില്‍ നടന്ന ഉന്നതതല യോഗത്തില്‍ ധാരണയിലെത്തിയത്.
എന്നാല്‍, സായുധസംഘങ്ങളായ ഐഎസ്, അല്‍നുസ്‌റാഫ്രണ്ട് വിരുദ്ധ ആക്രമണങ്ങള്‍ക്ക് വെടിനിര്‍ത്തല്‍ ബാധകമാവില്ല.
ആക്രമണങ്ങളാല്‍ മൃതപ്രായരായ സിറിയന്‍ ജനതയ്ക്കുള്ള സഹായങ്ങള്‍ വ്യാപിപ്പിക്കാനും ത്വരിതഗതിയിലാക്കാനും 17 അംഗ ഇന്റര്‍നാഷനല്‍ സിറിയ സപ്പോര്‍ട്ട് ഗ്രൂപ്പ് (ഐഎസ്എസ്ജി) തീരുമാനിച്ചു. റഷ്യന്‍ വ്യോമ പിന്തുണയോടെ സിറിയന്‍ സൈന്യം വിമത നിയന്ത്രണത്തിലുള്ള ഹലബ് പ്രവിശ്യയില്‍ വന്‍ മുന്നേറ്റം
നടത്തുന്നതിനിടെയാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപനം പുറത്തുവന്നത്.
സിറിയന്‍ സൈന്യം ആക്രമണം ശക്തമാക്കിയതോടെ വ്യാവസായിക നഗരമായ ഹലബില്‍ പതിനായിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്. അതേസമയം, വെടിനിര്‍ത്തല്‍ ധാരണയോട് സിറിയന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. പ്രധാന വിമത സഖ്യം പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു.
തീരുമാനം ഉടന്‍ നടപ്പാക്കുമെന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി പറഞ്ഞു. മ്യൂണിക്കില്‍ നടന്ന വെടിനിര്‍ത്തല്‍ ചര്‍ച്ചയില്‍ യുഎസ്, റഷ്യ, സൗദി അറേബ്യ, ഇറാന്‍, ചൈന എന്നീ രാഷ്ട്രങ്ങളാണ് സംബന്ധിച്ചത്.
അതേസമയം, സിറിയന്‍ സംഘര്‍ഷത്തില്‍ വിദേശകരസൈന്യങ്ങളെ വിന്യസിക്കാനുള്ളനീക്കം ലോക യുദ്ധത്തിലേക്ക് നയിക്കുമെന്നു റഷ്യന്‍ പ്രധാനമന്ത്രി ദിമിത്രി മെദ്‌വെദേവ് മുന്നറിയിപ്പ് നല്‍കി.
ജര്‍മന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പോരാട്ടത്തില്‍ നഗരം തകര്‍ന്നടിഞ്ഞിട്ടുണ്ട്. ഹലബില്‍നിന്നുമാത്രം അരലക്ഷത്തോളം പേര്‍ പലായനത്തിലാണ്.
അഞ്ചു വര്‍ഷമായി തുടരുന്ന ആഭ്യന്തര യുദ്ധത്തില്‍ രണ്ടരലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 1.35 കോടി ജനങ്ങള്‍ ജീവരക്ഷാര്‍ഥം അയല്‍രാജ്യങ്ങളിലേക്കും യൂറോപ്പിലേക്കും പലായനം ചെയ്തിരുന്നു.
Next Story

RELATED STORIES

Share it