സിറിയ: റഷ്യന്‍ നിലപാട് യുഎസ് അംഗീകരിച്ചു

മോസ്‌കോ: സിറിയന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് തടസ്സമായി അമേരിക്കയ്ക്കും റഷ്യക്കുമിടയില്‍ നിലനിന്നിരുന്ന ഭിന്നതയില്‍ അയവ്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായും പ്രസിഡന്റ് വഌദിമിര്‍ പുടിനുമായും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി റഷ്യന്‍ നിലപാടിന് അനുകൂലമായി പ്രതികരിച്ചത്.
സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ഭാവി സംബന്ധിച്ച വിഷയത്തിലായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രധാന ഭിന്നത. എന്നാല്‍, അസദിന്റെ ഭാവി സിറിയന്‍ ജനത തീരുമാനിക്കട്ടെയെന്ന റഷ്യന്‍ നിലപാടിന് അനുകൂലമായിട്ടായിരുന്നു കെറിയുടെ ഇന്നലത്തെ പ്രസ്താവന. സിറിയയിലെ ഭരണമാറ്റത്തിലല്ല, സമാധാനത്തിലാണ് തങ്ങള്‍ ശ്രദ്ധയൂന്നുന്നതെന്ന് കെറി പറഞ്ഞു. സിറിയയുടെ ഭാവി ആ രാജ്യത്തെ ജനതയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, സിറിയന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ നാളെ ന്യൂയോര്‍ക്കില്‍ നടക്കുന്ന അന്താരാഷ്ട്ര യോഗത്തില്‍ ലാവ്‌റോവ് പങ്കെടുക്കും. മൂന്നു മണിക്കൂര്‍ നീണ്ട പുടിന്‍-കെറി കൂടിക്കാഴ്ചയില്‍, സിറിയന്‍ ആഭ്യന്തരയുദ്ധം അവസാനിപ്പിക്കുന്നതിന് ചര്‍ച്ച തുടരാന്‍ തീരുമാനമായി. ന്യൂയോര്‍ക്കിലെ ചര്‍ച്ചയ്ക്കു ശേഷം യുഎന്‍ രക്ഷാസമിതിയില്‍ പ്രമേയം കൊണ്ടുവരാനും അമേരിക്കയ്ക്ക് പദ്ധതിയുണ്ട്.
അതേസമയം, ചൊവ്വാഴ്ച തെക്കന്‍ തുര്‍ക്കിയിലെ വ്യോമതാവളം സന്ദര്‍ശിച്ച അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടര്‍, റഷ്യന്‍ സൈന്യം സിറിയയില്‍ മര്യാദയില്ലാതെയാണ് പെരുമാറുന്നതെന്നു കുറ്റപ്പെടുത്തിയിരുന്നു.
Next Story

RELATED STORIES

Share it