സിറിയയില്‍ സ്‌ഫോടനം: വിമത നേതാവടക്കം 18 പേര്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയയിലെ തെക്കന്‍ പ്രവിശ്യയായ ഖുനെയ്ത്രയില്‍ വിമതരെ ലക്ഷ്യം വച്ച കാര്‍ബോംബ് സ്‌ഫോടനത്തില്‍ 18 പേര്‍ കൊല്ലപ്പെട്ടു.
ബുധനാഴ്ച രാത്രി തെക്കന്‍ ഖുനെയ്ത്രയിലെ അല്‍ ആഷെ ഗ്രാമത്തില്‍ സിറിയ റവല്യൂഷനറീസ് ഫ്രണ്ടിന്റെ പ്രാദേശിക ഓഫിസിനു നേര്‍ക്കാണ് ആക്രമണം നടന്നത്. സംഘടനയുടെ നേതാക്കളിലൊരാളായ മുഹമ്മദ് അല്‍ ഖൈറി എന്ന അബു ഹംസ അല്‍ നഈമിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. മറ്റു മൂന്നു നേതാക്കളും കൊല്ലപ്പെട്ടതായി ഗ്രാമവാസികള്‍ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. സിവിലിയന്‍മാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചു. റവല്യൂഷനറീസ് ഫ്രണ്ടിന്റെ ഓഫിസും സമീപത്തെ ഏതാനും വീടുകളും ആക്രമണത്തില്‍ തകര്‍ന്നു. തെക്കന്‍ സിറിയയിലെ വിമതസംഘടനകളുടെ വിശാല സഖ്യമായ സതേണ്‍ ഫ്രണ്ടിന്റെ ഭാഗമാണ് സിറിയ റവല്യൂഷനറീസ് ഫ്രണ്ട്.
സര്‍ക്കാര്‍ സൈന്യവും സായുധ സംഘടനകളും സതേണ്‍ ഫ്രണ്ടിനെ മുന്‍കാലങ്ങളില്‍ ലക്ഷ്യം വച്ചിരുന്നതായി അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്റ് പോളിസി സ്റ്റഡീസിലെ ഗവേഷകനായ ഹംസ മുസ്തഫ പറഞ്ഞു.
സര്‍ക്കാരാണ് ആക്രമണത്തിനു പിറകിലെന്ന് ചിലര്‍ വിലയിരുത്തുന്നുണ്ട്. എന്നാല്‍, സായുധസംഘടനകളായ അല്‍ നുസ്‌റയോ അല്‍ മുതനയോ ആവാമെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it