സിറിയയില്‍ സമാധാനം ഇനിയുമകലെ

ബെയ്‌റൂത്ത്: സിറിയയില്‍ ഫെബ്രുവരി അവസാനം നിലവില്‍ വന്ന വെടിനിര്‍ത്തല്‍ ഏതു നിമിഷവും അവസാനിക്കുമെന്നു സൂചന. ഏകാധിപതിയായ ബശ്ശാറുല്‍ അസദിന്റെ സൈന്യം റഷ്യന്‍ വ്യോമസേനയുടെ പിന്തുണയോടെ സിറിയന്‍ നഗരങ്ങളായ ഹലബിലും ഇദ്‌ലിബിലും ആക്രമണം നടത്തിയതാണ് പുതിയ പ്രശ്‌നങ്ങള്‍ക്കു കാരണം. സിറിയന്‍ പ്രതിപക്ഷമായ ജബ്ഹത്തുന്നുസ്‌റയുടെ ആസ്ഥാനമാണ് വടക്കുപടിഞ്ഞാറുള്ള ഇദ്‌ലിബ്. പ്രതികാരമായി റഷ്യന്‍ വ്യോമസേനാത്താവളത്തിനു സമീപത്തുള്ള ലതാക്കിയയില്‍ പ്രതിപക്ഷ സൈന്യം ആക്രമണം നടത്തി.
ഹലബില്‍ ബശ്ശാറിന്റെ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള മേഖലയില്‍ നടന്ന ആക്രമണത്തില്‍ 20ഓളം പേര്‍ കൊല്ലപ്പെട്ടതായി നിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി പറയുന്നു. ബശ്ശാറുല്‍ അസദ് അധികാരത്തില്‍ തുടരുകയാണെങ്കില്‍ മേഖലയില്‍ സമാധാനം നിലനിര്‍ത്തുക അസാധ്യമാണെന്ന് നിരീക്ഷകര്‍ കരുതുന്നു.
ഇസ്‌ലാമിക് സ്റ്റേറ്റിനെയും ജബ്ഹയെയും സമാധാനചര്‍ച്ചകളില്‍ നിന്നു മാറ്റിനിര്‍ത്തുന്ന കാര്യത്തില്‍ റഷ്യയും യുഎസും സഹകരിച്ചതും വെടിനിര്‍ത്തല്‍ കരാറിനെ ദുര്‍ബലമാക്കിയിരിക്കുകയാണ്. ബശ്ശാറുല്‍ അസദിന്റെ ചാരസംഘടനകള്‍ വന്‍തോതില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നതായി ഒരു അന്താരാഷ്ട്രസംഘം ആരോപിക്കുന്നു. വെല്‍ഡിങ് ടോര്‍ച്ചുകളുപയോഗിച്ചാണ് കസ്റ്റഡി പീഡനം. വന്ധീകരണമാണ് മറ്റൊരു മര്‍ദ്ദനമുറ. ഇതിനിടെ റഷ്യ അതിന്റെ പീരങ്കിപ്പടകളിലൊന്ന് രാജ്യത്തിന്റെ വടക്കുഭാഗത്ത് വിന്യസിച്ചതായി റിപോര്‍ട്ടുണ്ട്.
ഇസ്‌ലാമിക് സ്‌റ്റേറ്റാവട്ടെ പാല്‍മിറ നഗരം നഷ്ടപ്പെട്ടെങ്കിലും പുതിയ പ്രദേശങ്ങള്‍ കൈയടക്കിയതായി കരുതപ്പെടുന്നു. റഷ്യക്കും അമേരിക്കയ്ക്കും ബശ്ശാറുല്‍ അസദിനെ സ്ഥാനഭ്രഷ്ടനാക്കണമെന്നുണ്ടെങ്കിലും പകരം വരുന്നവര്‍ എങ്ങനെ പെരുമാറുമെന്നറിയാത്തതിനാല്‍ നിര്‍ണായകമായ നീക്കങ്ങളില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. ജനാധിപത്യ വ്യവസ്ഥ വരുന്നത് സഊദികളും ഇമാറാത്തികളും ഭയക്കുകയും ചെയ്യുന്നു.
Next Story

RELATED STORIES

Share it