സിറിയയില്‍ വെടിനിര്‍ത്തല്‍: രക്തച്ചൊരിച്ചിലുകളില്ലാതെ രണ്ടാംദിനം

ദമസ്‌കസ്: ആഭ്യന്തരസംഘര്‍ഷം രൂക്ഷമായ സിറിയയില്‍ വെടിനിര്‍ത്തലിന്റെ രണ്ടാംദിവസം രക്തച്ചൊരിച്ചിലുകളില്ലാതെ കടന്നുപോയി. പ്രതിപക്ഷ പോരാളികളും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ രൂക്ഷമായ സംഘര്‍ഷം നടന്ന പ്രധാന നഗരങ്ങളിലൊന്നായ ഹലബില്‍ ഒറ്റപ്പെട്ട ആക്രമണങ്ങളൊഴിച്ചാല്‍ പൊതുവെ ശാന്തമായിരുന്നുവെന്ന് ബിബിസി റിപോര്‍ട്ട് ചെയ്തു. ആഭ്യന്തര സംഘര്‍ഷം തുടങ്ങി അഞ്ചു വര്‍ഷത്തിനിടെ ആദ്യമായാണ് സിറിയയില്‍ ഇത്ര വിപുലമായി വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍വരുന്നത്.
അതേസമയം സര്‍ക്കാര്‍ സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നതായി പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ 15 വിമത കേന്ദ്രങ്ങളില്‍ സൈന്യം യന്ത്രത്തോക്കുകളും ബാരല്‍ ബോംബുകളുമായി ആക്രമണം നടത്തിയതായി പ്രതിപക്ഷം അറിയിച്ചു. ഹലബില്‍ രണ്ടു ഗ്രാമങ്ങളില്‍ അസദ് സര്‍ക്കാരിനെ പിന്താങ്ങുന്ന റഷ്യ വ്യോമാക്രമണം നടത്തിയതായി സന്നദ്ധസംഘടനകള്‍ പറഞ്ഞു. ദുരിത ബാധിത പ്രദേശങ്ങളില്‍ സഹായം എത്താന്‍ വൈകുന്നതായും പ്രതിപക്ഷം പരാതിപ്പെട്ടു. എന്നാല്‍, അല്‍ നുസ്‌റ പ്രവര്‍ത്തകര്‍ക്കു നേരെയാണ് തങ്ങള്‍ ആക്രമണം നടത്തിയതെന്നാണ് റഷ്യന്‍ അധികൃതരുടെ ന്യായീകരണം. അതിര്‍ത്തി പ്രദേശമായ തെല്‍അബ്‌യദില്‍ തുര്‍ക്കി ആക്രമണം നടത്തിയതായി റഷ്യ ആരോപിച്ചു.
ലതാകിയ ഗ്രാമത്തില്‍ സിറിയന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെട്ടതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. തലസ്ഥാനമായ ദമസ്‌കസിന്റെ വിവിധ ഭാഗങ്ങളിലും ഷെല്‍ ആക്രമണങ്ങള്‍ ഉണ്ടായി.
സര്‍ക്കാര്‍ സൈന്യവും വിമതരും തമ്മില്‍ ചെറിയ സംഘട്ടനങ്ങള്‍ നടന്നതായും സിറിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം ഐഎസ്, അല്‍ നുസ്‌റ തുടങ്ങിയ സംഘടനകള്‍ വെടിനിര്‍ത്തല്‍ കരാറില്‍ നിന്നു വിട്ടുനില്‍ക്കുകയാണ്. സംഘര്‍ഷം കാരണം സിറിയയില്‍ രണ്ടര ലക്ഷത്തിലധികം പേര്‍ കൊല്ലപ്പെട്ടെന്നും ഒരു ദശലക്ഷത്തിലധികം പേര്‍ കുടിയിറക്കപ്പെട്ടെന്നുമാണ് കണക്ക്. ശനിയാഴ്ച പുലര്‍ച്ചെ മുതലാണ് സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.
Next Story

RELATED STORIES

Share it