സിറിയയില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍

ദമസ്‌കസ്: അഞ്ചുവര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിനിടെ സിറിയയില്‍ വന്‍ശക്തികളുടെ മധ്യസ്ഥതയില്‍ രൂപം നല്‍കിയ പ്രഥമ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്ന വെള്ളിയാഴ്ച അര്‍ധരാത്രിക്കു ശേഷം പോരാട്ടമേഖലകള്‍ പൊതുവെ ശാന്തമാണെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
അതേസമയം, തോക്കുകളും പ്രാദേശികമായി വികസിപ്പിച്ചെടുത്ത പ്രഹരശേഷി കുറഞ്ഞ റോക്കറ്റുകളും ഉപയോഗിച്ചുള്ള ഒറ്റപ്പെട്ട ആക്രമണങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിരീക്ഷിക്കുന്നതിന് യുഎസും റഷ്യയും ഉള്‍പ്പെടുന്ന പ്രത്യേക ദൗത്യസംഘം ഇന്നു ജനീവയില്‍ കൂടിക്കാഴ്ച നടത്തും. സിറിയന്‍ ഭരണകൂടത്തിന്റെയും റഷ്യയുടെയും വ്യോമാക്രമണങ്ങളും നിര്‍ത്തിവച്ചിട്ടുണ്ട്. ശക്തമായ ഏറ്റുമുട്ടലുകള്‍ നടന്ന ഹലബും ലതാകിയയും ഏറക്കുറേ ശാന്തമായിട്ടുണ്ട്.
എന്നാല്‍, ഇപ്പോഴും പ്രദേശവാസികള്‍ ആക്രമണം ഭയന്ന് തുറസ്സായ സ്ഥലങ്ങളിലാണു കഴിച്ചുകൂട്ടുന്നതെന്നു റിപോര്‍ട്ടുകള്‍ സൂചിപ്പിച്ചു. യുഎസ്, റഷ്യ ധാരണയുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ഇത്ര വ്യാപകമായ വെടിനിര്‍ത്തല്‍ രാജ്യത്തുണ്ടാവുന്നത്. സിറിയയുടെ വലിയൊരു ഭാഗം നിയന്ത്രണത്തിലാക്കിയിരിക്കുന്ന ഐഎസും ചില പ്രവിശ്യകളിലെല്ലാം സാന്നിധ്യം അറിയിച്ചിട്ടുള്ള ജബഹത്തുന്നുസ്‌റയും വെടിനിര്‍ത്തലിന്റെ ഭാഗമായിട്ടില്ല. അഞ്ച് വര്‍ഷം മുമ്പ് പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധത്തില്‍ രണ്ടര ലക്ഷം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ദശലക്ഷക്കണക്കിനു പേര്‍ അഭയാര്‍ഥികളായി.
Next Story

RELATED STORIES

Share it