സിറിയയില്‍ മഖ്ബറയ്ക്കു സമീപം ഇരട്ട സ്‌ഫോടനം: 30 മരണം

ദമസ്‌കസ്: തലസ്ഥാനത്തെ ശിയാ മഖ്ബറയ്ക്കു സമീപമുണ്ടായ ഇരട്ട സ്‌ഫോടനത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടതായി സിറിയന്‍ ദേശീയ മാധ്യമം അറിയിച്ചു. ദക്ഷിണ ദമസ്‌കസിലെ സയ്യിദ സൈനബ മഖ്ബറയ്ക്കു സമീപമാണ് സ്‌ഫോടനങ്ങളുണ്ടായത്. സംഭവത്തില്‍ നിരവധി പേര്‍ക്കു പരിക്കേറ്റു.
പരിക്കേറ്റ പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഉയരാനിടയുണ്ടെന്ന് ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. ഇന്നലെ ഉച്ചയോടെയാണ് ആദ്യ സ്‌ഫോടനമുണ്ടായത്. സ്‌ഫോടകവസ്തുക്കള്‍ നിറച്ചെത്തിയ കാര്‍ മഖ്ബറയ്ക്കു സമീപം പൊട്ടിത്തെറിക്കുകയായിരുന്നു. പിന്നാലെ രണ്ടാമതും സ്‌ഫോടനമുണ്ടായി.
തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിന്റെ കാരണം അറിവായിട്ടില്ല. ശിയാ മുസ്‌ലിംകള്‍ ഏറെ ആദരിക്കുന്ന സയ്യിദ സൈനബ മഖ്ബറയിലെ സന്ദര്‍ശകരെ ലക്ഷ്യമാക്കി നേരത്തേയും ആക്രമണങ്ങള്‍ അരങ്ങേറിയിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും ഇവിടെ സമാനമായ രീതിയില്‍ ആക്രമണമുണ്ടായിരുന്നു.
ആഭ്യന്തര സംഘര്‍ഷത്തിനു പരിഹാരം തേടി സിറിയന്‍ സര്‍ക്കാരിന്റെയും വിമത പോരാട്ട സംഘടനകളുടെയും പ്രതിനിധികള്‍ യുഎന്‍ മധ്യസ്ഥതയില്‍ ജനീവയില്‍ ചര്‍ച്ച നടത്തുന്നതിനിടെയാണ് ആക്രമണം. ചര്‍ച്ച ബഹിഷ്‌കരിക്കുമെന്ന പ്രധാന സിറിയന്‍ പ്രതിപക്ഷ കക്ഷിയുടെ ഭീഷണി ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന സിറിയന്‍ സര്‍ക്കാരിന്റെ ഉറപ്പിന്‍മേല്‍ പിന്‍വലിച്ചിരുന്നു.
മുഹമ്മദ് നബിയുടെ പേരമകളായ സൈനബയെ അടക്കം ചെയ്തത് ഇവിടെയാണെന്നാണ് കരുതുന്നത്. ആഭ്യന്തര സംഘര്‍ഷത്തിനിടയിലും നിരവധി പേരാണ് ഇവിടം സന്ദര്‍ശിക്കാറ്. തീവ്ര സലഫി ചിന്താധാര പിന്തുടരുന്ന ഐഎസില്‍നിന്ന് മഖ്ബറകള്‍ സംരക്ഷിക്കുന്നതിനായി നിരവധി ശിയാ സായുധസംഘങ്ങള്‍ അസദിന് പിന്തുണ നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it