സിറിയയിലേക്ക് റഷ്യന്‍ പടനീക്കം

പി കെ നൗഫല്‍

സിറിയയിലേക്ക് റഷ്യ ബോംബര്‍ വിമാനങ്ങള്‍ അയച്ചതിനു പിന്നാലെ വന്‍തോതില്‍ സൈനികരെയും അയക്കാന്‍ തയ്യാറെടുക്കുകയാണ്. സിറിയയില്‍ ഇതിനകം റഷ്യ വ്യോമാക്രമണം തുടങ്ങിയിട്ടുണ്ട്. അതിനു പിറകെയാണ് ഒന്നര ലക്ഷം സൈനികരെ സിറിയയിലേക്ക് അയക്കുന്നത്. റഷ്യയെ സംബന്ധിച്ചിടത്തോളം സിറിയയിലെ ബശ്ശാര്‍ ഭരണകൂടം നിലനില്‍ക്കേണ്ടത് തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കും മേഖലയിലെ റഷ്യ-ഇറാന്‍-സിറിയ സഖ്യത്തിന്റെ നിലനില്‍പ്പിനും അനിവാര്യമാണ്. സിറിയയിലെ അലവി ഭരണകൂടവുമായി ദശാബ്ദങ്ങളായി തുടരുന്നതാണ് ബന്ധം.

ബശ്ശാറുല്‍ അസദിന്റെ പിതാവ് ഹാഫിസുല്‍ അസദിന്റെ കാലത്തും സിറിയയുമായി ഉറ്റബന്ധമാണ് സോവിയറ്റ് ഭരണകൂടത്തിനുണ്ടായിരുന്നത്. ആ ബന്ധത്തിന്റെ തുടര്‍ച്ചയാണ് ബശ്ശാര്‍ ഭരണകൂടവുമായി റഷ്യയ്ക്കുള്ളത്. പോരാട്ടം തങ്ങളുടെ തന്ത്രപ്രധാന മേഖലയിലേക്ക് വ്യാപിച്ചതോടെയാണ് സൈനികനീക്കവുമായി രംഗത്തുവരാന്‍ റഷ്യയെ പ്രേരിപ്പിച്ചതെന്ന നിരീക്ഷണവും ശക്തമാണ്. എന്തായാലും ബശ്ശാറിന്റെ സൈന്യം യുദ്ധത്തില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന യാഥാര്‍ഥ്യമാണ് റഷ്യയുടെ നേരിട്ടുള്ള ഇടപെടലിലൂടെ വ്യക്തമാവുന്നത്.

ഒരുവശത്ത് ഫ്രീ സിറിയന്‍ ആര്‍മി, ജബ്ഗത്തുന്നുസ്‌റ അടക്കമുള്ള റിബല്‍ ഗ്രൂപ്പുകള്‍, മറുവശത്ത് ഇവയെ നിഷ്പ്രഭമാക്കുന്ന രീതിയില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ മുന്നേറ്റം. ഇതിനെ അതിജയിക്കാന്‍ ഇറാന്‍ പിന്തുണയുള്ള ശിയാ മിലീഷ്യയും ഹിസ്ബുല്ലയും സജീവമായി രംഗത്തുണ്ടെങ്കിലും ബശ്ശാറിന്റെ തകര്‍ച്ചയെ പിടിച്ചുനിര്‍ത്താന്‍ ഇവയ്‌ക്കൊന്നും സാധിക്കുന്നില്ല. ബശ്ശാറിന്റെ സ്വാധീനമേഖലകള്‍ ഓരോ ദിവസവും ചുരുങ്ങിവരുന്നതായിട്ടാണ് റിപോര്‍ട്ടുകള്‍ സൂചന നല്‍കുന്നത്.

സിറിയന്‍ പട്ടാളത്തിനു വേണ്ടി സൈനിക സേവനം ചെയ്യാന്‍ പൗരന്മാരെ ഭരണകൂടം നിര്‍ബന്ധിക്കുകയാണ്. ചെറിയ പരിശീലനവും യൂനിഫോമും ആയുധവും നല്‍കി പൗരന്മാരെ യുദ്ധമുഖത്തേക്കു നിര്‍ബന്ധിച്ച് അയക്കുകയാണ് സിറിയ ചെയ്യുന്നത്. പോരാട്ടവീര്യമോ പ്രതിബദ്ധതയോ ഇല്ലാത്ത ഈ കൂലിപ്പട്ടാളം വിവിധ സായുധ ഗ്രൂപ്പുകളുടെ കടന്നാക്രമണങ്ങള്‍ക്കു മുമ്പില്‍ പകച്ചുപോവുന്നു. ഭൂരിഭാഗം പേരും കൊല്ലപ്പെടുന്നു.

സിറിയയില്‍ നിന്നു യൂറോപ്പിലേക്കുള്ള അഭയാര്‍ഥിപ്രവാഹത്തിന് ഒരു കാരണം ഈ നിര്‍ബന്ധ സൈനികസേവനമാണ്. നിര്‍ബന്ധ സൈനികസേവനത്തില്‍ നിന്നു രക്ഷ തേടിയാണ് പലരും കുടുംബസമേതം കടല്‍ കടക്കുന്നത്.  പഴയ സോവിയറ്റ് യൂനിയന്റെ അഫ്ഗാന്‍ അധിനിവേശത്തിന്റെ അവശിഷ്ടമാണ് ഇന്നത്തെ റഷ്യ. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചയ്ക്കു വഴിവച്ചതില്‍ പ്രധാന കാരണമായി നിരീക്ഷകര്‍ എടുത്തുപറയുന്നത് അവരുടെ അഫ്ഗാന്‍ അധിനിവേശമാണ്. സിറിയയിലെപ്പോലെ അഫ്ഗാനിലും ഏകാധിപത്യ സൈനികഭരണത്തെ താങ്ങിനിര്‍ത്താന്‍ വേണ്ടിയാണ് സോവിയറ്റ് ഭരണകൂടം അധിനിവേശം നടത്തിയത്. 1973ല്‍ സഹീര്‍ഷാ രാജാവിനെ അട്ടിമറിച്ച് അഫ്ഗാന്‍ ഭരണം കൈപ്പിടിയിലൊതുക്കാന്‍ മുഹമ്മദ് ദാവൂദ് ഖാന് താങ്ങും തണലുമായി നിന്നത് സോവിയറ്റ് യൂനിയനായിരുന്നു.

പിന്നീട് 1978ല്‍ നൂര്‍ മുഹമ്മദ് തരാക്കിയുടെ ഭരണകാലത്ത് നിലവില്‍ വന്ന 20 വര്‍ഷത്തെ സൗഹൃദ കരാറിന്റെ ചുവടുപിടിച്ചാണ് സോവിയറ്റ് സൈന്യം അഫ്ഗാനില്‍ കടന്നത്. അഫ്ഗാനിലെ പാവഭരണകൂടത്തിന്റെ സ്വാധീനം ക്ഷയിക്കുന്നതിനനുസരിച്ച് സോവിയറ്റ് സൈന്യം പുതിയ മേഖലകളിലേക്കു കടന്നുകയറി. എന്നാല്‍, സോവിയറ്റ് യൂനിയന്റെ ഇച്ഛയ്‌ക്കൊത്തല്ല അഫ്ഗാന്‍ മുമ്പോട്ടുപോയത്. അഫ്ഗാന്‍ ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തലുകളെ അതിജയിച്ച പോരാളിസംഘങ്ങള്‍ സോവിയറ്റ് അധിനിവേശത്തിനെതിരേ സായുധസമരം ആരംഭിച്ചു.

പാകിസ്താന്‍ കേന്ദ്രീകരിച്ചായിരുന്നു പ്രധാനമായും സായുധസമരം നയിക്കപ്പെട്ടത്. എതിര്‍പക്ഷത്ത് സോവിയറ്റ് യൂനിയന്‍ ആയതുകൊണ്ടുതന്നെ പണവും ആയുധവും അഫ്ഗാന്‍ മുജാഹിദുകള്‍ക്ക് നിര്‍ലോഭം ലഭിക്കുകയും ചെയ്തു; പ്രധാനമായും അമേരിക്കയില്‍ നിന്നും ഇസ്‌ലാമിക രാജ്യങ്ങളില്‍ നിന്നും. ഈ സായുധസമരങ്ങളെ അടിച്ചിരുത്താന്‍ സോവിയറ്റ് യൂനിയന്‍ ശ്രമിച്ചിട്ടും ലക്ഷ്യം കണ്ടില്ല. സോവിയറ്റ് സൈന്യത്തിനു കനത്ത ആള്‍നാശമായിരുന്നു യുദ്ധം സമ്മാനിച്ചത്. ഇതിനിടെ അന്താരാഷ്ട്ര സമ്മര്‍ദ്ദവും മുറുകി. നിവൃത്തിയില്ലാതെ അഫ്ഗാനില്‍ നിന്നു പടിയിറങ്ങാന്‍ സോവിയറ്റ് ഭരണകൂടം തയ്യാറായി. അന്താരാഷ്ട്ര കരാറിന്റെ അടിസ്ഥാനത്തില്‍ സോവിയറ്റ് സൈന്യത്തിന്റെ അഫ്ഗാനില്‍നിന്നുള്ള തിരിച്ചുപോക്ക് 1989ല്‍ പൂര്‍ത്തിയാവുമ്പോള്‍ കൂടെ കൊണ്ടുപോയത് പതിനായിരക്കണക്കിനു സോവിയറ്റ് ഭടന്മാരുടെ ശവപ്പെട്ടികളും ഒപ്പം സോവിയറ്റ് യൂനിയനെന്ന രാജ്യത്തിന്റെ ചരമക്കുറിപ്പുമായിരുന്നു.

അഫ്ഗാനില്‍ നിന്നു പിന്മാറി അധികം വൈകാതെ 1991ല്‍ സോവിയറ്റ് യൂനിയന്‍ ചരിത്രമായി. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. സോവിയറ്റ് യൂനിയന്റെ സ്ഥാനത്ത് റഷ്യയാണ് സിറിയയിലേക്കു സൈന്യത്തെ അയച്ചിരിക്കുന്നത്. പക്ഷേ, അഫ്ഗാനില്‍ സോവിയറ്റ് യൂനിയന്‍ സൈനിക അധിനിവേശം നടത്തുമ്പോള്‍ അന്താരാഷ്ട്ര സാഹചര്യങ്ങള്‍ ഒരു പരിധി വരെ അവര്‍ക്ക് അനുകൂലമായിരുന്നു. അമേരിക്കന്‍ ചേരിക്കു ബദലായി സോഷ്യലിസ്റ്റ് ചേരിയുടെ നേതൃപദവി അന്നു സോവിയറ്റ് യൂനിയനുണ്ടായിരുന്നു.

പക്ഷേ, ഇന്നീ അനുകൂല ഘടകങ്ങളൊന്നും റഷ്യക്കില്ല. മാത്രമല്ല, ഉക്രെയ്‌നിലെ സൈനിക അധിനിവേശം ഏല്‍പ്പിച്ച വിരോധം ബാള്‍ട്ടിക് രാജ്യങ്ങള്‍ക്കു റഷ്യയോടുണ്ട്. സ്വാഭാവികമായും ഉക്രെയ്‌ന്റെ നിലപാട് നിര്‍ണായകമാണ്. മാത്രമല്ല, അഫ്ഗാനിലേതുപോലെ ബശ്ശാര്‍ ഭരണകൂടത്തെ താഴെയിറക്കി പാവസര്‍ക്കാരിനെ പ്രതിഷ്ഠിക്കുകയെന്ന ലക്ഷ്യത്തോടെ അമേരിക്കയും സഖ്യരാജ്യങ്ങളും മേഖലയില്‍ സജീവമാണ്.

അതുകൊണ്ടുതന്നെ മറ്റൊരു അഫ്ഗാനാണോ സിറിയയില്‍ റഷ്യയെ കാത്തിരിക്കുന്നതെന്ന ചോദ്യം ഉയരുന്നുണ്ട്. സിറിയയിലെ റഷ്യന്‍ ഇടപെടലിനെ അമേരിക്ക തന്ത്രപരമായാണ് നേരിടുന്നത്. റഷ്യന്‍ സാന്നിധ്യത്തെ പൂര്‍ണമായി തള്ളിക്കളയാനോ അതിനെതിരേ അഫ്ഗാനിലേതുപോലെ പോരാട്ടപ്രസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കാനോ അമേരിക്കക്കും സഖ്യകക്ഷികള്‍ക്കും സാധിക്കില്ല. അത്തരമൊരു നീക്കം അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടാവാനിടയില്ല. മാത്രമല്ല, സിറിയയില്‍ റഷ്യയും സഖ്യകക്ഷികളും നേരിടുന്ന അതേ വെല്ലുവിളി ഇറാഖില്‍ അമേരിക്കയും സഖ്യകക്ഷികളും നേരിടുന്നുണ്ട്. അമേരിക്കന്‍ പാവസര്‍ക്കാര്‍ നിലവിലുള്ള ഇറാഖിന്റെ വലിയൊരു ഭാഗവും ഇന്ന് ഇറാഖ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലല്ല. ഇറാഖിന്റെ തന്ത്രപ്രധാന മേഖലകള്‍ പലതും ഇന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് അധീനതയിലാണ്. ഇറാഖിലെയും സിറിയയിലെയും ഭൂപ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി ഭരണക്രമവും നാണയങ്ങളും ഇസ്‌ലാമിക് സ്റ്റേറ്റ് ഏര്‍പ്പെടുത്തിയിരിക്കുന്നു.

സ്വാഭാവികമായും പൊതുശത്രുവിനെതിരേ ഒന്നിച്ചുനില്‍ക്കുക എന്ന തന്ത്രമാണ് അമേരിക്കയും സഖ്യകക്ഷികളും സ്വീകരിച്ചിരിക്കുന്നത്. ഈ ലക്ഷ്യത്തോടെ റഷ്യയുമായി നിരവധി തവണ അമേരിക്ക ബന്ധപ്പെട്ടുകഴിഞ്ഞു. ഏതായാലും ഇസ്‌ലാമിക് സ്റ്റേറ്റ് എന്ന പൊതുശത്രുവിനെതിരേ പോരാടാന്‍ കൂടുതല്‍ രാജ്യങ്ങള്‍ സൈന്യത്തെ അയച്ചുകൊണ്ടിരിക്കുകയാണ്.

ബ്രിട്ടനും ചൈനയും ജപ്പാനും ആസ്‌ത്രേലിയയുമൊക്കെ യുദ്ധവിമാനങ്ങളും പടക്കപ്പലുകളും അയച്ചുകഴിഞ്ഞു. ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരേയുള്ള യുദ്ധം വര്‍ഷങ്ങള്‍ നീണ്ടുനില്‍ക്കുമെന്ന് അമേരിക്ക പറയുന്നു. 24 മണിക്കൂറിനുള്ളില്‍ അഫ്ഗാനില്‍ നിന്നു താലിബാനെ തുരത്തുമെന്നു പ്രഖ്യാപിച്ച് അധിനിവേശം നടത്തിയ അമേരിക്കക്ക് ലക്ഷ്യത്തിന്റെ ഏഴയലത്തുപോലും എത്താന്‍ സാധിച്ചില്ലെന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെയാണ് ഇസ്‌ലാമിക് സ്‌റ്റേറ്റിനെ തുടച്ചുനീക്കുമെന്ന പ്രഖ്യാപനത്തോടെ അമേരിക്കയും സഖ്യകക്ഷികളും പടനയിക്കുന്നത്. അതേസമയം, ഇസ്രായേലും ചില തന്ത്രപ്രധാനമായ ആക്രമണങ്ങള്‍ സിറിയയില്‍ നടത്തുന്നുണ്ട്.

ഇറാന്റെ പിന്തുണയുള്ള ഹൂഥികള്‍ക്കെതിരേ പോരാടാന്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഗള്‍ഫ് സൈന്യം യമനില്‍ യുദ്ധം ചെയ്യുന്നു. ചുരുക്കത്തില്‍, പശ്ചിമേഷ്യയില്‍ യുദ്ധകാഹളം മുഴങ്ങിക്കഴിഞ്ഞു. വരുംദിവസങ്ങളില്‍ കൂടുതല്‍ രാജ്യങ്ങള്‍ യുദ്ധത്തില്‍ പങ്കാളികളാവാനാണ് സാധ്യത. അങ്ങനെ സംഭവിച്ചാല്‍ യുദ്ധമുഖം പശ്ചിമേഷ്യയില്‍ നിന്നു വികസിക്കാനും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നുകയറാനും ആഗോളയുദ്ധമായി മാറാനും സാധ്യതയുണ്ട്. ഒരുപക്ഷേ, നിലവിലെ ലോകക്രമത്തെ അടിമുടി മാറ്റിമറിച്ചേക്കാവുന്ന പോരാട്ടം.
Next Story

RELATED STORIES

Share it