സിറിയയിലേക്കു പറക്കാന്‍ റഷ്യന്‍സൈന്യം തയ്യാറെടുക്കുന്നു

മോസ്‌കോ: വിമതര്‍ക്കും ഇസ്‌ലാമിക് സ്‌റ്റേറ്റ്‌സിനുമെതിരായ പോരാട്ടത്തില്‍ സിറിയന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനുള്ള റഷ്യയുടെ യുദ്ധസന്നാഹം ഒരുങ്ങുന്നു. യുദ്ധോപകരണങ്ങള്‍ വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ സിറിയയിലേക്കു പറക്കാന്‍ തയ്യാറെടുക്കുന്നതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് സ്ഥിരീകരിച്ചു.
റഷ്യയുടെ അത്യാധുനിക ടാങ്കുകളായ ബി.ടി.ആര്‍. 82 എ സിറിയന്‍ തലസ്ഥാനമായ ദമസ്‌കസിലേക്കു പോവുന്നതിനായി മോസ്‌കോയില്‍ തയ്യാറായിട്ടുണെ്ടന്ന് റഷ്യന്‍ ദിനപത്രം റിപോര്‍ട്ട് ചെയ്തു. ദമസ്‌കസിലെ സ്ഥിതിഗതികള്‍ സംബന്ധിച്ച് ഇരുരാജ്യങ്ങളിലെയും സൈനിക മേധാവികള്‍ ടെലിഫോണ്‍ സംഭാഷണം നടത്തിയതായും  റഷ്യന്‍ സേന ദമസ്‌കസില്‍ ഇടപെടലുകള്‍ നടത്തിത്തുടങ്ങിയെന്നും റഷ്യന്‍ പത്രങ്ങള്‍ അറിയിച്ചു. സാഹചര്യമനുസരിച്ച് തങ്ങളുടെ നാവികസേനയെയും യുദ്ധത്തില്‍ പങ്കാളികളാക്കുന്നതിന് റഷ്യ തീരുമാനിച്ചിട്ടുണ്ട്. കപ്പല്‍ വഴി രണ്ടു യുദ്ധടാങ്കുകള്‍ സിറിയയിലേക്കു അടുത്തുകൊണ്ടിരിക്കുകയാണെന്നും ഒരു ഡസനോളം യുദ്ധവിമാനങ്ങള്‍ സിറിയയിലെ ബസലുല്‍ അസദ് വിമാനത്താവളത്തില്‍ എത്തിയിട്ടുണെ്ടന്നും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുകളുണ്ട്.
സിറിയയിലെ റഷ്യന്‍ സൈനികനടപടികളില്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ആശങ്ക രേഖപ്പെടുത്തി. റഷ്യയുടെ ഇടപെടല്‍ സംഘര്‍ഷം രൂക്ഷമാവുന്നതിലേക്കു നയിക്കുമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി കെറി നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ റഷ്യയുടെ നടപടികള്‍ സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ശ്രമങ്ങള്‍ക്ക് ഒരു തരത്തിലും ഉപകരിക്കില്ലെന്നു അറിയിച്ചിട്ടുണ്ട്. നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്‌റ്റോള്‍ട്ടെന്‍ബെര്‍ഗും ഇക്കാര്യത്തില്‍ സമാനപ്രതികരണം നടത്തി.
സംഘര്‍ഷം അവസാനിപ്പിക്കുന്നതിന് റഷ്യയുടെ നീക്കം ഉപകരിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ അനുദിനം രൂക്ഷമാവുന്ന സിറിയയില്‍  മനുഷ്യാവകാശപ്പോരാട്ടത്തിനാണ് തങ്ങള്‍ ഇടപെടുന്നതെന്നാണ് റഷ്യയുടെ വാദം.
Next Story

RELATED STORIES

Share it