സിറിയയിലെ സൈനിക ശക്തി വര്‍ധിപ്പിക്കുന്നു; 250 സൈനികരെക്കൂടി അയക്കുമെന്ന് ഒബാമ

ബെര്‍ലിന്‍: സിറിയയിലേക്ക് 250 സൈനികരെക്കൂടി അയക്കാന്‍ പദ്ധതിയിട്ടതായി യുഎസ് പ്രസിഡന്റ് ബറാക് ഒബാമ. ഇതോടെ സിറിയയിലുള്ള യുഎസ് സൈനികരുടെ എണ്ണം കുത്തനെ ഉയരും.
സിറിയയില്‍ ഐഎസിനെതിരേ പൊരുതുന്ന പ്രാദേശിക ശക്തികളെ സഹായിക്കാനാണ് പ്രത്യേക സൈനികരെ നിയോഗിക്കുന്നതെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജെലാ മെര്‍ക്കലുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഒബാമ പറഞ്ഞു. പാശ്ചാത്യരാജ്യങ്ങള്‍ ഐഎസിനെതിരേയുള്ള പോരാട്ടത്തില്‍ ഏറ്റവും ശക്തമായിരിക്കണമെന്നു പറഞ്ഞ ഒബാമ, മേഖലയില്‍ സുരക്ഷയുറപ്പാക്കാന്‍ യൂറോപ്പ് കൂടുതല്‍ തുക ചെലവഴിക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം, എപ്പോഴാണ് സൈന്യത്തെ അയക്കുകയെന്ന കാര്യം വ്യക്തമല്ല. സിറിയയിലെ റഖയും ഇറാഖിലെ മൗസിലും ഐഎസ് നിയന്ത്രണത്തിലാണ്. കഴിഞ്ഞ വര്‍ഷം 50 വ്യോമവിദഗ്ധരെയാണ് യുഎസ് സിറിയയിലേക്കയച്ചത്. പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുമെന്ന് അധികാരം ഏറ്റെടുത്തപ്പോള്‍ ഒബാമ പറഞ്ഞിരുന്നു.
അതിനിടെ സിറിയയില്‍ കരസേനയെ വിന്യസിക്കില്ലെന്നും സൈനിക ഇടപെടല്‍ കൊണ്ടു മാത്രം രാജ്യത്തെ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാനാവില്ലെന്നും ബിബിസിക്കു നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it