World

സിറിയയിലെ ഖാന്‍ ഇശൈയാ അഭയാര്‍ഥി ക്യാംപ്: ഭക്ഷണവും മരുന്നും ലഭിക്കാതെ 3000ഓളം കുട്ടികള്‍

ദമസ്‌കസ്: സിറിയന്‍ സര്‍ക്കാരിന്റെ ആക്രമണം ശക്തമായതിനെത്തുടര്‍ന്ന് ഒറ്റപ്പെട്ട ഖാന്‍ ഇശൈയാ ഫലസ്തീന്‍ അഭയാര്‍ഥി ക്യാംപില്‍ ഭക്ഷണമോ അവശ്യമരുന്നുകളോ ലഭിക്കാതെ 3000ഓളം കുട്ടികള്‍ കഴിയുന്നതായി സന്നദ്ധ സംഘടനയായ സേവ് ദി ചില്‍ഡ്രന്‍.
ദമസ്‌കസിനു സമീപമുള്ള ക്യാംപില്‍ 3000 കുട്ടികളടക്കം ആകെ 12,000 അഭയാര്‍ഥികളാണുള്ളത്. ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്ന് ദമസ്‌കസില്‍നിന്ന് ഖാന്‍ ഇശൈയാ ക്യാംപിലേക്കുള്ള റോഡ് അടച്ചിരുന്നു. സര്‍ക്കാര്‍ സൈന്യം ഈ മേഖല ലക്ഷ്യമാക്കി ആക്രമണം തുടരുന്നതിനാല്‍ ക്യാംപിലേക്കു ഭക്ഷണവും മറ്റു സഹായവും എത്തിക്കാന്‍ കഴിയുന്നില്ല. രാജ്യത്ത് വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിട്ടും ഇവിടെ തുടരുന്ന ആക്രമണങ്ങളെത്തുടര്‍ന്ന് ക്യാംപിലെ അന്തേവാസികള്‍ ഭീതിയിലാണെന്ന് സേവ് ദി ചില്‍ഡ്രന്‍ പ്രവര്‍ത്തക സോണിയ ഖുഷ് അറിയിച്ചു.
ക്യാംപിലെ മരുന്നുകളും ഭക്ഷ്യധാന്യങ്ങളും മറ്റ് അവശ്യവസ്തുക്കളും തീര്‍ന്നുകഴിഞ്ഞു. സംഘര്‍ഷങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഭക്ഷണവിലയില്‍ ഇരട്ടിയിലധികം വര്‍ധനയാണുണ്ടായത്.
വരുംദിവസങ്ങളില്‍ ക്യാംപിലെ അവസ്ഥ കൂടുതല്‍ പ്രതിസന്ധിയിലാവാനാണ് സാധ്യതയെന്ന് അഭയാര്‍ഥികള്‍ അറിയിച്ചു. ക്യാംപിലേക്കുള്ള റോഡ് ഗതാഗതം പുനസ്ഥാപിക്കണമെന്നും അവശ്യസഹായങ്ങള്‍ ഉടന്‍ തന്നെ ലഭ്യമാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
നിലവില്‍ ഒരു ദന്തരോഗവിദഗ്ധനടക്കം രണ്ടു ഡോക്ടര്‍മാര്‍ മാത്രമാണ് ക്യാംപിലുള്ളത്. എന്നാല്‍, മരുന്നുകളുടെയും ചികില്‍സാ ഉപകരണങ്ങളുടെയും അഭാവവും വൈദ്യുതിയില്ലാത്തതും ചികില്‍സയ്ക്ക് തടസ്സമാവുന്നു.
മരുന്നും ഭക്ഷണവും ലഭിക്കുന്നതിനായി സമീപ പട്ടണമായ സാകിയയിലേക്കുള്ള റോഡ് ഉപയോഗിക്കാന്‍ ക്യാംപ് നിവാസികള്‍ക്ക് അനുമതിയുണ്ടായിരുന്നു.
എന്നാല്‍, സാകിയയിലേക്ക് മരുന്ന് വരുന്നതിനേര്‍പ്പെടുത്തിയ തടസ്സവും മരണപാത (ഡെത്ത് റോഡ്) എന്നറിയപ്പെട്ടിരുന്ന റോഡ് ഏതാനും ആഴ്ച മുമ്പ് അടച്ചതും സഹായ വിതരണം നിലയ്ക്കാന്‍ കാരണമായെന്ന് സന്നദ്ധ സംഘടനയായ ജാഫ്ര ഫൗണ്ടേഷന്‍ അറിയിച്ചു.
സിറിയയില്‍ 19 ലക്ഷത്തോളം പേരാണ് ഉപരോധസമാനമായ നടപടികളാല്‍ ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ താമസിക്കുന്നത്. ഇത്തരത്തിലുള്ള ദരായ നഗരത്തിലേക്ക് പ്രവേശിക്കുന്നതില്‍ നിന്ന് സിറിയന്‍ സര്‍ക്കാര്‍ തങ്ങളെ വിലക്കിയതായി സന്നദ്ധ സംഘടനയായ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്ടിയേഴ്‌സ് കഴിഞ്ഞദിവസം അറിയിച്ചിരുന്നു.
Next Story

RELATED STORIES

Share it