സിറിയന്‍ സമാധാന ചര്‍ച്ച: ഉപാധികളുമായി സര്‍ക്കാര്‍

ജനീവ/ദമസ്‌കസ്: യുഎന്‍ മധ്യസ്ഥതയിലുള്ള നിര്‍ണായക സിറിയന്‍ സമാധാന ചര്‍ച്ച ഇന്നു ജനീവയില്‍ തുടങ്ങാനിരിക്കെ അസദ് ഭരണകൂടം ചില ഉപാധികള്‍ മുന്നോട്ടു വച്ചു. പ്രതിനിധികളെ അയക്കുമെന്നറിയിച്ച സിറിയന്‍ സര്‍ക്കാര്‍ ചര്‍ച്ചകളിലെ അജണ്ടകളില്‍ നിയന്ത്രണം വേണമെന്നാവശ്യപ്പെട്ടു.
പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യില്ലെന്നും അത്തരമൊരു സാഹചര്യമുണ്ടായാല്‍ ചര്‍ച്ച ഉേക്ഷിച്ച് 24 മണിക്കൂറിനകം സ്വദേശത്തേക്ക് തിരിച്ചുപോവുമെന്നും സിറിയന്‍ വിദേശകാര്യ മന്ത്രി വാലിദ് മുഅല്ലിം മുന്നറിയിപ്പ് നല്‍കി.
ചര്‍ച്ചകള്‍ക്കു മുമ്പെ ഉപാധികള്‍ വയ്ക്കുന്നത് സമാധാന ചര്‍ച്ചയെ ദോഷകരമായി ബാധിക്കുമെന്നു പ്രതിപക്ഷ വക്താവ് വ്യക്തമാക്കി. സിറിയന്‍ വിഷയത്തില്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി ജര്‍മനി, ഫ്രഞ്ച്, ബ്രിട്ടിഷ് വിദേശകാര്യ മന്ത്രിമാരുമായി ഞായറാഴ്ച ചര്‍ച്ച നടത്തുന്നുണ്ട്. വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതോടെ സിറിയയിലെ സംഘര്‍ഷങ്ങളില്‍ ഗണ്യമായ കുറവുണ്ടായെന്നു കെറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
അതേസമയം, പൂര്‍ണാധികാരമുള്ള ഇടക്കാല സര്‍ക്കാരിനായി സമ്മര്‍ദ്ദം ചെലുത്തുമെന്നു പ്രമുഖ സിറിയന്‍ പ്രതിപക്ഷ കക്ഷികളുടെ കൂട്ടായ്മയായ ഹൈ നെഗോസിയേഷന്‍ കമ്മിറ്റി (എച്ച്എന്‍സി) വ്യക്തമാക്കി. അതില്‍ പ്രസിഡന്റ് അസദിനോ നിലവിലെ നേതൃത്വത്തിനോ പങ്കാളിത്തമുണ്ടായിരിക്കില്ലെന്നും സംഘം അറിയിച്ചു. യോഗത്തില്‍ ബശ്ശാറുല്‍ അസദിന്റെ ഭാവിചര്‍ച്ചയാവുമെന്നാണ് പ്രതീക്ഷ. രണ്ടരലക്ഷം പേരുടെ ജീവന്‍ അപഹരിച്ച ആഭ്യന്തര യുദ്ധത്തിന്റെ അഞ്ചാം വാര്‍ഷികത്തിലാണ് സമാധാന ചര്‍ച്ച ആരംഭിക്കുന്നത്.
പുതിയ ഭരണഘടന, യുഎന്‍ മേല്‍നോട്ടത്തിലുള്ള തിരഞ്ഞെടുപ്പ് എന്നിവയില്‍ കേന്ദ്രീകരിച്ചാവും ചര്‍ച്ചയെന്ന് സിറിയയിലെ യുഎന്‍ ദൂതന്‍ സ്റ്റഫാന്‍ ദെ മിസ്തുറ വ്യക്തമാക്കിയിരുന്നു.
അതിനിടെ, പടിഞ്ഞാറന്‍ സിറിയയില്‍ സര്‍ക്കാര്‍ സേനയുടെ യുദ്ധവിമാനം വിമതര്‍ വെടിവച്ചിട്ടു. ശനിയാഴ്ച രാത്രി സംഘര്‍ഷമേഖലയില്‍ മിസൈലുകളും വെടിയുണ്ടകളുമായി വന്ന വിമാനം ജയ്‌ശെ അല്‍ നസ്‌റ വിഭാഗമാണ് വെടിവച്ചിട്ടത്.
Next Story

RELATED STORIES

Share it