സിറിയന്‍ സംഘര്‍ഷം; വിമത നേതാവ് സെഹറാന്‍ അല്ലൂശ്  വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

ദമസ്‌കസ്: സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദിനെതിരേ സായുധപോരാട്ടം നയിക്കുന്ന വിമതവിഭാഗമായ ആര്‍മി ഓഫ് ഇസ്‌ലാമിന്റെ (ജെയ്ശുല്‍ ഇസ്‌ലാം) കമാന്‍ഡര്‍ സെഹറാന്‍ അല്ലൂശ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. ആക്രമണത്തിന്റെ ഉത്തരവാദിത്തം സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.
സിറിയന്‍ പ്രതിപക്ഷത്തിന്റെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ ഗൗത്തയില്‍ വെള്ളിയാഴ്ച നടന്ന വ്യോമാക്രമണത്തില്‍ അദ്ദേഹത്തോടൊപ്പം മറ്റ് അഞ്ച് കമാന്‍ഡര്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
ഉത്തരവാദിത്തം സിറിയന്‍ സര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ടെങ്കിലും റഷ്യയാണ് ആക്രമണത്തിനു പിന്നിലെന്ന് റിപോര്‍ട്ടുകളുണ്ട്. സിറിയയിലെ സമാധാനത്തിനുവേണ്ടി യുഎന്‍ സഭ പ്രമേയം പാസാക്കിയതിനു പിന്നാലെയാണ് റഷ്യയുടെ വ്യോമാക്രമണം. കനത്ത വ്യോമാക്രമണമാണ് ദിവസങ്ങളായി സിറിയയില്‍ റഷ്യ നടത്തിക്കൊണ്ടിരിക്കുന്നത്. വിവിധ വിമതഗ്രൂപ്പ് പ്രതിനിധികള്‍ അടുത്തിടെ ഗവണ്‍മെന്റുമായി നടത്തിയ സമാധാനചര്‍ച്ചയില്‍ ആര്‍മി ഓഫ് ഇസ്‌ലാം പ്രതിനിധികള്‍ പങ്കെടുത്തിരുന്നു.
സിറിയന്‍ പ്രസിഡന്റ് അസദ് കരിമ്പട്ടികയില്‍പ്പെടുത്തിയ സംഘമാണ് ആര്‍മി ഓഫ് ഇസ്‌ലാം. അല്ലൂശിന്റെ പിന്‍ഗാമിയായി അബൂഹുമാം ബുവൈജാനിയെ തിരഞ്ഞെടുത്തതായി ജെയ്ശുല്‍ ഇസ്‌ലാം പ്രസ്താവനയില്‍ വ്യക്തമാക്കി. സിറിയന്‍ സൈന്യത്തിനും ഐഎസിനുമെതിരേയുള്ള പോരാട്ടം തുടരുമെന്നും പ്രസ്താവന വ്യക്തമാക്കി.
Next Story

RELATED STORIES

Share it