സിറിയന്‍ സംഘര്‍ഷം; ജനീവ സമാധാനചര്‍ച്ചയില്‍ വിമതസംഘം പങ്കെടുക്കും

ജനീവ: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ജനീവയില്‍ ആരംഭിച്ച ചര്‍ച്ചയില്‍ പങ്കെടുക്കുമെന്ന് സിറിയയിലെ പ്രധാന വിമതസംഘം ഹൈ നെഗോസിയേഷന്‍ കമ്മിറ്റി (എച്ച്എന്‍സി) അറിയിച്ചു.
സംഘം ജനീവയിലേക്കു യാത്ര പുറപ്പെട്ടിട്ടുണ്ട്. സിറിയന്‍ സര്‍ക്കാര്‍ സൈന്യം വ്യോമാക്രമണം അവസാനിപ്പിക്കുകയും ഉപരോധം നീക്കുകയും ചെയ്താല്‍ മാത്രമേ ചര്‍ച്ചയില്‍ പങ്കെടുക്കൂവെന്നാണ് സൗദി പിന്തുണയുള്ള എച്ച്എന്‍സി നേരത്തേ അറിയിച്ചിരുന്നത്.
അതേസമയം, യുഎന്‍ നയതന്ത്രജ്ഞന്‍ സ്റ്റഫാന്‍ ഡി മിസ്തുറ ഇതിനോടകം തന്നെ സര്‍ക്കാര്‍ പ്രതിനിധികളുമായി ജനീവയില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ ആഭ്യന്തരസംഘര്‍ഷത്തില്‍ 2,50,000ലധികം ആളുകളാണ് ഇതുവരെ കൊല്ലപ്പെട്ടത്.
110 ലക്ഷത്തോളം പേര്‍ അഭയാര്‍ഥികളായി.
യൂറോപ്പിലെ അഭയാര്‍ഥി സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് സിറിയയിലെ ആഭ്യന്തരസംഘര്‍ഷമാണ്. എച്ച്എന്‍സിയുടെ 17 പ്രധാന അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.
അതേസമയം, സര്‍ക്കാരുമായി ചര്‍ച്ച നടത്തുന്നതിനായല്ല, യുഎന്‍ ഉദ്യോഗസ്ഥരോട് സംസാരിക്കാനാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നതെന്ന് എച്ച്എന്‍സി വക്താവ് ഫറാ അതാസ്സി അറിയിച്ചു.
2014ല്‍ രണ്ടു ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനുശേഷം ഇതാദ്യമായാണ് സിറിയന്‍ വിഷയത്തില്‍ ചര്‍ച്ച നടക്കുന്നത്. എച്ച്എന്‍സി മേധാവി റിയാദ് ഹിജാബും ചര്‍ച്ചയില്‍ പങ്കെടുക്കുമെന്നാണ് വിവരം. സൗദിയുെടയും പാശ്ചാത്യരാജ്യങ്ങളുടെയും സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് വിമതസംഘം ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it