സിറിയന്‍ സംഘര്‍ഷം; കുര്‍ദ്-അറബ് സഖ്യം രണ്ടു ഗ്രാമങ്ങള്‍ പിടിച്ചു

ദമസ്‌കസ്: വടക്കന്‍ സിറിയയിലെ രണ്ടു ഗ്രാമങ്ങള്‍ കുര്‍ദ്-അറബ് സഖ്യം പിടിച്ചെടുത്തു. വടക്കന്‍ ഹലബോയിലെ അസാസ് പ്രവിശ്യയിലെ ടാത്ത് മറാഷ്, തനാബ് ഗ്രാമങ്ങളാണ് സിറിയന്‍ ജനാധിപത്യ സേനയും കുര്‍ദ്‌സേനയും ചേര്‍ന്നു കീഴടക്കിയത്. സായുധസംഘമായ അല്‍നുസ്‌റ ഫ്രണ്ടില്‍ നിന്നാണ് പ്രദേശങ്ങള്‍ തിരിച്ചുപിടിച്ചതെന്ന് സിറിയന്‍ യുദ്ധനിരീക്ഷക സംഘടന അറിയിച്ചു. ഇരുപക്ഷത്തും കനത്ത ആളപായം ഉണ്ടായതായി ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. പ്രധാനമായും ഐഎസ് ഭീഷണി ചെറുക്കാന്‍ രൂപീകരിക്കപ്പെട്ടതാണ് ഡിഎഫ്എസ്. കുര്‍ദുകളും അറബികളും സിറിയന്‍ സ്വദേശികളും ഇതില്‍ അംഗങ്ങളാണ്.
മറ്റൊരു സംഭവത്തില്‍ ഇസ്രായേല്‍ അധീന ഗോലാന്‍കുന്നുകള്‍ക്കു സമീപത്തെ കുനൈത്ര പ്രവിശ്യക്കു സമീപം വിമതര്‍ക്കു നേരെ സിറിയന്‍ സേന ശക്തമായ ആക്രമണം നടത്തി. ബുധനാഴ്ച രാവിലെയാണ് സിറിയന്‍ സേനയും അനുകൂല മിലീഷ്യകളും പ്രവിശ്യയില്‍ അക്രമണം ആരംഭിച്ചത്. സിറിയന്‍ ആഭ്യന്തര യുദ്ധം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഡിസംബറില്‍ മാത്രം 1,329 സിവിലിയന്‍മാര്‍ ഉള്‍പ്പെടെ 4,600 ആളുകളാണ് കൊല്ലപ്പെട്ടത്.
Next Story

RELATED STORIES

Share it