സിറിയന്‍ വിമതര്‍ക്കായുള്ള ആയുധങ്ങള്‍ ജോര്‍ദാനില്‍ കരിഞ്ചന്തയില്‍

അമ്മാന്‍: സിറിയന്‍ വിമതര്‍ക്ക് നല്‍കാന്‍ ലക്ഷ്യമിട്ട് യുഎസ് രഹസ്യാന്വേഷണ ഏജന്‍സി സിഐഎയും സൗദി അറേബ്യയും അയക്കുന്ന ആയുധങ്ങള്‍ ജോര്‍ദാനിലെ കരിഞ്ചന്തയിലെത്തുന്നതായി ജോര്‍ദാന്‍-യുഎസ് ഉദ്യോഗസ്ഥര്‍.
ജോര്‍ദാന്‍ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ പിന്തുണയോടെ ആയുധങ്ങള്‍ തട്ടിയെടുക്കുകയും അവ കരിഞ്ചന്തയില്‍ വില്‍ക്കുന്നതിനായി വ്യാപാരികള്‍ക്കു നല്‍കുകയുമാണ് ചെയ്യുന്നത്. കഴിഞ്ഞ നവംബറില്‍ അമ്മാനിലെ പോലിസ് പരിശീലന കേന്ദ്രത്തില്‍ രണ്ട് യുഎസ് പോലിസ് ഉദ്യോഗസ്ഥരടക്കം അഞ്ചുപേര്‍ കൊല്ലപ്പെടാനിടയായ വെടിവയ്പില്‍ ഇത്തരം ആയുധങ്ങള്‍ ഉപയോഗിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദ ന്യൂയോര്‍ക്ക് ടൈംസും അല്‍ ജസീറയും സംയുക്തമായി നടത്തിയ അന്വേഷണറിപോര്‍ട്ടിലാണ് ആയുധ മോഷണം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നത്. ദശലക്ഷക്കണക്കിനു ഡോളറിന്റെ ആയുധങ്ങളാണ് ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ടിട്ടുള്ളത്.
ആയുധക്കടത്തിന്റെ ഭാഗമാവുന്ന ജോര്‍ദാന്‍ ഉദ്യോഗസ്ഥര്‍ വില്‍പനയില്‍നിന്നു ലഭിക്കുന്ന പണം വിലപിടിപ്പുള്ള വാഹനങ്ങളും മറ്റ് ആഡംബര സൗകര്യങ്ങളും വാങ്ങുന്നതിനായാണ് ഉപയോഗിക്കുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു. എകെ റൈഫിളുകള്‍, മോര്‍ട്ടാറുകള്‍, റോക്കറ്റ് ലോഞ്ചറുകള്‍ എന്നീ ആയുധങ്ങളാണ് പ്രധാനമയും മോഷ്ടിക്കപ്പെടുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നു.
Next Story

RELATED STORIES

Share it