സിറിയന്‍ യുദ്ധത്തിലെ വിജയം അസദിന്റെ വ്യാമോഹം: യുഎസ്

വാഷിങ്ടണ്‍: വിമത പോരാളികളില്‍നിന്നു രാജ്യം മുഴുവന്‍ തിരിച്ചുപിടിക്കുമെന്ന് സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് കരുതുന്നുവെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്ന് യുഎസ്.
സൈനിക നടപടിയിലൂടെ പ്രശ്‌നത്തിനു പരിഹാരം കാണാമെന്നത് സ്ഥിതി വഷളാക്കുമെന്നും സ്റ്റേറ്റ് ഡിപാര്‍ട്ട്‌മെന്റ് ഉപവക്താവ് മാര്‍ക്ക് ടോണര്‍ വ്യക്തമാക്കി.
വിജയം സമയത്തിന്റെ മാത്രം പ്രശ്‌നമാണെന്നു കഴിഞ്ഞ ദിവസം നല്‍കിയ അഭിമുഖത്തില്‍ അസദ് വ്യക്തമാക്കിയിരുന്നു.
സിറിയയുടെ മുഴുവന്‍ ഭൂപ്രദേശങ്ങളും തിരിച്ചുപിടിക്കലാണ് തന്റെ ലക്ഷ്യമെന്ന് അസദ് പറഞ്ഞു. അതിന് ദീര്‍ഘമായ സമയം ആവശ്യമാണെന്നു വ്യക്തമാക്കിയ അദ്ദേഹം സൗദിയും തുര്‍ക്കിയും സിറിയയില്‍ കരസൈന്യത്തെ വച്ച് ഇടപെടാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും എഎഫ്പിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന്റെ ഒരു ഭാഗം കൈവെടിയണമെന്ന് പറയുന്നത് യുക്തിക്കു നിരക്കുന്നതല്ലെന്നും അദ്ദഹം പറഞ്ഞു. മുഴുവന്‍ സിറിയന്‍ പ്രദേശങ്ങളും തിരിച്ചുപിടിക്കാനുള്ള ശേഷി ഉണ്ടോ എന്ന ചോദ്യത്തിന് 'അതിനുള്ള ശേഷി ഉണ്ടോ ഇല്ലയോ എന്നതല്ല, അതാണ് ഞങ്ങളുടെ ലക്ഷ്യം. അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യും' എന്നാണ് ബശ്ശാര്‍ മറുപടി നല്‍കിയത്.
ഭീകരര്‍ക്ക് തുര്‍ക്കിയും ജോര്‍ദാനും വഴി സഹായങ്ങള്‍ തുടരുന്ന സങ്കീര്‍ണമായ സാഹചര്യത്തില്‍ പ്രശ്‌നപരിഹാരത്തിന് കാലതാമസമെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
Next Story

RELATED STORIES

Share it