സിറിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ്; അസദിന്റെ ബഅത് പാര്‍ട്ടിക്കു വിജയം

ദമസ്‌കസ്: സിറിയന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബഅത് പാര്‍ട്ടിക്കും സഖ്യകക്ഷികള്‍ക്കും ജയം. രാജ്യത്ത് സര്‍ക്കാര്‍ നിയന്ത്രിത മേഖലകളില്‍ കഴിഞ്ഞയാഴ്ചയാണ് തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ ബഅത് പാര്‍ട്ടിയും സഖ്യകക്ഷികളുമടങ്ങുന്ന 'ദേശീയ ഐക്യ'ത്തിന്റെ വിജയം ഏറക്കുറേ സുനിശ്ചിതമായിരുന്നു. 250 പാര്‍ലമെന്റ് സീറ്റുകളില്‍ 200ഉം ബഅത് പാര്‍ട്ടിയും സഖ്യവും സ്വന്തമാക്കി. ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിട്ടതായി സനാ വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
90 ലക്ഷത്തോളം പേര്‍ക്ക് സമ്മതിദാനാവകാശമുണ്ടെന്നിരിക്കെ 50 ലക്ഷത്തോളം പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ മേധാവി ഹിഷാം അല്‍ ഷാര്‍ അറിയിച്ചു. 11,341 സ്ഥാനാര്‍ഥികളായിരുന്നു ആദ്യം പത്രിക സമര്‍പ്പിച്ചിരുന്നത്. പിന്നീട് ഇത് 3500 ആയി ചുരുങ്ങി.
അതേസമയം, കഴിഞ്ഞ അഞ്ചു വര്‍ഷക്കാലമായി അസദിന്റെ ഭരണത്തില്‍ തൃപ്തരല്ലാത്ത പ്രതിപക്ഷപ്പാര്‍ട്ടികളും സര്‍ക്കാര്‍ സൈന്യവും തമ്മില്‍ രാജ്യത്ത് സംഘര്‍ഷം രൂക്ഷമാണ്. ആഭ്യന്തരസംഘര്‍ഷത്തില്‍ 2,70,000ത്തോളം പേരാണ് കൊല്ലപ്പെട്ടത്. ദശലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് രാജ്യത്തുനിന്നും പലായനം ചെയ്ത് യൂറോപ്പില്‍ അഭയം തേടേണ്ടി വന്നു. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തകരാറിലായി. പ്രദേശങ്ങള്‍ സായുധസംഘങ്ങളുടെയും വിമതരുടെയും നിയന്ത്രണത്തിലായി.
തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്ന് യുഎന്‍ അറിയിച്ചിട്ടുണ്ട്. അതേസമയം, രാജ്യത്തെ ആഭ്യന്തരസംഘര്‍ഷം അവസാനിപ്പിക്കാന്‍ യുഎന്നിന്റെ മധ്യസ്ഥതയില്‍ സര്‍ക്കാര്‍ പ്രതിനിധികളും വിമതരും തമ്മില്‍ ജനീവയില്‍ ചര്‍ച്ച നടക്കുകയാണ്. രാഷ്ട്രീയ പരിവര്‍ത്തനം, പുതിയ ഭരണഘടന, 2017ഓടെ പാര്‍ലമെന്ററി, പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പു നടത്തുക എന്നിവയാണ് ചര്‍ച്ചയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
Next Story

RELATED STORIES

Share it