സിറിയന്‍ ആഭ്യന്തരസംഘര്‍ഷം: അഞ്ചുവര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് 4,00,000 പേര്‍

ദമസ്‌കസ്: സിറിയന്‍ ജനാധിപത്യ പ്രക്ഷോഭം തുടരുന്ന കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 4,00,000 പേര്‍ കൊല്ലപ്പെട്ടെന്ന് യുഎന്‍ പ്രത്യേക നയതന്ത്ര പ്രതിനിധി സ്റ്റഫാന്‍ ഡി മിസ്തുര. 2,50,000 പേര്‍ കൊല്ലപ്പെട്ടെന്നായിരുന്നു രണ്ടുവര്‍ഷം മുമ്പുള്ള കണക്കുകള്‍. പുതിയ കണക്കുകള്‍ യുഎന്നിന്റെ ഔദ്യോഗിക വിവരമല്ലെന്നും മിസ്തുര പറഞ്ഞു.
സിറിയന്‍ സര്‍ക്കാരും പ്രക്ഷോപകരും നല്‍കുന്ന കണക്കുകളിലെ പൊരുത്തക്കേടുകളും രാജ്യത്തെ വിവിധ മേഖലകളിലേക്ക് എത്തിപ്പെടുന്നതിനുള്ള ബുദ്ധിമുട്ടും ഇത്തരം വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ യുഎന്‍ സംഘത്തിന് പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്.
വെടിനിര്‍ത്തല്‍ കരാര്‍ ദുര്‍ബലമായതിനാല്‍ രാജ്യത്ത് വിവിധ മേഖലകളില്‍ സംഘര്‍ഷം തുടരുന്നുണ്ട്. ഈ വര്‍ഷം ഫെബ്രുവരി അവസാനമായിരുന്നു സിറിയയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നത്.
ഇന്നലെ സഖ്യസേനയുടെ ആക്രമണത്തില്‍ ദമസ്‌കസിനു സമീപം ദൂമ പട്ടണത്തില്‍ 13പേര്‍ കൊല്ലപ്പെട്ടിരുന്നതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചിരുന്നു. ഹുംസിലെ ബാബ് അല്‍ താരിഖിലും ബശ്ശാറിന്റെ സൈന്യം നടത്തുന്ന വ്യോമാക്രമണത്തിലും ബാരല്‍ ബോംബാക്രമണത്തിലുമായി ഏതാനും പേര്‍ കഴിഞ്ഞ ദിവസങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. പ്രക്ഷോപകരും പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുന്നതിന് ലോകരാജ്യങ്ങളുടെ സഹകരണം വേണമെന്നും മിസ്തുര വ്യക്തമാക്കി. സിറിയക്ക് പിന്തുണ നല്‍കുന്നതിനുള്ള അന്താരാഷ്ട്ര സംഘ (ഐഎസ്എസ്ജി) ത്തിന്റെ മന്ത്രിതലയോഗം ഉടന്‍ വിളിച്ചുചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
യുഎസ്, റഷ്യ, യൂറോപ്യന്‍ യൂനിയന്‍, ഇറാന്‍, തുര്‍ക്കി, അറബ് രാജ്യങ്ങള്‍ എന്നിവയാണ് ഐഎസ്എസ്ജി അംഗങ്ങള്‍. യോഗത്തിനായുള്ള തിയ്യതിയും സമയവും വേദിയും തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
Next Story

RELATED STORIES

Share it