സിറിയന്‍ അഭയാര്‍ഥികളെ തിരിച്ചയക്കല്‍; യൂറോപ്യന്‍ യൂനിയന്റെ നീക്കം നിയമവിരുദ്ധമായേക്കാം

ഏതന്‍സ്: സിറിയയില്‍ നിന്നുള്ള അഭയാര്‍ഥികളെ തുര്‍ക്കിയിലേക്ക് തിരിച്ചയക്കുന്നയൂറോപ്യന്‍ യൂനിയന്റെ(ഇയു) നീക്കം നിയമവിരുദ്ധമായേക്കാമെന്ന് യുഎന്നിലെ ഉന്നത ഉദ്യോഗസ്ഥന്‍. ഇയുവും തുര്‍ക്കിയുമായുണ്ടാക്കിയ കരാര്‍ പ്രകാരമാണ് അഭയാര്‍ഥികളെ തിരിച്ചയക്കുന്നത്. നാളെ നിലവില്‍ വരുന്ന കരാര്‍ പ്രകാരം അഭയാര്‍ഥികളെ തിരിച്ചയക്കുന്നതിനുള്ള അടിസ്ഥാന സൗകര്യം ഗ്രീസിനില്ലെന്ന് അന്താരാഷ്ട്ര കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിഗണിക്കുന്ന യുഎന്‍ പ്രതിനിധി പീറ്റര്‍ സതര്‍ലാന്റ് പറഞ്ഞു.
തങ്ങള്‍ക്ക് അഭയം നല്‍കണമെന്ന അപേക്ഷ പരിഗണിക്കാതെ കുടിയേറ്റക്കാരെ തിരിച്ചയക്കുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാവും. സിറിയന്‍ അഭയാര്‍ഥികളെ സംഘര്‍ഷം രൂക്ഷമായ മാതൃരാജ്യത്തേക്ക് തുര്‍ക്കി നിര്‍ബന്ധിച്ച് തിരിച്ചയക്കുന്നതായി ഒരു സന്നദ്ധസംഘടന വെളിപ്പെടുത്തിയിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്നു പുറത്തുവിടുന്ന അഭയാര്‍ഥികളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉറപ്പിക്കാന്‍ പറ്റില്ല. നാളെ അഭയാര്‍ഥികളെ തിരിച്ചയക്കല്‍ ആരംഭിക്കുമെങ്കിലും ഈ നടപടികള്‍ക്കായുള്ള ജീവനക്കാരുടെ കാര്യത്തില്‍ അപര്യാപ്തത തുടരുന്നതായി ഗ്രീക്ക് ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
വ്യക്തിപരമായ അവകാശം പരിഗണിക്കാതെ ആളുകളെ കൂട്ടമായി തിരിച്ചയക്കുന്ന നടപടിയാവും ഫലത്തില്‍ ഇയുവിന്റെ പുതിയ നീക്കമെന്നും പീറ്റര്‍ പറഞ്ഞു. തിരിച്ചയച്ചാല്‍ അഭയാര്‍ഥികള്‍ എത്തിപ്പെടുന്ന നാട്ടില്‍, തുര്‍ക്കിയില്‍ അവരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമോ എന്ന പ്രശ്‌നവും നിലനില്‍ക്കുന്നുണ്ട്. തുര്‍ക്കിയില്‍നിന്ന് ഇവരെ സിറിയയിലേക്ക് അയക്കാനുള്ള സാധ്യതയുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it