kozhikode local

സിറിയന്‍ അഭയാര്‍ഥികളുടെ കഥ പറഞ്ഞ് ആതില എ ഗ്രേഡും ഒന്നാംസ്ഥാനവും നേടി

കൊയിലാണ്ടി: ആറ് വയസ്സുകാരനായ ഐലാന്റെയം ബാപ്പയുടേയും ഉമ്മയുടേയും ആത്മാവുകള്‍ സമുദ്രാന്തര്‍ ഭാഗത്ത് അലയുകയാണ്. ഈ വരികളോടെയാണ് തിരുവണ്ണൂര്‍ എച്ച്എസ്എസിലെ ഒമ്പതാം ക്ലാസുകാരി എം ഡി ആതിലയുടെ തുറക്കാത്ത വാതിലുകള്‍ എന്ന കഥ അവസാനിക്കുന്നത്. ഈ ചെറുകഥയ്ക്കാണ് ഹൈസ്‌കൂള്‍ മലയാള വിഭാഗം കഥാരചനയ്ക്ക് എ ഗ്രേഡും ഒന്നാം സ്ഥാനവും ലഭിച്ചത്. സിറിയന്‍ അഭയാര്‍ഥി വിഷയമാണ് ആതിലയുടെ കഥാ പ്രമേയം. സിറിയയിലെ തുറമുഖത്തുനിന്ന് തുര്‍ക്കിയിലേക്ക് പോകുന്ന കപ്പലിലെ അഭയാര്‍ഥി കുടുംബങ്ങളിലൊന്നാണ് ഐലാന്റേത്. തുര്‍ക്കിയിലെത്തിയപ്പോള്‍ വാതിലുകള്‍ തുറക്കുന്നില്ല. കടുത്ത നിരാശയോടെ അതിലേറെ പ്രതീക്ഷയോടെ മടക്കയാത്രയില്‍ കപ്പല്‍ ചുഴിയില്‍പെട്ട് തകര്‍ന്നു. അഭയാര്‍ഥികള്‍ ഒന്നൊഴിയാതെ മരണത്തിലേക്കും. അപ്പോഴും ഐലാന്റേയും പിതാവിന്റെയും മാതാവിന്റെയും ആത്മാവുകള്‍ സമുദ്രാന്തര്‍ഭാഗത്ത് അലയുകയാണ്.
കഥാരചനയില്‍ കാണിച്ച ഭാഷാമിതത്വവും ധ്വനി സാന്ദ്രതയും വിധികര്‍ത്താക്കളുടെ പ്രശംസ നേടി. കഴിഞ്ഞ വര്‍ഷം ഒരു സ്വകാര്യ പ്രസിദ്ധീകരണം നടത്തിയ കഥാമല്‍സരത്തിലും ആതിലക്ക് ഒന്നാം സ്ഥാനമുണ്ട്. ഈ കഥാകാരിയുടെ ഇഷ്ടകഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ. പറയഞ്ചേരി എച്ച്എസ്എസിലെ മലയാളം അധ്യാപകന്‍ മുഹമ്മദ് അഷ്‌റഫിന്റെയും അതേ സ്‌കൂളിലെ ജീവനക്കാരി ദില്‍ഷാദയുടേയും മകളാണ്.
Next Story

RELATED STORIES

Share it