സിര്‍സില്ല രാജയ്യയെരണ്ടാം ദിവസവും ചോദ്യംചെയ്തു

വാറങ്കല്‍(തെലങ്കാന): മരുമകളും മൂന്നു പേരക്കുട്ടികളും ദുരൂഹ സാഹചര്യത്തില്‍ വെന്തുമരിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് മുന്‍ എംപി സിര്‍സില്ല രാജയ്യയെയും ഭാര്യയെയും മകനെയും ചോദ്യംചെയ്യുന്നതു രണ്ടാംദിവസവും തുടര്‍ന്നു. ബുധനാഴ്ച പുലര്‍ച്ചെയാണ് ഹാനംകോണ്ടയിലെ ഇരുനിലക്കെട്ടിടത്തിന്റെ ഒന്നാംനിലയില്‍ രാജയ്യയുടെ മകന്‍ അനില്‍ കുമാറിന്റെ ഭാര്യ ശാരിക, മക്കളായ അഭിനവ്, ആയാന്‍, ശ്രീയാന്‍ എന്നിവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
രാജയ്യയെയും മറ്റു രണ്ടുപേരെയും ബുധനാഴ്ച തന്നെ ചോദ്യംചെയ്യാന്‍ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവന്നിരുന്നു. സംഭവം നടന്ന സ്ഥലത്തുനിന്ന് കണ്ടെത്തിയ കത്തിക്കരിഞ്ഞ വസ്തുക്കള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചിട്ടുണ്ടെന്ന് അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ ശോഭന്‍ കുമാര്‍ പറഞ്ഞു. മൂന്നു മൃതദേഹങ്ങളും പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചതായും അദ്ദേഹം അറിയിച്ചു. സംഭവം നടക്കുമ്പോള്‍ അതേ കെട്ടിടത്തില്‍ രാജയ്യയും ഭാര്യയും മകനും ഉണ്ടായിരുന്നുവെന്നും പോലിസ് പറഞ്ഞു. ശാരികയുടെ മാതാപിതാക്കളുടെ പരാതിയില്‍ ഇവര്‍ക്കെതിരേ സ്ത്രീപീഡനത്തിനും ആത്മഹത്യാ പ്രേരണക്കുറ്റത്തിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
വാറങ്കലില്‍ പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്നു രാജയ്യ. സംഭവത്തെ തുടര്‍ന്ന് രാജയ്യക്കു പകരം സത്യനാരായണനെ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഭര്‍ത്താവിനെതിരേ വിവാഹേതരബന്ധം ആരോപിച്ച് ശാരിക രാജയ്യയുടെ വസതിക്കു മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു.
Next Story

RELATED STORIES

Share it