സിബിഎസ്ഇ സംസ്ഥാന കലോല്‍സവം കൊടിയിറങ്ങി; ആതിഥേയരായ തൃശൂരിനു കിരീടം

തൃശൂര്‍: സിബിഎസ്ഇ സംസ്ഥാന കലോല്‍സവത്തില്‍ ആതിഥേയരായ തൃശൂര്‍ കിരീടം ചൂടി. നാലു ദിവസങ്ങളിലായി തൃശൂരില്‍ നടന്ന കലോല്‍സവത്തില്‍ 1731 പോയിന്റുമായാണ് തൃശൂര്‍ കലാകിരീടം സ്വന്തമാക്കിയത്. 1453 പോയിന്റുമായി എറണാകുളം സഹോദയയാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം 1327 പോയിന്റോടെ മലബാര്‍ സഹോദയയും കരസ്ഥമാക്കി.
നാലു ദിവസമായി 144 ഇനങ്ങളിലാണ് മല്‍സരങ്ങള്‍ നടന്നത്. മല്‍സരങ്ങളുടെ ആദ്യ ദിനം മുതല്‍ വ്യക്തമായ ആധിപത്യം ആതിഥേയരായ തൃശൂര്‍ സഹോദയ പുലര്‍ത്തിയിരുന്നു. കലോല്‍സവത്തിന്റെ അവസാന ദിനമായ ഇന്നലെ വിവിധ വിഭാഗങ്ങളിലായി മൈം, മോഹിനിയാട്ടം, ഭരതനാട്യം, നടോടി നൃത്തം, ഒപ്പന, അവതരണ കഥ, മോണോ ആക്റ്റ്, ഇംഗ്ലീഷ് അവതരണ കഥ, ലളിതഗാനം, ഓട്ടന്‍തുള്ളല്‍, കുച്ചിപ്പുടി, കോല്‍ക്കളി തുടങ്ങിയ മല്‍സര ഇനങ്ങള്‍ അരങ്ങേറി.
പ്രധാന വേദിയില്‍ അരങ്ങേറിയ മൂകാഭിനയ മല്‍സരമായിരുന്നു കലോല്‍സവത്തിന്റെ അവസാന ദിനത്തിലെ മുഖ്യ ആകര്‍ഷണമായത്. മൂകാഭിനയത്തിനു പുറമെ കോല്‍ക്കളിയും ഓട്ടന്‍തുള്ളലും കാണികളെ ആകര്‍ഷിച്ചു. സ്‌കൂള്‍ അടിസ്ഥാനത്തില്‍ ക്രൈസ്റ്റ് സിഎംഐ പബ്ലിക്ക് സ്‌കൂള്‍ കാഞ്ഞങ്ങാട്( കാസര്‍കോട്), 431 പോയിന്റ് നേടി ഒന്നാമതെത്തി. 419 പോയിന്റോടെ സില്‍വര്‍ ഹില്‍സ് പബ്ലിക്ക് സ്‌കൂള്‍ കോഴിക്കാട് (മലബാര്‍ സഹോദയ) രണ്ടാമതും 361 പോയിന്റോടെ ലേക്ക് ഫോര്‍ഡ് സ്‌കൂള്‍ കാവനാട്(വേണാട് സഹോദയ) മൂന്നാം സ്ഥാനത്തുമാണ്. വൈകീട്ടു നടന്ന സമാപന സമ്മേളനത്തില്‍ സമ്മാനങ്ങള്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് വിതരണം ചെയ്തു. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്‌സ് ജനറല്‍ സെക്രട്ടറി കെ ഉണ്ണികൃഷ്ണന്‍ അധ്യക്ഷനായി.
സി എന്‍ ജയദേവന്‍ എംപി, കലക്ടര്‍ ഡോ. എ കൗശിഗന്‍, ഫാ. വാള്‍ട്ടര്‍ തേലപ്പിള്ളി, ഡോ. ഇന്ദിര രാജന്‍, സി മുഹമ്മദ് റഷീദ്, ദേവമാതാ പ്രിന്‍സിപ്പല്‍ ഫാ. ഷാജു എടമന, കലാകാരന്‍മാരായ സ്റ്റീഫന്‍ ദേവസി, മനോജ് ജോര്‍ജ് സംസാരിച്ചു.
Next Story

RELATED STORIES

Share it