സിപിഐ സ്ഥാനാര്‍ഥികളെ 19ന് പ്രഖ്യാപിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന സിപിഐ സ്ഥാനാര്‍ഥികളെ 19ന് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഈ മാസം 11, 18 തിയ്യതികളില്‍ നിര്‍വാഹകസമിതി, കൗണ്‍സില്‍ യോഗം നടക്കും. 19ന് ചേരുന്ന സംസ്ഥാന കൗണ്‍സിലിനു ശേഷമായിരിക്കും സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുക. സ്ഥാനാര്‍ഥി നിര്‍ണയത്തിനായുള്ള മാനദണ്ഡങ്ങള്‍ സംബന്ധിച്ച് സംസ്ഥാന കൗണ്‍സിലില്‍ ചര്‍ച്ച ചെയ്തു തീരുമാനിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
കേരളത്തില്‍ നിന്നും രാജ്യസഭയിലേക്ക് ഒഴിവുവരുന്ന സീറ്റിന് സിപിഐക്ക് അവകാശമുണ്ടെന്നും കാനം പറഞ്ഞു. കഴിഞ്ഞ രണ്ടു പ്രാവശ്യവും രാജ്യസഭാ സീറ്റില്‍ ഒഴിവുവന്നപ്പോള്‍ പരാജയപ്പെടുന്ന സ്ഥാനത്താണ് പാര്‍ട്ടി മല്‍സരിച്ചത്. മുമ്പ് സിപിഎം നാലു സീറ്റുകള്‍ ഒഴിഞ്ഞപ്പോള്‍ രണ്ടു സീറ്റുകള്‍ അവര്‍ നിലനിര്‍ത്തി.
സിപിഐക്ക് രണ്ടു സീറ്റുകള്‍ ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഒന്നുമില്ല. കഴിഞ്ഞപ്രാവശ്യം നടന്ന തിരഞ്ഞെടുപ്പിലും ജയിക്കുന്ന സ്ഥാനത്ത് സിപിഎമ്മാണ് മല്‍സരിച്ചത്. അതിനാല്‍ ഈ പ്രാവശ്യം രാജ്യസഭാ സീറ്റ് സിപിഎം ഒഴിഞ്ഞുനല്‍കണമെന്നും അതില്‍ വിട്ടുവീഴ്ചയില്ലെന്നും കാനം പറഞ്ഞു. ആര്‍എസ്പി മുന്നണി വിട്ടപ്പോള്‍ ഒഴിവുവന്ന സീറ്റുകള്‍ പങ്കിടുന്നതു സംബന്ധിച്ച് എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും.
കേരളാ കോണ്‍ഗ്രസ്സിലെ ജോസഫ് വിഭാഗം നേതാക്കള്‍ എല്‍ഡിഎഫിലേക്ക് വരുന്നതു സംബന്ധിച്ച ചോദ്യത്തിന് അവര്‍ യുഡിഎഫില്‍ നില്‍ക്കുന്നവരല്ലേ എന്നും തങ്ങള്‍ എന്തിനു ചര്‍ച്ച ചെയ്യണമെന്നുമായിരുന്നു കാനത്തിന്റെ പ്രതികരണം. വിഎസ് അച്യുതാനന്ദന്റെയും പിണറായി വിജയന്റെയും സ്ഥാനാര്‍ഥിത്വം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് അവരുടെ പാര്‍ട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it