സിപിഐ ഇത്തവണയും 27 സീറ്റില്‍ മല്‍സരിക്കും

തിരുവനന്തപുരം: കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച 27 സീറ്റുകളില്‍ തന്നെ ഇത്തവണയും സിപിഐ മല്‍സരിക്കും. ഒരു സീറ്റ് പോലും അധികം നല്‍കാനാവില്ലെന്ന് സിപിഐ നേതാക്കളുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയില്‍ സിപിഎം അറിയിച്ചു. കൊല്ലം ജില്ലയില്‍ ഒരു സീറ്റ് അധികമായി സിപിഐ ആവശ്യപ്പെട്ടെങ്കിലും അതു നല്‍കാനാവില്ലെന്ന് സിപിഎം നിലപാട് കര്‍ക്കശമാക്കി. നിലവില്‍ നാലു സീറ്റില്‍ സിപിഐ കൊല്ലത്തു മല്‍സരിക്കുന്നുണ്ട്്. ഒരുകാരണവശാലും അധികസീറ്റ് നല്‍കില്ലെന്ന് പിബി അംഗം പിണറായി വിജയന്‍ സിപിഐയെ അറിയിച്ചു. ഇതേത്തുടര്‍ന്ന് അവകാശവാദത്തില്‍നിന്നു സിപിഐ പിന്മാറി. ആര്‍എസ്പി യുഡിഎഫിലേക്ക് പോയതോടെ ഒഴിവുവന്ന ഇരവിപുരം തങ്ങള്‍ ഏറ്റെടുക്കുമെന്നും സിപിഎം അറിയിച്ചിട്ടുണ്ട്്. ദേശാഭിമാനി രാഷ്ട്രീയകാര്യ ലേഖകന്‍ ആര്‍ എസ് ബാബുവിനെയാണ് ഇവിടെ സിപിഎം പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്തംഗം എസ് ഫത്തഹുദ്ദീന്റെ പേരും ഇവിടെ പരിഗണനയിലുണ്ട്. എന്നാല്‍, ചവറ സീറ്റ് മറ്റേതെങ്കിലും കക്ഷിക്കു വിട്ടുനല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും സിപിഎം മല്‍സരിക്കരുതെന്നും സിപിഐ ആവശ്യമുന്നയിച്ചു. ഇതു പരിഗണിക്കാമെന്ന് സിപിഎം പറഞ്ഞു. മറ്റു ഘടകകക്ഷികള്‍ക്ക് സീറ്റ് നല്‍കിയശേഷം ഒഴിവുവരുന്നെങ്കില്‍ സിപിഐക്ക് ഒരു സീറ്റ് കൂടി നല്‍കുന്ന കാര്യം പരിഗണിക്കാമെന്നും സിപിഎം നേതാക്കള്‍ അറിയിച്ചു. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യതയും കുറവാണ്. രണ്ടു സീറ്റ് വിട്ടുനല്‍കണമെന്ന് ആദ്യം സിപിഐയോട് ആവശ്യപ്പെട്ട സിപിഎം പിന്നീട് ഒരു സീറ്റെങ്കിലും വിട്ടുതരണണമെന്നു നിലപാടു മാറ്റി. സിപിഐ ഇതു നിരാകരിച്ചതോടെ കഴിഞ്ഞ തവണ മല്‍സരിച്ച സീറ്റുകളില്‍ മല്‍സരിക്കാന്‍ അനുമതി നല്‍കുകയായിരുന്നു. അധികം ഒരു സീറ്റെങ്കിലും വേണമെന്ന സിപിഐയുടെ ആവശ്യത്തിലാണ് ചര്‍ച്ച അവസാനിച്ചതെങ്കിലും ഇക്കാര്യത്തില്‍ അവര്‍ ഇനി വാശിപിടിക്കാന്‍ ഇടയില്ല. സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമ രൂപം നല്‍കാനുള്ള സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങള്‍ ഇന്നും നാളെയുമായി നടക്കും. ജില്ലാ കൗണ്‍സിലുകളുടെ നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്ത് സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. അതേസമയം, ഇന്നു കേരളാ കോണ്‍ഗ്രസ് സ്‌കറിയ തോമസ്, ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, ജനതാദള്‍ എസ് എന്നിവരുമായി സിപിഎം ചര്‍ച്ച നടത്തും. ഉച്ചയ്ക്കുശേഷം ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തീകരിക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഐഎന്‍എല്ലിന് മൂന്ന് സീറ്റ് നല്‍കി സമവായത്തിലെത്തിയിട്ടുണ്ട്. സിഎംപി അരവിന്ദാക്ഷന്‍ വിഭാഗവും ഇന്നലെ സിപിഎം നേതൃത്വവുമായി ചര്‍ച്ച നടത്തി. ഇരവിപുരം, വടക്കാഞ്ചേരി, തൃശൂര്‍ സീറ്റുകളാണ് അവരുടെ ആവശ്യം. സിപിഐയുമായുള്ള ചര്‍ച്ചയ്ക്കുശേഷം അറിയിക്കാമെന്നു പറഞ്ഞു അവരെ മടക്കി അയക്കുകയായിരുന്നു. ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ ഇവരുടെയും ജെഎസ്എസിന്റെയും കാര്യത്തിലും ധാരണയാവും. ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗത്തിനു പൂഞ്ഞാറും തിരുവനന്തപുരവും നല്‍കും. ഇതോടെ വി സുരേന്ദ്രന്‍പിള്ളയുടെയും പി സി ജോര്‍ജിന്റെയും കാര്യം പരുങ്ങലിലാവും. ഇടതുമുന്നണി യോഗം ഇരുവര്‍ക്കും ഏറെ നിര്‍ണായകമാണ്. കുഞ്ഞുമോന്റെ ആര്‍എസ്പിക്കു കുന്നത്തൂരും കേരളാ കോണ്‍ഗ്രസ്-ബിക്ക് പത്തനാപുരവും നല്‍കും. ജനതാദള്‍ എസിന് പരമാവധി അഞ്ചു സീറ്റ് നല്‍കും. ഏഴു സീറ്റില്ലെങ്കില്‍ മല്‍സരിക്കില്ലെന്ന നിലപാടിലുള്ള പാര്‍ട്ടിയെ അനുനയിപ്പിക്കുകയാണ് ഇനി എല്‍ഡിഎഫിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ജെഡിഎസ് സംസ്ഥാന നേതൃയോഗം ഇന്നു തിരുവനന്തപുരത്തു ചേരും.
Next Story

RELATED STORIES

Share it