സിപിഎമ്മിലെ സ്ത്രീപ്രാതിനിധ്യം

കെ എ മുഹമ്മദ് ഷമീര്‍

''എന്നുവരെ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭാഗധേയം ദൈനംദിന ജീവിതത്തിലും പൊതുസേവനമേഖലയിലും രാഷ്ട്രീയജീവിതത്തിലും സ്വതന്ത്രമായി നിര്‍ണയിക്കാന്‍ കഴിയുന്നില്ലയോ അതുവരെ പൂര്‍ണമായതും സുസ്ഥിരമായതുമായ ജനാധിപത്യത്തെക്കുറിച്ച് നാം സംസാരിക്കുന്നതില്‍ പ്രയോജനമില്ല'' എന്ന് ലെനിന്‍ പറഞ്ഞത് സാമൂഹികമാറ്റമുണ്ടാക്കുന്നതിന് മനുഷ്യകുലത്തിന്റെ പകുതിവരുന്ന ഒരു വിഭാഗത്തിന്റെ പ്രാധാന്യം ഭാവി കമ്മ്യൂണിസ്റ്റ് നേതാക്കന്മാരെ ഓര്‍മിപ്പിക്കാന്‍ വേണ്ടിയായിരിക്കും.
സ്ത്രീ-പുരുഷ സമത്വത്തിനു വേണ്ടി കിട്ടാവുന്ന വേദികളിലെല്ലാം ശക്തിയുക്തം വാദിക്കുന്ന, സ്ത്രീകളുടെ വിദ്യാഭ്യാസ-സാമ്പത്തിക-സാമൂഹിക പുരോഗതിക്കു വേണ്ടികൂടി നിലകൊള്ളുന്നുവെന്ന് അവകാശപ്പെടുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ലെനിന്റെ വാക്കുകളെ ചില്ലിട്ടുവച്ചതല്ലാതെ പ്രായോഗികവല്‍ക്കരിക്കാന്‍ ശ്രമിച്ചോയെന്നതു സംശയമാണ്. സാമൂഹികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളെ ബോധപൂര്‍വം സംവരണം നല്‍കി അവര്‍ക്ക് സാമൂഹികനീതി ലഭ്യമാക്കുക എന്നത് സമത്വത്തിനും നീതിക്കും വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനങ്ങളുടെ ബാധ്യതയാണ്. ആ അര്‍ഥത്തില്‍ സോഷ്യലിസത്തിന്റെയും തുല്യതയുടെയും കാര്യത്തില്‍ അവകാശവാദത്തിലെങ്കിലും മുന്‍നിരയില്‍ നില്‍ക്കുന്ന രാജ്യത്തെ ഏറ്റവും ശക്തമായ ഇടതുപക്ഷപ്രസ്ഥാനമായ സിപിഎം തങ്ങളുടെ പ്രസംഗങ്ങളിലും ലേഖനങ്ങളിലും ആവശ്യപ്പെടുന്നതുപോലുള്ള പ്രാതിനിധ്യം സ്ത്രീകള്‍ക്ക് പാര്‍ട്ടിയില്‍ നല്‍കിയിട്ടുണ്ടോയെന്നത് പരിശോധിക്കേണ്ടതുണ്ട്. അങ്ങനെ നല്‍കിയിട്ടില്ലെങ്കില്‍ അത് പാര്‍ട്ടി മറ്റു പല വിഷയങ്ങളിലുമെന്നപോലെ വച്ചുപുലര്‍ത്തുന്ന അവസരവാദ രാഷ്ട്രീയത്തിന്റെ ഉദാഹരണമാണെന്നു പറയാന്‍ കഴിയും.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു മുമ്പും ശേഷവും നിലവില്‍ വന്ന ഭൂരിപക്ഷം ഇന്ത്യന്‍ രാഷ്ട്രീയപ്രസ്ഥാനങ്ങളും ഇന്നും പൂര്‍ണമായും സവര്‍ണ ബ്രാഹ്മണ കാഴ്ചപ്പാടുകളില്‍നിന്നും നിയന്ത്രണത്തില്‍നിന്നും മുക്തമായിട്ടില്ല. അതിന്റെ പ്രധാന കാരണം ഈ പ്രസ്ഥാനങ്ങള്‍ രൂപംകൊണ്ടപ്പോള്‍ തന്നെ അവയുടെ നേതൃത്വം ഏറ്റെടുത്തവര്‍ അധികവും രാജ്യത്ത് വിവിധ മേഖലകളില്‍ അധീശത്വം പുലര്‍ത്തിയിരുന്ന ബ്രാഹ്മണ-ക്ഷത്രിയ വിഭാഗമായതാണ്. സിപിഎം പോലും അതില്‍നിന്ന് ഏറെ മുക്തമല്ല.
പിളര്‍പ്പിനു മുമ്പ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ശേഷം സിപിഎമ്മിലും സ്ത്രീകള്‍ക്ക് പാര്‍ട്ടി നേതൃത്വത്തിലും ഉന്നത സഭകളിലും ആനുപാതിക പ്രാതിനിധ്യം നല്‍കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, നാളിതുവരെ ചര്‍ച്ചകളില്‍ ഉയര്‍ന്ന ആശങ്കകള്‍ക്ക് പരിഹാരമെന്നോണം സ്ത്രീകള്‍ക്ക് തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുന്നതിനും സംഘടനാനേതൃത്വത്തിലേക്ക് അവരെ കൊണ്ടുവരുന്നതിനും സഹസംഘടനകളില്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനും ബോധപൂര്‍വമായ ഇടപെടല്‍ പാര്‍ട്ടി നടത്തിയിട്ടില്ല.
1996 മുതല്‍ തന്നെ സിപിഎം ഇലക്ഷന്‍ മാനിഫെസ്റ്റോയില്‍ സ്ത്രീസംവരണം ഒരു പ്രധാന ആവശ്യമായി ഉയര്‍ത്തിക്കാട്ടിയിരുന്നു. ആദ്യമായി സ്ത്രീസംവരണ ബില്ല് ലോക്‌സഭ മേശപ്പുറത്തുവച്ചപ്പോഴും സിപിഎം ഉള്‍പ്പെടെയുള്ള ഇടതുപാര്‍ട്ടികള്‍ ശക്തമായി പിന്തുണച്ചുപോന്നിട്ടുമുണ്ട്. എന്നാല്‍, അതേയവസരം തങ്ങളുടെ പാര്‍ട്ടിഘടനയില്‍ സ്ത്രീകളെ ആനുപാതികമായി ഉള്‍പ്പെടുത്താന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിലനില്‍ക്കുന്ന വ്യവസ്ഥ അനുവദിച്ചിട്ടില്ലെന്നുവേണം കരുതാന്‍. പാര്‍ട്ടിയുടെ ഉന്നത നയരൂപീകരണസമിതികള്‍ മുതല്‍ പരിശോധിക്കുമ്പോള്‍ ഇതു മനസ്സിലാവും. 2015 ഏപ്രില്‍ 14-19 വരെ വിശാഖപട്ടണത്തു നടന്ന 21ാം പാര്‍ട്ടി കോണ്‍ഗ്രസ്സില്‍ തിരഞ്ഞെടുക്കപ്പെട്ട 16 പോളിറ്റ്ബ്യൂറോ അംഗങ്ങളില്‍ രണ്ടുപേര്‍ മാത്രമാണ് സ്ത്രീകള്‍ (അതായത് 12.5 ശതമാനം). തൊട്ടു താഴെയുള്ള അഞ്ചു സ്ഥിരം ക്ഷണിതാക്കളും അഞ്ചു പ്രത്യേക ക്ഷണിതാക്കളും ഉള്‍പ്പെടെ 101 അംഗ കേന്ദ്രകമ്മിറ്റിയില്‍ 15 പേര്‍ (14.8 ശതമാനം) മാത്രമാണ് സ്ത്രീകള്‍. സിപിഎം ഏറ്റവും ശക്തമായ കേരളത്തില്‍ പാര്‍ട്ടിയുടെ പ്രധാന തീരുമാനങ്ങള്‍ എടുക്കുന്ന 15 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ സ്ത്രീയായിട്ട് ശ്രീമതി ടീച്ചര്‍ മാത്രമാണുള്ളത് (അതായത് 6.6 ശതമാനം). 87 അംഗ സംസ്ഥാനസമിതിയില്‍ ഒമ്പതുപേര്‍ മാത്രമാണുള്ളത് (10 ശതമാനം). പശ്ചിമബംഗാളില്‍ 11 പ്രത്യേക ക്ഷണിതാക്കള്‍ ഉള്‍പ്പെടെയുള്ള 96 അംഗ സംസ്ഥാന സമിതിയില്‍ ഏഴു സ്ത്രീകള്‍ (7.2 ശതമാനം). പ്രാദേശികതലത്തില്‍ പാര്‍ട്ടിയെ നയിക്കുന്നതിനു തിരഞ്ഞെടുക്കപ്പെടുന്ന പാര്‍ട്ടി എംഎല്‍എമാരേക്കാള്‍ പ്രാധാന്യം കല്‍പിക്കപ്പെടുന്ന ഏരിയാ സെക്രട്ടറിമാരില്‍ ഒരാള്‍പോലും സ്ത്രീയില്ല.
ഇനി സ്ത്രീ-പുരുഷ സമത്വത്തിന്റെ കാര്യത്തില്‍ മാതൃസംഘടനയേക്കാള്‍ വാശിക്കാരായ യുവസഖാക്കളുടെ പ്രസ്ഥാനമായ ഡിവൈഎഫ്‌ഐയുടെ 80 അംഗ സംസ്ഥാന കമ്മിറ്റിയില്‍ ഇപ്പോള്‍ 13 പേര്‍ മാത്രമാണ് വനിതകള്‍ (16.2 ശതമാനം). പ്രസ്ഥാനത്തിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ തീരുമാനിക്കുന്ന 25 അംഗ സംസ്ഥാന സെക്രട്ടേറിയറ്റില്‍ മൂന്ന് സ്ത്രീകളുണ്ട് (12 ശതമാനം). പുരോഗമന മുഖംമൂടി വച്ച് രംഗത്തുവരുന്ന യുവസഖാക്കളുടെ സംഘടന സ്ത്രീകള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കാന്‍തക്ക വളര്‍ച്ച നേടിയിട്ടില്ല എന്നു സാരം.
1982 സിപിഎം വിജയവാഡ കോണ്‍ഗ്രസ് രേഖ വിലയിരുത്തുന്നത് പാര്‍ട്ടിയുടെ സമരങ്ങളിലും മാസ് അംഗത്വത്തിലും സ്ത്രീകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്നാണ്. പാര്‍ട്ടിയുടെ ഉന്നത കമ്മിറ്റികളിലും നേതൃത്വത്തിലും സ്ത്രീപ്രാതിനിധ്യം തുലോം തുച്ഛമാണ്. പാര്‍ട്ടി മെംബര്‍മാരില്‍ 1,04,000 പുരുഷന്മാരുള്ളപ്പോള്‍ 2,700 പേര്‍ മാത്രമാണ് സ്ത്രീകള്‍.
1982ലെ പാര്‍ട്ടിയുടെ ഈ തിരിച്ചറിവിനുശേഷവും 26 വര്‍ഷങ്ങള്‍ക്കിപ്പുറം 2008ലെ 19ാം പാര്‍ട്ടികോണ്‍ഗ്രസ്സിലും പിന്നീട്, 20, 21 കോണ്‍ഗ്രസ്സുകളിലും സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കേണ്ടതും അവരെ സംഘടനാനേതൃത്വത്തിലേക്ക് പ്രമോട്ട് ചെയ്യേണ്ടതും അത്യാവശ്യമാണെന്ന് ആവര്‍ത്തിച്ചിട്ടും സ്ത്രീകള്‍ കുറയുന്നു. പാര്‍ട്ടിയില്‍ ആവശ്യത്തിനു സ്ത്രീപ്രാതിനിധ്യം ഉറപ്പുവരുത്താനുള്ള ബോധപൂര്‍വമായ നടപടികളൊന്നും എടുത്തിട്ടില്ല എന്നുമാത്രമല്ല, പാര്‍ട്ടിയുടെ മുകള്‍ത്തട്ടിലുണ്ടായ സ്ത്രീവിമോചനചിന്തകളെ അണികളിലേക്ക് പകര്‍ന്നുനല്‍കാന്‍പോലും നേതൃത്വത്തിനു കഴിഞ്ഞിട്ടില്ല.
തിരഞ്ഞെടുപ്പുകളില്‍ മല്‍സരിക്കുന്ന സ്ത്രീകളുടെ കാര്യത്തിലും പലപ്പോഴും ബൂര്‍ഷ്വാ പാര്‍ട്ടികള്‍ എന്നവര്‍ ആരോപിക്കുന്ന കക്ഷികളെക്കാള്‍ താഴെയാണ് സിപിഎം. 1967 മുതലുള്ള ലോക്‌സഭകളില്‍ സ്ത്രീകള്‍ക്ക് സിപിഎം നല്‍കിയ ശരാശരി പ്രാതിനിധ്യം ഏഴു ശതമാനം മാത്രമാണ്. 1971ല്‍ ലോക്‌സഭയില്‍ ഒരു സ്ത്രീയെപ്പോലും എത്തിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.
കേരള നിയമസഭയിലെ 1965 മുതല്‍ 2011 വരെയുള്ള ശരാശരി സ്ത്രീപ്രാതിനിധ്യം 5.8 ശതമാനം മാത്രമാണ്. 1996ല്‍ സിപിഎമ്മിന്റെ 40 പേര്‍ ജയിച്ചപ്പോള്‍പ്പോലും അഞ്ചുപേര്‍ മാത്രമായിരുന്നു സ്ത്രീകള്‍ (12.5 ശതമാനം). സ്വാഭാവികമായ വളര്‍ച്ച വന്നതല്ലാതെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ഥ്യമാക്കാനുള്ള ശ്രമംപോലും ഉണ്ടായിട്ടില്ല.
ഇന്ത്യയിലും സ്ത്രീകള്‍ സാമൂഹികമായി പുരോഗതിയുടെ പാതയിലാണ്. ഇന്ത്യയുടെ തിരഞ്ഞെടുപ്പു സംവിധാനത്തില്‍ സ്ത്രീസാന്നിധ്യം പല പടിഞ്ഞാറന്‍ രാജ്യങ്ങളെക്കാളും മുമ്പിലാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ പഠനപ്രകാരം ഇന്ത്യയുടെ രാഷ്ട്രീയ ഇടപെടലുകളില്‍ സ്ത്രീകളുടെ പങ്കാളിത്തം ഡെന്‍മാര്‍ക്ക്, സ്വിറ്റ്‌സര്‍ലന്‍ഡ്, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ പോലുള്ള രാജ്യങ്ങളെ കവച്ചുവയ്ക്കും. 1960ല്‍ ഇന്ത്യയില്‍ 1,000 പുരുഷവോട്ടര്‍മാര്‍ക്ക് 715 സ്ത്രീവോട്ടര്‍മാരുണ്ടായിരുന്നു. 2000 ആയപ്പോള്‍ അത് 883 ആയി ഉയര്‍ന്നു. ലോക്‌സഭ, നിയമസഭ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ വോട്ട് ചെയ്യുന്ന വനിതകളുടെ എണ്ണം പല സ്ഥലങ്ങളിലും പുരുഷന്മാര്‍ക്ക് സമമോ അവരെക്കാള്‍ കൂടുതലോ ആണ്. രാഷ്ട്രീയമേഖലകളില്‍ അവരുടെ ഇടപെടലുകളുടെ വര്‍ധന സൂചിപ്പിക്കുന്നത് സ്ത്രീകള്‍ വര്‍ധിച്ചതോതില്‍ പ്രബുദ്ധത കൈവരിക്കുന്നുവെന്നാണ്. എന്നാല്‍, സ്ത്രീസമൂഹത്തിന്റെ വളര്‍ച്ചയ്ക്കനുസൃതമായ പരിഗണന ശക്തമായ പുരുഷമേധാവിത്വമുള്ള പാര്‍ട്ടികള്‍ നല്‍കുന്നില്ല. സ്ത്രീകളുടെ പാര്‍ലമെന്റ് പ്രാതിനിധ്യത്തില്‍ ലോകശരാശരി 21.8 ശതമാനവും ഏഷ്യന്‍ ശരാശരി 18.4 ശതമാനവും ആയിരിക്കെ ഇന്ത്യയില്‍ 11.23 ശതമാനം മാത്രമാണ്.
സാമൂഹിക പുരോഗതിയില്‍ സ്ത്രീകളുടെ പങ്കിനെപ്പറ്റി രാഷ്ട്രീയപ്രസ്ഥാനങ്ങളും സാമൂഹികസംഘടനകളും വാചാലരാവുമ്പോഴും അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കുന്നതില്‍ വിമുഖരാണ്. ഇതൊന്നും സിപിഎമ്മിനും മറ്റ് ഇടതുപാര്‍ട്ടികള്‍ക്കും അറിയാഞ്ഞിട്ടല്ല, പക്ഷേ, പരിഹാരങ്ങള്‍ ഉണ്ടാവണമെങ്കില്‍ ആത്മാര്‍ഥമായി പ്രശ്‌നങ്ങളെ സമീപിക്കാന്‍ കഴിയണം. അതിന് ഇനി എത്ര പാര്‍ട്ടികോണ്‍ഗ്രസ്സുകള്‍ കൂടി കഴിയണമെന്നു കാത്തിരുന്നുതന്നെ കാണണം.
Next Story

RELATED STORIES

Share it