സിപിഎമ്മിനു പിന്നാലെ ടൂറിസം സൊസൈറ്റിയുമായി കോണ്‍ഗ്രസ്സും

കണ്ണൂര്‍: വിസ്മയ പാര്‍ക്കടക്കം സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റിക്ക് പിന്നാലെ കണ്ണൂരില്‍ കോണ്‍ഗ്രസ്സും ടൂറിസം മേഖലയിലേക്ക് കടന്നുവരുന്നു. കണ്ണൂര്‍ വിമാനത്താവളം ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പശ്ചാത്തലത്തിലാണ് മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ട്രാവല്‍ ആന്റ് ടൂറിസം കോ-ഓപറേറ്റീവ് സൊസൈറ്റി ലിമിറ്റഡുമായി കോണ്‍ഗ്രസ് രംഗത്തെത്തുന്നത്.
ഡിസിസി സെക്രട്ടറിയും മാധവറാവു സിന്ധ്യ ട്രസ്റ്റ്, മാധവറാവു സിന്ധ്യ ഹോസ്പിറ്റല്‍, കണ്ണൂര്‍ സഹകരണ അര്‍ബന്‍ ബാങ്ക് എന്നിവയുടെ ചെയര്‍മാനും കിംസ്റ്റ് മാനേജിങ് ഡയറക്ടറുമായ കെ പ്രമോദാണ് സൊസൈറ്റിയുടെ ചെയര്‍മാന്‍. ജില്ലയിലെ ടൂറിസം മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ട്രാവല്‍ ആന്റ് ടൂറിസം കോ-ഓപറേറ്റീവ് ലിമിറ്റഡ് പ്രവര്‍ത്തന രൂപരേഖ തയ്യാറാക്കി.
തീര്‍ത്ഥാടന കേന്ദ്രങ്ങളെയും മറ്റു സ്ഥലങ്ങളെയും ബന്ധപ്പെടുത്തിയുള്ള ടൂര്‍ പാക്കേജുകള്‍, കാറ്ററിങ് ആന്റ് ഇന്‍ഡസ്ട്രിയല്‍ കാറ്ററിങ്, ഫുഡ് പ്രൊസസിങ് യൂനിറ്റുകള്‍, മിനറല്‍ വാട്ടര്‍ പ്ലാന്റുകള്‍, എയര്‍പോര്‍ട്ടില്‍ സൂപ്പര്‍മാര്‍ക്കറ്റ്, പ്രമുഖ ടൂര്‍ ഓപറേറ്റര്‍മാരുടെ ഫ്രാഞ്ചൈസികള്‍, ബസ്, വിമാന, കപ്പല്‍, ട്രെയിന്‍ ടിക്കറ്റുകള്‍ ലഭ്യമാക്കുക, സീ പ്ലെയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക, ഹെലികോപ്റ്ററുകള്‍ ലീസിനെടുത്ത് വിനോദസഞ്ചാര കേന്ദ്രങ്ങളുമായി ബന്ധിച്ച് സര്‍വീസുകള്‍ നടത്തുക, കോള്‍ടാക്‌സി സംവിധാനം, വിനോദ സഞ്ചാരത്തിനാവശ്യമായ വിദഗ്ധരെ വാര്‍ത്തെടുക്കാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കേരളത്തിനകത്തും പുറത്തുമുള്ള പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളെയും വിനോദ സഞ്ചാര കേന്ദ്രങ്ങളെയും ബന്ധപ്പെടുത്തി ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററുകളും സൈബര്‍ കഫേകളും സഞ്ചരിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോര്‍, സഞ്ചരിക്കുന്ന ഭക്ഷണശാല, അമ്യൂസ്‌മെന്റ് പാര്‍ക്ക് തുടങ്ങി നിരവധി പദ്ധതികളാണ് പുതിയ സൊസൈറ്റി ആസൂത്രണം ചെയ്യുന്നത്. സാധാരണക്കാര്‍ക്ക് ഉപകാരപ്രദമാവുന്ന രീതിയില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍, നീതി മെഡിലാബ് എന്നിവയും താമസിയാതെ സൊസൈറ്റിയുടെ കീഴിലാരംഭിക്കും. സഹകരണമേഖലയില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനും പദ്ധതിയുണ്ട്.
കണ്ണൂര്‍ എസ്എന്‍ പാര്‍ക്ക് റോഡില്‍ കവിത തിയേറ്ററിന് മുന്‍വശത്തെ കണ്ണൂര്‍ മാളിലാണ് സൊസൈറ്റിയുടെ ഓഫിസ് പ്രവര്‍ത്തിക്കുക. ഇതേ കെട്ടിടത്തില്‍തന്നെ ഹൈപ്പര്‍മാര്‍ക്കറ്റ് തുടങ്ങാനാണു പദ്ധതി. കോണ്‍ഗ്രസ് നേതാക്കളും അനുഭാവികളുമായ ആളുകളില്‍നിന്ന് ഓഹരി പിരിച്ചാണ് സൊസൈറ്റി രൂപീകരിച്ചിട്ടുള്ളത്. ഈ മാസം 29ന് മന്ത്രി കെ സി ജോസഫാണ് സൊസൈറ്റി ഉദ്ഘാടനം ചെയ്യുന്നത്.
Next Story

RELATED STORIES

Share it