Alappuzha local

സിപിഎം- സിപിഐ പോര്

ആലപ്പുഴ/അമ്പലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനമാനങ്ങള്‍ വീതംവയ്ക്കുന്നതിനെച്ചൊല്ലി ജില്ലയില്‍ സിപിഎമ്മും സിപിഐയും പോര്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം ഉള്‍പ്പെടെയുള്ള വിഷയങ്ങളാണ് തര്‍ക്കത്തിന്റെ കാരണം. ഇടതുമുന്നണിക്ക് ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ രണ്ട് സ്റ്റാന്റിങ്് കമ്മിറ്റികള്‍ നഷ്ടപ്പെട്ടതില്‍ സിപിഎമ്മിനെതിരേ സിപിഐ ഇടതുമുന്നണി ജില്ലാ നേതൃത്വത്തിന് പരാതി നല്‍കി. ഇന്നലെ നടന്ന ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ നിന്ന് സിപിഐ വിട്ടുനിന്നത് സിപിഎമ്മിനോട്് പ്രതിഷേധിച്ചുകൊണ്ടായിരുന്നു. കഴിഞ്ഞതവണയും ഇക്കുറിയും ജില്ലാ പഞ്ചായത്തില്‍ സിപിഐക്ക് രണ്ടു അംഗങ്ങളെയാണ് ലഭിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷവും സിപിഐക്കായിരുന്നു വൈസ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ ഇക്കുറി തനിച്ച് ഭൂരിപക്ഷം ലഭിച്ച സിപിഎം അവസാന ഒരു വര്‍ഷമാണ് സിപിഐക്ക് വച്ചുനീട്ടിയത്. ഇതംഗീകരിക്കാന്‍ പാര്‍ട്ടി തയ്യാറായില്ല. ജില്ലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇരു പാര്‍ട്ടികളുടെയും സംസ്ഥാന നേതൃത്വങ്ങള്‍ വരെ ഈ തര്‍ക്കത്തില്‍ ഇടപെട്ടിരുന്നു. ഇക്കുറി ജില്ലാ പഞ്ചായത്തില്‍ സിപിഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കേണ്ടെന്നത് സിപിഎമ്മിലെ പൊതു അഭിപ്രായമായിരുന്നു. അമ്പലപ്പുഴ വടക്ക് ഗ്രാമപ്പഞ്ചായത്തിലാണ് ഓരോ സ്റ്റാന്റിങ്് കമ്മിറ്റി എസ്ഡിപിഐക്കും ബിജെപിക്കും ലഭിച്ചത്. ആകെയുള്ള 18 സീറ്റില്‍ എട്ട് സീറ്റാണ് എല്‍ഡിഎഫിനുള്ളത്. ഇതില്‍ ഒരംഗം സിപിഐയുടേതാണ്. മുന്നണി ധാരണയനുസരിച്ച് ഒരംഗം മാത്രമുള്ള സിപിഐക്ക് വൈസ് പ്രസിഡന്റ് സ്ഥാനം നല്‍കാന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും ചില സിപിഎം നേതാക്കള്‍ ഇടപെട്ട് ഇത് അവസാനം അട്ടിമറിച്ചു. ഇവിടെ പ്രസിഡന്റും വൈസ് പ്രസിഡന്റും സിപിഎമ്മിന് തന്നെ ലഭിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ സ്ഥാനം സിപിഐക്ക് നല്‍കാമെന്ന്  പറഞ്ഞെങ്കിലും അവസാന നിമിഷം ക്ഷേമകാര്യ സ്റ്റാന്റിങ്് കമ്മിറ്റിയിലെ ഒരംഗത്തെ ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്് കമ്മിറ്റിയിലേക്ക് മാറ്റി. ഇതോടെ ക്ഷേമകാര്യ സ്റ്റാന്റിങ്് കമ്മിറ്റി അധ്യക്ഷനെ കണ്ടെത്താന്‍ നറുക്കെടുപ്പ് വേണ്ടിവന്നു. നറുക്കെടുത്തപ്പോള്‍ അധ്യക്ഷത സ്ഥാനം ബിജെപിക്ക് ലഭിച്ചു. സിപിഎം വിചാരിച്ചിരുന്നെങ്കില്‍ നറുക്കെടുക്കുന്ന അവസ്ഥ ഒഴിവാക്കാമായിരുന്നു എന്നാണ് സിപിഐ പറയുന്നത്.
Next Story

RELATED STORIES

Share it