സിപിഎം- സിപിഐ ചര്‍ച്ച വീണ്ടും പരാജയം

സിപിഎം- സിപിഐ ചര്‍ച്ച വീണ്ടും പരാജയം
X
CPM-CPI

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് സിപിഎം-സിപിഐ മൂന്നാംഘട്ട ഉഭയകക്ഷി ചര്‍ച്ചയും പരാജയപ്പെട്ടു.
കഴിഞ്ഞ തവണ 27 സീറ്റില്‍ ജനവിധി തേടിയ സിപിഐ ഇത്തവണ 29 സീറ്റാണ് ആവശ്യപ്പെട്ടത്. നേരത്തേ ആര്‍എസ്പി മല്‍സരിച്ച നാലു സീറ്റുകളില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്നാണ് സിപിഐയുടെ വാദം. എന്നാല്‍, നിലവിലുള്ള സീറ്റ്‌പോലും നല്‍കാനാവാത്ത സ്ഥിതിയാണെന്നും പുതിയ കക്ഷികള്‍ വന്ന സാഹചര്യത്തില്‍ അധികമായി സീറ്റില്ലെന്നുമാണ് സിപിഎം നിലപാട്.
പുതിയ പാര്‍ട്ടികള്‍ക്കുള്ള സീറ്റ് കൂടുതല്‍ സീറ്റുകളില്‍ മല്‍സരിക്കുന്ന കക്ഷി നല്‍കണമെന്ന് സിപിഐ തിരിച്ചടിച്ചു. ഇതോടെ ചര്‍ച്ച തീരുമാനമാവാതെ പിരിയുകയായിരുന്നു. പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ലെന്നും ഇന്ന് വൈകീട്ട് മൂന്നിന് വീണ്ടും ചര്‍ച്ച തുടരുമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അറിയിച്ചു.
ജനാധിപത്യ കേരള കോണ്‍ഗ്രസ്സുമായി സിപിഎം നടത്തിയ ചര്‍ച്ചയിലും സീറ്റിന്റെ കാര്യത്തില്‍ ധാരണയിലെത്തിയില്ല. മാണി ഗ്രൂപ്പില്‍നിന്ന് വിട്ടുവന്ന ഫ്രാന്‍സിസ് ജോര്‍ജ് ഏഴു സീറ്റുകളാണ് ആവശ്യപ്പെട്ടത്. ഇവര്‍ക്ക് നാലു സീറ്റ് നല്‍കിയേക്കും. എന്നാല്‍, ഇതിന് മറ്റു കക്ഷികളുമായുള്ള ചര്‍ച്ച തീരുന്നതുവരെ കാത്തിരിക്കണമെന്നാണ് സിപിഎം നേതൃത്വത്തിന്റെ നിര്‍ദേശം.
പറയാനുള്ള കാര്യങ്ങള്‍ പറഞ്ഞതായും എല്ലാ കക്ഷികളുമായും ചര്‍ച്ച ചെയ്തശേഷം വീണ്ടും ചര്‍ച്ച നടത്തുമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു. നാളത്തെ ഇടതുമുന്നണി യോഗത്തിനു മുമ്പ് സീറ്റുകളുടെ കാര്യത്തില്‍ ധാരണയിലെത്താനാണ് സിപിഎമ്മിന്റെ ശ്രമം.
Next Story

RELATED STORIES

Share it