Alappuzha local

സിപിഎം വിഭാഗീയത മറന്നു; ആലപ്പുഴയില്‍ ഇടത് ആധിപത്യം; ഹരിപ്പാട് മാത്രം യുഡിഎഫിന്

ആലപ്പുഴ: എല്ലാത്തരം വിഭാഗീയതയും മറന്ന് സിപിഎം പ്രവര്‍ത്തകര്‍ കൈകോര്‍ത്തപ്പോള്‍ ആലപ്പുഴയില്‍ ഇടത് ആധിപത്യം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് ഹരിപ്പാട് സീറ്റുമാത്രം വിട്ടുകൊടുത്ത് ജില്ലയിലെ ഒമ്പത് സീറ്റുകളില്‍ എട്ടും ഇടതുമുന്നണി നേടി. യൂത്ത് കോണ്‍ഗ്രസ് നേതാവ് പി സി വിഷ്ണുനാഥിന്റെ സിറ്റിങ് സീറ്റായ ചെങ്ങന്നൂര്‍ പിടിച്ചെടുത്തടോടെയാണ് കഴിഞ്ഞ തവണത്തെ ഏഴു സീറ്റില്‍ നിന്ന് എട്ടിലേക്ക് ഇടതുമുന്നണി കടന്നത്.
കഴിഞ്ഞ തവണ 12,500 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ച വിഷ്ണുനാഥ് സിപിഎമ്മിലെ കെ കെ രാമചന്ദ്രന്‍ നായരോട് 7,983 വോട്ടുകള്‍ക്കാണ് അടിയറവ് പറഞ്ഞത്. ഇവിടെ മല്‍സരിച്ച ബിജെപി നേതാവ് പി എസ് ശ്രീധരന്‍പിള്ള 42,682 വോട്ടുകള്‍ നേടി മൂന്നാമതെത്തി. ജില്ലയില്‍ ജയിച്ച എട്ടു സീറ്റുകളില്‍ ആറു സീറ്റുകളും സിപിഎമ്മിനാണ്. സിപിഐക്കും എന്‍സിപിക്കും ഓരോ സീറ്റുകളും ലഭിച്ചു. സിപിഎം പോലും വലിയ അവകാശവാദമുന്നയിക്കാതിരുന്ന കായംകുളത്ത് 11,857 വോട്ടിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. എം ലിജുവിനെ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാഹരി പരാജയപ്പെടുത്തിയത് യുഡിഎഫിന് അപ്രതീക്ഷിത പ്രഹരമായി.
സിറ്റിങ് എംഎല്‍എ ആയിരുന്ന സി കെ സദാശിവന്‍ വിഭാഗീയതയുടെ ഭാഗമായി ഈ സീറ്റ് നഷ്ടപ്പെടുകയായിരുന്നു. കഴിഞ്ഞ തവണ സദാശിവന്‍ 1,315 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇവിടെ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. വിഎസ്-ജി സുധാകരന്‍ കൊമ്പുകോര്‍ക്കലുകളിലുടെയും ഒളിഞ്ഞുനോട്ട വിവാദത്തിലൂടെയും ശ്രദ്ധാ കേന്ദ്രമായ അമ്പലപ്പുഴ മണ്ഡലത്തില്‍ സുധാകരന്‍ 22,621 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനതാദളിലെ യുവനേതാവ് ഷേക്ക് പി ഹാരിസിനെ പരാജയപ്പെടുത്തിയത്.
കഴിഞ്ഞ തവണ 16,342 ആയിരുന്നു സുധാകരന്റെ ഭൂരിപക്ഷം. ആരൂരില്‍ എ എം ആരിഫ് ഭൂരിപക്ഷം ഇരട്ടിപ്പിച്ചു. 16,852 നിന്ന് 38,519 വോട്ടായാണ് ആരിഫ് ഭൂരിപക്ഷം വര്‍ധിപ്പിച്ചത്. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സി ആര്‍ ജയപ്രകാശാണ് ഇവിയെ തോ ല്‍വി രുചിച്ചത്. ചേര്‍ത്തലയില്‍ 18,315ല്‍നിന്ന് 7,196 ആയി തിലോത്തമന്റെ ഭൂരിപക്ഷം കുറഞ്ഞു. എന്‍എസ്‌യു ദേശീയ നേതാവ് എസ് ശരത് ശക്തമായ മല്‍സരമാണ് ഇവിടെ കാഴ്ചവച്ചത്. കുട്ടനാട്ടിലും ഇടതുമുന്നണിക്കു ഭൂരിപക്ഷം കുറഞ്ഞു. എന്‍സിപി നേതാവ് തോമസ് ചാണ്ടിയുടെ ഭൂരിപക്ഷം 7,971ല്‍ നിന്ന് 4,891 ആയി കുറഞ്ഞു. മാണി കേരളാ കോണ്‍ഗ്രസ്സിലെ അഡ്വ. ജേക്കബ് എബ്രഹാമിനെയാണ് തോമസ് ചാണ്ടി പരാജയപ്പെടുത്തിയത്.
ഇടതു തരംഗത്തിലും ഹരിപ്പാട്ട് രമേശ് ചെന്നിത്തല തന്റെ ഭൂരിപക്ഷം മൂന്നിരട്ടിയിലധികം വര്‍ധിപ്പിച്ചു. 5,520ല്‍ നിന്നും 18,621 ആയാണ് അദ്ദേഹം ഭൂരിപക്ഷം വര്‍ധിപ്പിച്ചത്. സിപിഐയിലെ പി പ്രസാദാണ് ചെന്നിത്തലയോട് പരാജയപ്പെട്ടത്. ആലപ്പുഴയില്‍ ഡോ. തോമസ് ഐസക് തന്റെ ഭൂരിപക്ഷം16,342ല്‍ നിന്ന് 31,032 വോട്ടായി വര്‍ധിപ്പിച്ചു.
കെപിസിസി വൈസ് പ്രസിഡന്റ് ലാലി വിന്‍സെന്റാണ് തോമസ് ഐസക്കിനോട് പരാജയപ്പെട്ടത്.
മാവേലിക്കരിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ആര്‍ രാജേഷ് തന്റെ ഭൂരിപക്ഷം ആറിരട്ടിയാണ് വര്‍ധിപ്പിച്ചത്. 5,149ല്‍ നിന്ന് 31,542 ആയിയാണ് ഭൂരിപക്ഷത്തിന്റെ വര്‍ധന. യുഡിഎഫ് സ്ഥാനാര്‍ഥി ബൈജു കലാശാലയാണ് രാജേഷിനോട് പരാജയപ്പെട്ടത്.
Next Story

RELATED STORIES

Share it