സിപിഎം ബിഡിജെഎസ് ധാരണയെന്ന് ചെന്നിത്തല

തിരുവനന്തപുരം/പാലക്കാട്: ഈ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പരാജയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ സിപിഎമ്മും ബിജെപിയും സംയുക്തമായി രഹസ്യനീക്കം നടത്തുകയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചെന്നിത്തലയുടെ ആരോപണം.
ആലപ്പുഴ ജില്ലയിലാണ് ഇവരുടെ അവിശുദ്ധ രഹസ്യബാന്ധവം ഇപ്പോള്‍ മറനീക്കി പുറത്തുവന്നിരിക്കുന്നത്. ബിജെപി സഖ്യകക്ഷിയായ ബിഡിജെഎസുമായി അവിശുദ്ധ ബന്ധത്തിലേര്‍പ്പെട്ട് ബിജെപി വോട്ടുകളെ തങ്ങളുടെ പെട്ടിയിലെത്തിക്കാന്‍ സിപിഎം ശ്രമിക്കുകയാണ്. ആലപ്പുഴ മോഡല്‍ പരീക്ഷണം സംസ്ഥാനമൊട്ടും വ്യാപിപ്പിക്കാനാണ് രണ്ടു പാര്‍ട്ടികളുടെയും ശ്രമം. തങ്ങളുടെ രഹസ്യഅജണ്ട നടപ്പാക്കാനുള്ള ഒരു പാലമായിട്ടാണ് ബിഡിജെഎസിനെ ഇരു പാര്‍ട്ടികളും ഉപയോഗിക്കുന്നത്.
സിപിഎമ്മിനും ബിജെപിക്കും ഈ ബാന്ധവം പുതിയതല്ല. 77ല്‍ മൊറാര്‍ജി ദേശായിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സിപിഎം അഖിലേന്ത്യ നേതൃത്വവും, ബിജെപിയുടെ ആദിമരൂപമായ ജനസംഘവും ഒരുമിച്ചാണ് പ്രവര്‍ത്തിച്ചത്. 1989ല്‍ വിപി സിങ് സര്‍ക്കാരിനെ കേന്ദ്രത്തില്‍ അവരോധിക്കാന്‍ സിപിഎമ്മും ബിജെപിയും ഒരുമിച്ചു നിന്നു. അന്ന് സിപിഎം അഖിലേന്ത്യ സെക്രട്ടറിയായിരുന്ന ഇഎംഎസും എല്‍ കെ അദ്വാനിയും പലപ്പോഴും ഒരുമിച്ചിരുന്നാണ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കിയത്. ഈ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുള്ള മുന്‍തൂക്കം എങ്ങനെയും ഇല്ലാതാക്കുക എന്ന ഉദ്ദേശത്തോടെയാണ് ആലപ്പുഴ മോഡല്‍ പരീക്ഷണത്തിന് ഇരു പാര്‍ട്ടികളും ഉദ്യമിക്കുന്നത്. എന്നാല്‍, ജനം ഇതു തിരിച്ചറിഞ്ഞ് അക്രമ രാഷ്ട്രീയത്തിന്റെയും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കളെ നിഷ്‌കരുണം പരാജയപ്പെടുത്തുമെന്ന് തനിക്ക് വിശ്വാസമുണ്ടെന്നും രമേശ് ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
അതെസമയം യുഡിഎഫ് മന്ത്രിമാര്‍ക്കെതിരേ 126 കേസുകള്‍ നിലവിലുണ്ടെന്ന വിഎസ് അച്യുതാനന്ദന്റെ പ്രസ്താവന രണ്ടു ദിവസത്തിനകം തിരുത്തിയില്ലെങ്കില്‍ അദ്ദേഹത്തിനെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് പാലക്കാട് പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കവേ ചെന്നിത്തല അറിയിച്ചു. മുഖ്യമന്ത്രിക്കെതിരേ ആരോപണമുന്നയിച്ചതിനു മുഖ്യമന്ത്രി പരാതി നല്‍കുമെന്നറിയിച്ചിട്ടുണ്ട്. ഇതു കൂടാതെയായിരിക്കും തനിക്കെതിരായ ആരോപണങ്ങള്‍ക്കെതിരേ പരാതി നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it