സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച കേസ്: ദലിത് സഹോദരിമാര്‍ക്കു ജാമ്യം

തലശ്ശേരി: കുട്ടിമാക്കൂലിലെ സിപിഎം ഓഫിസില്‍ കയറി പ്രവര്‍ത്തകനെ ആക്രമിച്ചെന്ന കേസില്‍ തലശ്ശേരി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച രണ്ടു ദലിത് യുവതികള്‍ക്കു ജാമ്യം. ദലിത് കോണ്‍ഗ്രസ് തലശ്ശേരി ബ്ലോക്ക് സെക്രട്ടറി കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ കുനിയില്‍ വീട്ടില്‍ എന്‍ അഖില (30), സഹോദരി അഞ്ജന (27) എന്നിവര്‍ക്കാണു തലശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതല വഹിക്കുന്ന കണ്ണൂര്‍ ജെഎഫ്‌സിഎം (രണ്ട്) മജിസ്‌ട്രേറ്റ് ഇ രഞ്ജിത്ത് ജാമ്യം അനുവദിച്ചത്.
രണ്ടാള്‍ ജാമ്യത്തില്‍ വിട്ടയക്കാനാണ് ഉത്തരവ്. പ്രതികള്‍ക്കു പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ കോടതിയില്‍ കെട്ടിവയ്ക്കണം, എല്ലാ ശനിയാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥനു മുമ്പാകെ ഹാജരാവണമെന്നും ഉപാധികളുണ്ട്. ഇന്നലെ വൈകീട്ടോടെ കണ്ണൂര്‍ വനിതാ ജയിലില്‍നിന്നു പുറത്തിറങ്ങിയ ഇരുവരെയും കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് നേതാക്കള്‍ മാലയിട്ട് സ്വീകരിച്ചു. അഖിലയ്ക്കും അഞ്ജനയ്ക്കുമെതിരേ ഇന്ത്യന്‍ ശിക്ഷാനിയമം 452, 324, 323 വകുപ്പുകള്‍ പ്രകാരമാണു കേസെടുത്തത്. വെള്ളിയാഴ്ച സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യംചെയ്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൈക്കുഞ്ഞുമായാണ് അഖിലയും സഹോദരിയും ജയിലിലേക്കു പോയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് തലശ്ശേരിയില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചുവരികയാണ്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് ജില്ലാ പോലിസ് ചീഫ് അന്വേഷിച്ചു. പോലിസിന്റെ നടപടിയില്‍ നിയമവിരുദ്ധമായി യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്നാണു കണ്ടെത്തല്‍. രമേശ് ചെന്നിത്തല, കെ സുധാകരന്‍, കെ സി ജോസഫ് തുടങ്ങിയവര്‍ ജയിലിലെത്തി ഇരുവരെയും സന്ദര്‍ശിച്ചിരുന്നു.
Next Story

RELATED STORIES

Share it