സിപിഎം പോളിറ്റ്ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍

ന്യൂഡല്‍ഹി: സിപിഎം പോളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡല്‍ഹിയില്‍ നടക്കും. വിഎസിന് സര്‍ക്കാരില്‍ പദവി നല്‍കണമെന്ന് കഴിഞ്ഞതവണത്തെ പോളിറ്റ് ബ്യൂറോ യോഗം നിര്‍ദേശിച്ചിരുന്നെങ്കിലും ഇതുവരെ ഇക്കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഈ സാഹചര്യത്തില്‍ ഇന്ന് നടക്കുന്ന പിബി യോഗത്തിന്റെ അജണ്ടയില്‍ ഇക്കാര്യം ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഇതു സംബന്ധിച്ച ചര്‍ച്ചയും തീരുമാനവും ഉണ്ടായേക്കുമെന്നാണ് സൂചന.വിഎസിന് സര്‍ക്കാരില്‍ ഉചിതമായ പദവി നല്‍കണമെന്നു നിര്‍ദേശിച്ച പോളിറ്റ് ബ്യൂറോ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന സമിതിയെയായിരുന്നു ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, പിന്നീട് ചേര്‍ന്ന സംസ്ഥാന സമിതിയില്‍ പദവിയുടെ കാര്യത്തില്‍ തീരുമാനമായില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് വീണ്ടും പിബി യോഗം നടക്കുന്നത്. പദവി ഇനിയും നിര്‍ണയിച്ചിട്ടില്ലാത്തതിനാല്‍ വിഎസ് അസ്വസ്ഥനാണ്. തിരഞ്ഞെടുപ്പിന് മുമ്പുതന്നെ ഇക്കാര്യത്തില്‍ വിഎസിന് ഉറപ്പുകൊടുത്ത ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്കും എത്രയും പെട്ടെന്ന് വിഎസിന് പദവി നിര്‍ണയിച്ചുനല്‍കുകയെന്നത് ബാധ്യതയുമാണ്. അതിനാല്‍ യെച്ചൂരി തന്നെ നേരിട്ട് ഇടപെട്ട് ഇക്കാര്യം ചര്‍ച്ചയ്ക്ക് കൊണ്ടുവരാനും തീരുമാനത്തിലെത്താനുമുള്ള സാധ്യതയുണ്ട്. ഇതോടൊപ്പം തന്നെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അംഗത്വമെന്ന വിഎസ് ഉന്നയിച്ച ആവശ്യത്തിനും തീരുമാനമെടുക്കേണ്ടതുണ്ട്. നിലവില്‍ വിഎസിനെതിരേ സംസ്ഥാന ഔദ്യോഗിക നേതൃത്വം നല്‍കിയ വിവിധ പരാതികള്‍ പിബി കമീഷന്റെ പരിഗണനയിലാണ്. വി.എസ് വിഭാഗീയ പ്രവര്‍ത്തനങ്ങളിലൂടെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്നതടക്കമുള്ള ഗുരുതര പരാതികളാണ് പി.ബി കമീഷന്‍ അന്വേഷിക്കുന്നത്. മൂന്ന് വര്‍ഷം മുമ്പ് കമീഷന്‍ രൂപീകരിച്ചെങ്കിലും ഒരു തവണ മാത്രമാണ് യോഗം ചേര്‍ന്നത്. നടപടിയെടുത്ത് സംസ്ഥാന ഘടകത്തില്‍ പ്രതിസന്ധിയുണ്ടാക്കേണ്ടതില്ലെന്ന കേന്ദ്ര നിലപാടാണ് കമ്മീഷന്റെ പ്രവര്‍ത്തനം മന്ദഗതിയിലാക്കിയത്. കമ്മീഷന്റെ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിഎസിന് സെക്രട്ടേറിയറ്റില്‍ അംഗത്വം നല്‍കാന്‍ സാധ്യമല്ലെന്നതിനാല്‍തന്നെ കമ്മീഷനെ പിരിച്ചുവിടാനാണ് നീക്കം.
Next Story

RELATED STORIES

Share it