Kerala

സിപിഎം നേതൃത്വത്തിന് പരോക്ഷ മറുപടി പൂര്‍ണ ആരോഗ്യവാനെന്ന് ഓര്‍മപ്പെടുത്തി വിഎസ്

സിപിഎം   നേതൃത്വത്തിന്    പരോക്ഷ  മറുപടി പൂര്‍ണ ആരോഗ്യവാനെന്ന് ഓര്‍മപ്പെടുത്തി വിഎസ്
X
vs

തിരുവനന്തപുരം: അനാരോഗ്യം പറഞ്ഞ് മുഖ്യമന്ത്രിപദവിയില്‍ നിന്നു മാറ്റിനിര്‍ത്തിയ പാര്‍ട്ടി നേതൃത്വത്തിന് വി എസ് അച്യുതാനന്ദന്റെ പരോക്ഷ മറുപടി. താന്‍ പൂര്‍ണ ആരോഗ്യവാനെന്നാണ് വിഎസ് പറഞ്ഞിരിക്കുന്നത്. നിര്‍ഭയ ഡിബേറ്റിങ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിഎസിനെ ആദരിക്കാനായി കന്റോണ്‍മെന്റ് ഹൗസിലെത്തിയ വിദ്യാര്‍ഥികളുടെ ചോദ്യത്തിനു മറുപടിയായാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. അതേസമയം, വിവാദങ്ങളൊന്നുമില്ലാതെ മുഖ്യമന്ത്രിയെ തീരുമാനിച്ച സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതെ മിതമായ പ്രതികരണമാണ് വിഎസ് നടത്തിയത്. ആരോഗ്യസ്ഥിതി സംബന്ധിച്ച് അറിയാന്‍ താല്‍പ്പര്യമുണ്ടെന്ന വിദ്യാര്‍ഥികളുടെ ചോദ്യത്തിന് വിഎസ് പുഞ്ചിരിച്ചുകൊണ്ടാണു മറുപടി നല്‍കിയത്. തിരഞ്ഞെടുപ്പുകാലത്ത് പാറശാല മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലെ പ്രചാരണ യോഗങ്ങളില്‍ സംസാരിച്ചു. ആ യോഗങ്ങളില്‍ തന്നെ കണ്ടിട്ട് എന്തു തോന്നിയെന്ന് അദ്ദേഹം തിരിച്ചുചോദിച്ചു. ഇപ്പോള്‍ എന്തെങ്കിലും കുഴപ്പമുള്ളതായി തോന്നുന്നുണ്ടോ എന്നും തന്നെക്കണ്ടിട്ട് ഏതെങ്കിലും അവയവങ്ങള്‍ കുറഞ്ഞതായി തോന്നുന്നുണ്ടോയെന്നും അദ്ദേഹം തമാശരൂപേണയാണു വിദ്യാര്‍ഥികളോടു പറഞ്ഞത്. അതേസമയം, വോട്ടര്‍മാര്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റും ഇന്നലെയുണ്ടായി. ഒരു കമ്മ്യൂണിസ്റ്റുകാരനെന്ന നിലയില്‍ ഈ തിരഞ്ഞെടുപ്പില്‍ ചില ചരിത്രപരമായ ഉത്തരവാദിത്തങ്ങള്‍ തീര്‍ക്കാനാണു താന്‍ തിരഞ്ഞെടുപ്പില്‍ പങ്കെടുത്തതെന്ന് വിഎസ് അച്യുതാനന്ദന്റെ  പോസ്റ്റില്‍ പറയുന്നു. ദേശീയനേതൃത്വത്തിന്റെ നിര്‍ദേശം ഏറ്റെടുത്ത് മല്‍സരിക്കാന്‍ തയ്യാറായതും ഇതുകൊണ്ടാണ്. വര്‍ഗീയതയ്‌ക്കെതിരേ കേരളത്തില്‍ ഇടതുഭരണം അനിവാര്യമായിരുന്നു. ഇത്തരമൊരു സാഹചര്യത്തിലാണു ഭരണം ഉറപ്പാക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുത്തത്. ഏഴരപ്പതിറ്റാണ്ടായി ചെങ്കൊടിയേന്തുന്ന തനിക്ക് അതൊരു കടമയായിരുന്നു. ഇതു നിര്‍വഹിക്കാനാണു കേരളത്തില്‍ അങ്ങോളമിങ്ങോളം സഞ്ചരിച്ചതും നവമാധ്യമങ്ങള്‍വഴി പോരാട്ടം നടത്തിയതെന്നും വിഎസ് പോസ്റ്റിലൂടെ ഓര്‍മപ്പെടുത്തുന്നു. കൊക്കില്‍ ജീവനുള്ളിടത്തോളം തന്റെ പോരാട്ടം തുടരുമെന്നും വിഎസ് വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it