Alappuzha local

സിപിഎം നിലപാട് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് ആക്ഷേപം

ആലപ്പുഴ: കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പില്‍ ഇടപെടേണ്ടതില്ലെന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടെന്ന് ആക്ഷേപം.
വെള്ളാപ്പള്ളി നടേശന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കുന്ന കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പില്‍ എന്ത് തീരുമാനം സ്വീകരിക്കണമെന്ന് കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ് കൂടി ചര്‍ച്ച ചെയ്തിരുന്നു. വെള്ളാപ്പള്ളിയുടെ രാഷ്ട്രീയത്തെയാണ് എതിര്‍ക്കുന്നതെന്നും അദ്ദേഹത്തിന്റെ സമുദായ പ്രവര്‍ത്തനത്തെ എതിര്‍ക്കുന്നില്ലെന്നുമുള്ള നിലപാടാണ് ഇക്കാര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റിന്റെ വിശദീകരണം.
ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ വെള്ളാപ്പള്ളിയോട് മൃദുസമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപത്തിന് പിന്നാലെയാണ് പുതിയ സംഭവവികാസമുണ്ടായിരിക്കുന്നത്. ബിഡിജെഎസ് രൂപീകരിച്ച് എന്‍ഡിഎ ഘടകകക്ഷിയായി മാറിയ ശേഷം വെള്ളാപ്പള്ളിക്കെതിരേ സിപിഎം സംസ്ഥാന നേതാക്കള്‍ ശക്തമായ നിലപാടെടുത്ത് വരികയാണ്. വെള്ളാപ്പള്ളിക്കെതിരേ മൃദുസമീപനം സ്വീകരിച്ചതിന് ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരേ പിണറായി വിജയന്‍ പ്രതികരിച്ചിരുന്നു.
ഈഴവര്‍ ഉള്‍പ്പെടെ പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട 12,400 പേരാണ് ഇവിടത്തെ വോട്ടര്‍മാര്‍. ഇവരില്‍ ഭൂരിഭാഗവും സിപിഎം അനുഭാവികളാണ്. അതുകൊണ്ട് ഏത് പാനല്‍ അധികാരത്തില്‍ വരണമെന്ന കാര്യത്തില്‍ സിപിഎം നിലപാട് നിര്‍ണായകമാണ്. ദേവസ്വം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സജീവ പ്രവര്‍ത്തകരാരും മല്‍സരിക്കേണ്ടെന്നു തീരുമാനിച്ചിരുന്നു. വെള്ളിയാഴ്ച പത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചു. പത്രിക സമര്‍പ്പിച്ചവരില്‍ സജീവ പ്രവര്‍ത്തകരാരും ഉള്‍പ്പെട്ടിട്ടില്ല.
പ്രസിഡന്റടക്കം ദേവസ്വം ഭരണസമിതിയിലേക്ക് 13 പേരെയും സ്‌കൂള്‍ ഭരണ സമിതിയിലേക്ക് നാലുപേരെയുമാണ് തിരഞ്ഞെടുക്കേണ്ടത്. 29ന് കാലത്ത് ഏഴു മണിക്കുചേരുന്ന യോഗത്തിനു ശേഷമാണ് തിരഞ്ഞെടുപ്പ്.
കണിച്ചുകുളങ്ങര ദേവസ്വം പ്രസിഡന്റായി 51 വര്‍ഷം പൂര്‍ത്തിയാക്കിയ വെള്ളാപ്പള്ളി വീണ്ടും മല്‍സരിക്കുന്നുവെന്നതാണ് തിരഞ്ഞെടുപ്പിന്റെ സവിശേഷത. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ കണിച്ചുകുളങ്ങര ദേവസ്വം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
Next Story

RELATED STORIES

Share it