സിപിഎം നിര്‍ണായക സെക്രട്ടേറിയറ്റ് ഇന്ന്

തിരുവനന്തപുരം: സ്ഥാനാര്‍ഥി പട്ടികയുമായി ബന്ധപ്പെട്ട് ഉടലെടുത്ത തര്‍ക്കം അവസാനിപ്പിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് യോഗം ചേരും. ജില്ലാ ഘടകങ്ങള്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥികള്‍ക്കെതിരേ ചില മണ്ഡലങ്ങളില്‍ പ്രാദേശികതലത്തില്‍ വ്യാപകമായ പ്രതിഷേധവും പോസ്റ്റര്‍ യുദ്ധങ്ങളും അരങ്ങേറിയിരുന്നു. പ്രതിഷേധം പരിഗണിച്ച് തര്‍ക്കം തീര്‍ക്കാന്‍ കീഴ്ഘടകങ്ങള്‍ക്ക് കൈമാറിയ പട്ടികയാണ് ഇന്ന് വീണ്ടും സെക്രട്ടേറിയറ്റ് പരിഗണിക്കുന്നത്. സ്ഥാനാര്‍ഥി നിര്‍ണയം വൈകരുതെന്ന് കേന്ദ്രനേതൃത്വം ആവശ്യപ്പെട്ട സാഹചര്യത്തില്‍ ഇന്നുതന്നെ അന്തിമതീരുമാനമുണ്ടാക്കാനുളള നീക്കത്തിലാണ് പാര്‍ട്ടി നേതൃത്വം. സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ട ചിലര്‍ കേന്ദ്രനേതൃത്വത്തെ സമീപിച്ച സാഹചര്യത്തില്‍ സെക്രട്ടേറിയറ്റ് യോഗം നിര്‍ണായകമാണ്. അതേസമയം, ചില മണ്ഡലങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ മുഖവിലയ്‌ക്കെടുക്കേണ്ടതില്ലെന്നും പാര്‍ട്ടിയുടെ ശത്രുക്കളാണ് ഇതിന് പിന്നിലെന്നുമാണ് സിപിഎമ്മിന്റെ നിലപാട്. എറണാകുളം, കൊല്ലം, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് തര്‍ക്കം ഇനിയും നിലനില്‍ക്കുന്നത്. ആറന്മുളയില്‍ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേയും പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്. തിരുവനന്തപുരത്തു രണ്ട് മണ്ഡലങ്ങളുടെ കാര്യത്തിലും മലപ്പുറത്ത് ചില മണ്ഡലങ്ങളിലെ സ്വതന്ത്രസ്ഥാനാര്‍ഥികളുടെ കാര്യത്തിലും തീരുമാനമെടുക്കാനുണ്ട്. കൊല്ലം സീറ്റിലെയും തൃപ്പൂണിത്തുറയിലെയും സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അവ്യക്തത നിലനിന്നിരുന്നു. കൊല്ലത്ത് മല്‍സര സന്നദ്ധനായെത്തിയ പി കെ ഗുരുദാസനെ മാറ്റുന്ന കാര്യത്തിലുണ്ടായ ആശയക്കുഴപ്പമാണ് തീരുമാനം വൈകാനിടയാക്കിയത്. പി കെ ഗുരുദാസനെ മല്‍സരിപ്പിക്കേണ്ടതില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം. ഇത് സെക്രട്ടേറിയറ്റ് അംഗമായ എം വി ഗോവിന്ദന്‍ കഴിഞ്ഞ ജില്ലാ കമ്മിറ്റിയിലും സെക്രട്ടേറിയറ്റിലും വിശദീകരിച്ചു. ഇതോടെ നടന്‍ മുകേഷിന്റെ പേരാണ് അവിടെനിന്ന് ഇപ്പോള്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതേസമയം, പി കെ ഗുരുദാസന്‍ ഇപ്പോഴും കേന്ദ്രനേതൃത്വം വഴി സീറ്റിനായി ശ്രമം തുടരുകയാണ്. തൃപ്പൂണിത്തുറയില്‍ അവ്യക്തത നീങ്ങിയതോടെ എറണാകുളം ജില്ലയിലെ സ്ഥാനാര്‍ഥി പട്ടികയ്ക്ക് കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ കമ്മിറ്റി അംഗീകാരം നല്‍കിയിരുന്നു. പി രാജീവ് മല്‍സരിക്കേണ്ടെന്ന് തീരുമാനിച്ചതോടെ തൃപ്പൂണിത്തുറയിലേക്ക് സി എന്‍ ദിനേശ് മണിയുടെ പേരാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ തൃക്കാക്കരയിലും എറണാകുളത്ത് അഡ്വ അനില്‍കുമാര്‍, കുന്നത്തുനാട് ഷിജി ശിവജി, കൊച്ചിയില്‍ കെ ജെ മാക്‌സി, കളമശ്ശേരിയില്‍ എ എം യൂസഫ്, ആലുവയില്‍ അഡ്വ. വി സലിം, വൈപ്പിനില്‍ എസ് ശര്‍മ, പെരുമ്പാവൂരില്‍ സാജു പോള്‍, പിറവത്ത് എം ജെ ജേക്കബ് എന്നിവരെയും സ്ഥാനാര്‍ഥിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇന്ന് ചേരുന്ന സെക്രട്ടേറിയറ്റ് യോഗം ഈ പേരുകള്‍ പരിഗണിച്ച് അംഗീകാരം നല്‍കിയേക്കും. തൃശൂരില്‍ വടക്കാഞ്ചേരിയെ ചൊല്ലിയാണ് പ്രധാനമായും തര്‍ക്കം. അനാരോഗ്യം ചൂണ്ടിക്കാട്ടി കെപിഎസി ലളിത പിന്‍മാറിയെങ്കിലും അവര്‍ തന്നെ സ്ഥാനാര്‍ഥിയാവണമെന്നാണ് ജില്ലാ കമ്മിറ്റിയുടെ നിലപാട്. ഈ നിര്‍ദേശം ഇന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ചര്‍ച്ച ചെയ്യും. പാലക്കാട് തൃത്താലയില്‍ സുബൈദ ഇസ്ഹാഖിന്റെ പേരാണ് പരിഗണിക്കുന്നത്. ഒറ്റപ്പാലത്തെ സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ പ്രതിഷേധമുണ്ടെങ്കിലും തീരുമാനം മാറ്റിയിട്ടില്ല. തിരുവനന്തപുരത്ത് വര്‍ക്കല, അരുവിക്കര സീറ്റുകളുടെ സ്ഥാനാര്‍ഥികളെ ചൊല്ലിയാണ് തര്‍ക്കം നിലനില്‍ക്കുന്നത്. മലപ്പുറത്ത് ഏതൊക്കെ മണ്ഡലങ്ങളില്‍ സ്വതന്ത്രരെ മല്‍സരിപ്പിക്കണമെന്ന കാര്യത്തില്‍ ഇനിയും ധാരണയിലെത്തിയിട്ടില്ല. ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം പൂര്‍ത്തിയായാല്‍ മാത്രമെ ഇതില്‍ വ്യക്തതയുണ്ടാവൂ. തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതിന് സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തില്‍ പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് സജീവമാവണമെന്ന പൊതുവികാരമാണ് പാര്‍ട്ടി നേതൃത്വത്തിനുള്ളത്.
Next Story

RELATED STORIES

Share it