Idukki local

സിപിഎം ദേവികുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരേ പരാതിയുമായി പ്രവര്‍ത്തകര്‍

മൂന്നാര്‍: സിപിഎം ദേവികുളം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരേ നേതൃത്വത്തിന് പരാതിയുമായി പ്രവര്‍ത്തകര്‍.ദേവികുളം ലോക്കല്‍ സെക്രട്ടറിയും ഡിവൈഎഫ്‌വൈ ബ്ലോക്ക് സെക്രട്ടറിയുമായ ജോബി ജോണിനെതിരെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ളവര്‍ക്ക് പരാതിനല്‍കിയത്.
ജോബിയുടെ പ്രവര്‍ത്തനശൈലിയിലൂടെ പാര്‍ട്ടി വിട്ട് യൂത്ത് കോണ്‍ഗ്രസിലേക്ക് ചേക്കേറിയവര്‍ അനവധിയാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗൗരവപൂര്‍വം നടത്തി വരുന്ന ദിനാചരണങ്ങള്‍ പോലും നടത്താനാവാത്ത വിധത്തില്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ ബലഹീനമായത് സെക്രട്ടറിയുടെ പ്രവര്‍ത്തന വൈകല്യം കൊണ്ടാണെന്നും പരാതിയില്‍ പറയുന്നു.
അനധികൃത കൈയേറ്റങ്ങള്‍ക്കു ഒത്താശ ചെയ്യുന്ന ഇദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ അനാസ്ഥ കാണിക്കുന്നു.
ദേവികുളം അങ്കണവാടി മുതല്‍ സര്‍ക്കാര്‍ ആശുപത്രി വരെയുള്ള ഭാഗത്ത് പഞ്ചായത്ത് നിര്‍മിക്കുന്ന പുതിയ റോഡിന്റെ നിര്‍മാണം ഇദ്ദേഹത്തിന്റെ ബന്ധുവിന്റെ കൈയേറ്റം മൂലം തടസ്സപ്പെട്ടിരിക്കുകയാണെന്നു കത്തില്‍ ആരോപിക്കുന്നു. ഈ റോഡ് നിര്‍മാണം പൂര്‍ത്തീകരിച്ചിരുന്നുവെങ്കില്‍ ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്നത് അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്ന ന്യൂ കോളനി ജനങ്ങള്‍ക്കായിരുന്നു.
മൂന്നാറില്‍ പൊമ്പിളൈ ഒരുമയുടെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെ കല്ലെറിയാന്‍ ആവശ്യപ്പെട്ടിരുന്നതായും പരാതിയില്‍ പറയുന്നു.പല കേസുകളിലും ഇടപെടാന്‍ നിര്‍ദ്ദേശിക്കുകയും എന്നാല്‍ വിവാദങ്ങളുയരുമ്പോള്‍ കൈയ്യൊഴിയുകയും ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചു വരുന്നത്. സെക്രട്ടറിയുടെ നിര്‍ദ്ദേശം അനുസരിച്ചില്ലെങ്കില്‍ കള്ളക്കേസുകളില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുമെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു.
കോണ്‍ഗ്രസ് പ്രവര്‍ത്തകുമായി അവിഹിത ബന്ധമുണ്ടെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കോ അനുഭാവികള്‍ക്കോ അനുകൂലമായ നിലവാടുകള്‍ സ്വീകരിക്കുവാന്‍ തയ്യാറാകുന്നില്ലെന്നും ആക്ഷേപമുണ്ട്. കുത്തകമുതലാളിമാര്‍ക്കും എതിര്‍രാഷ്ട്രീയ കക്ഷികളിലെ പ്രമുഖര്‍ പലര്‍ക്കും കൈയേറ്റങ്ങള്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്നു.
ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് യാതൊരു അടിത്തറയുമില്ലാത്ത ബിജെപിക്കു പോലും തദ്ദേശ തിരഞ്ഞെടുപ്പില്‍ 70 ഓളം വോട്ടുകള്‍ നേടാനായെന്നും പരാതി ചൂണ്ടിക്കാട്ടുന്നു. ഇത് അടിയന്തരമായി പാര്‍ട്ടി പരിശോധനയ്ക്ക വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്.
Next Story

RELATED STORIES

Share it