kannur local

സിപിഎം ജില്ലാകമ്മിറ്റി ഓഫിസില്‍ തിരക്കിട്ട കൂടിയാലോചനകള്‍

കണ്ണൂര്‍: മനോജ് വധക്കേസില്‍ പി ജയരാജന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയ വാര്‍ത്ത മാധ്യമങ്ങളില്‍ കൂടി പുറത്തുവന്നതോടെ സിപിഎം ജില്ലാകമ്മിറ്റി ഓഫിസിലും തിരക്കിട്ട കൂടിയാലോചനകള്‍. ഉച്ചയ്ക്കു ശേഷമാണ് പാര്‍ട്ടി ഏറെ കാതോര്‍ത്തു നിന്ന ഹൈക്കോടതി വിധിയെത്തിയത്. ഇതോടെ പാര്‍ട്ടിയുടെ പ്രതികരണം തേടി മാധ്യമപ്രവര്‍ത്തകരുടെ സംഘം ജില്ലാകമ്മിറ്റി ഓഫിസ് കോംപൗണ്ടിലെത്തിത്തുടങ്ങി. പിന്നാലെ പാര്‍ട്ടി നേതാക്കളും. ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ എം വി ജയരാജന്‍, കെ പി സഹദേവന്‍, എന്‍ ചന്ദ്രന്‍ എന്നിവരാണ് വിവിധ സ്ഥലങ്ങളില്‍ നിന്നായി പെട്ടെന്ന് വാഹനങ്ങളില്‍ ജില്ലാ ആസ്ഥാനത്തെത്തിയത്. ഇവര്‍ മുതിര്‍ന്ന നേതാക്കളുമായി ഫോണില്‍ബന്ധപ്പെടുകയും ചെയ്തു. തുടര്‍ന്നാണ് എം വി ജയരാജന്‍ മാധ്യമങ്ങളെ കണ്ടത്. നിയമപോരാട്ടം തുടരുമെന്നും നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവിനടപടികള്‍ ആലോചിക്കുമെന്നും വ്യക്തമാക്കിയ എം വി ജയരാജന്‍, മനോജ് വധക്കേസില്‍ സിബിഐ-ആര്‍എസ്എസ്-കേന്ദ്ര-സംസ്ഥാനസര്‍ക്കാര്‍ ഗുഢാലോചന നടന്നെന്ന് ആരോപിക്കുകയും ചെയ്തു. ജയരാജന്റെ നിരപരാധിത്വം ജനങ്ങള്‍ക്ക് മുന്നില്‍ ബോധ്യപ്പെടുത്തും. കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇരട്ടനീതിയാണ് ലഭിക്കുന്നതെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.
Next Story

RELATED STORIES

Share it