Editorial

സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെ സ്വാഗതം ചെയ്യണം

പശ്ചിമബംഗാളില്‍ കോണ്‍ഗ്രസ്സുമായി ചേര്‍ന്നു തിരഞ്ഞെടുപ്പിനെ നേരിടാനുള്ള സിപിഎമ്മിന്റെ നീക്കം രാഷ്ട്രീയ നിരീക്ഷകരില്‍ കൗതുകമുണര്‍ത്തിയിരിക്കുകയാണ്. രാജ്യത്തെ മാറിയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള മതേതരകക്ഷികളുമായി സിപിഎം പോലുള്ള ഇടതുപാര്‍ട്ടികള്‍ അടുക്കാന്‍ ശ്രമിക്കുന്നത് രാജ്യത്തെ മതേതരവിശ്വാസികളെ സന്തോഷിപ്പിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതേസമയം, നാളിതുവരെ സിപിഎം പുലര്‍ത്തിപ്പോന്ന നയനിലപാടുകളിലെ വൈരുധ്യങ്ങളും അബദ്ധങ്ങളും ഈ സന്ദര്‍ഭത്തില്‍ ചര്‍ച്ചയാവുമെന്നതും നിസ്തര്‍ക്കമത്രെ.
ഒരു കാലത്ത് സിപിഎമ്മിന്റെ ശക്തിദുര്‍ഗമായിരുന്ന പശ്ചിമബംഗാളില്‍ നിലനില്‍പ്പിനുള്ള വഴികള്‍ അന്വേഷിക്കുകയാണ് പാര്‍ട്ടി. പ്രായോഗികതയുടെ മേച്ചില്‍പുറങ്ങള്‍ അന്വേഷിക്കുന്നതാണ് ബുദ്ധിയെന്നു ചിന്തിച്ചവരാണ് എന്നും ബംഗാളിലെ സിപിഎം നേതാക്കള്‍. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ ഭരണത്തില്‍ പങ്കാളികളാവണമെന്നു വാദിച്ചവര്‍ അവരുടെ കൂട്ടത്തിലുണ്ട്. ആദ്യത്തെ യുപിഎ ഭരണത്തില്‍ ജ്യോതിബസുവിനു പ്രധാനമന്ത്രിയാവാനുള്ള സാധ്യത സിദ്ധാന്തവാശി മൂലം ദേശീയ നേതൃത്വം കളഞ്ഞുകുളിക്കുകയായിരുന്നുവെന്നും അതില്‍ ബംഗാള്‍ നേതാക്കള്‍ അസംതൃപ്തരായിരുന്നുവെന്നും പില്‍ക്കാലത്തു വ്യക്തമാക്കപ്പെടുകയുണ്ടായി. എന്നാല്‍, പാര്‍ട്ടി സംസ്ഥാനത്ത് ജനങ്ങള്‍ക്കെതിരേ കോര്‍പറേറ്റുകള്‍ക്കൊപ്പം നില്‍ക്കുന്നേടം വരെ എത്തി. സിംഗൂരിലും നന്ദിഗ്രാമിലും അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് ആട്ടിയോടിക്കപ്പെടുകയും എതിര്‍ത്തതിന്റെ പേരില്‍ തോക്കിനിരയാവുകയും ചെയ്തപ്പോഴാണ് ബംഗാളിലെ ജനങ്ങള്‍ ചെങ്കൊടി വലിച്ചെറിയാന്‍ തീരുമാനിച്ചത്. 30 വര്‍ഷത്തോളം നീണ്ട സിപിഎം ഭരണം ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉപകരിക്കില്ല എന്ന യാഥാര്‍ഥ്യത്തോട് ജനങ്ങളുടെ പ്രതികരണമായിരുന്നു അത്.
അപ്പോഴും സിപിഎം നേതൃത്വത്തിന്റെ വീക്ഷണങ്ങളില്‍ കാര്യമായ മാറ്റമൊന്നുമുണ്ടായില്ല. സിപിഐ കോണ്‍ഗ്രസ്സിനെ പിന്തുണച്ച കാലത്ത് അവര്‍ അതിന്റെ പേരില്‍ സിപിഎമ്മില്‍നിന്ന് നിരന്തരം പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. സിപിഎമ്മിന്റെ അന്നത്തെ വര്‍ഗവിശകലനം അനുസരിച്ച് കോണ്‍ഗ്രസ്സായിരുന്നു മുഖ്യശത്രു. കേരളത്തിലെ സിപിഎം നേതാക്കള്‍ ഇന്നും അത്തരം വിശകലന മാഹാത്മ്യങ്ങളുടെ ഹാങോവറില്‍ തന്നെയാണെന്നാണ് പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ്സുമായി സഖ്യസാധ്യതയില്ലെന്നും അങ്ങനെ കൂട്ടുകൂടാന്‍ മാത്രം ഇവിടെ എന്തുണ്ടായി എന്നും അവര്‍ ചോദിക്കുന്നു. ഫാഷിസത്തിന്റെ പിടിയില്‍ രാജ്യം ക്രമേണ അകപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തിലും ഇത്തരം ചോദ്യങ്ങള്‍ ചോദിക്കുന്ന നേതാക്കന്‍മാരുടെ പരിസരബോധം സഹതാപാര്‍ഹമാണെന്നു പറയാനാവും.
പശ്ചിമബംഗാളില്‍ കാണുന്നതുപോലെ പുസ്തകം നോക്കിയുള്ള വിശകലന വാശികള്‍ വിട്ട് സമകാലിക ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള കുറേക്കൂടി യാഥാര്‍ഥ്യനിഷ്ഠമായ നിലപാടുകള്‍ സിപിഎം സ്വീകരിക്കുന്നതാവും രാജ്യത്തിനും പാര്‍ട്ടിക്കും ഗുണകരം.
Next Story

RELATED STORIES

Share it