kozhikode local

സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നത് ചര്‍ച്ചയാവുന്നു

കൊയിലാണ്ടി: സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ശ്രീരുദ്ര യജ്ഞത്തിന്റെ മുഖ്യരക്ഷാധികാരികളും പങ്കാളികളുമാവുന്നതും ചര്‍ച്ചാ വിഷയമാവുന്നു. സംഘ്പരിവാര്‍ രാഷ്ട്രീയ നേതൃത്വം നല്‍കുന്ന വൈദിക ആചരണപഠനകേന്ദ്രമായ ആര്‍ഷവിദ്യാപീഠം നടത്തുന്ന ശ്രീരുദ്ര യജ്ഞത്തിന്റെ നടത്തിപ്പിലാണ് സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ പങ്കാളികളാവുന്നത്.
ഡിസംബര്‍ നാല്, അഞ്ചു തിയ്യതികളില്‍ കൊരയങ്ങാട്ട് തെരു ക്ഷേത്ര മൈതാനത്ത് നടക്കുന്ന യജ്ഞത്തിന്റെ പ്രചാരണാര്‍ഥം അച്ചടിച്ച് വിതരണം ചെയ്ത പ്രസിദ്ധീകരണത്തില്‍ യജ്ഞ രക്ഷാധികാരികളുടെ പട്ടികയിലാണ് നേതാക്കളുടെ പേരുള്ളത്. മുഖ്യരക്ഷാധികാരികളായി കോണ്‍ഗ്രസ് എംപി മുല്ലപ്പള്ളി രാമചന്ദ്രന്‍, സിപിഎം ജില്ലാകമ്മിറ്റിയംഗവും എംഎല്‍എയുമായ കെ ദാസന്‍, നഗരസഭാ ചെയര്‍മാനും സിപിഎം ഏരിയാ കമ്മിറ്റിയംഗവുമായ അഡ്വ. കെ സത്യന്‍, കെപിസിസി ജനറല്‍സെക്രട്ടറി അഡ്വ. കെ പി അനില്‍കുമാര്‍ എന്നിവരാണുള്ളത്. ഇവര്‍ക്ക് പുറമെ അധകൃത ലീഗ് സംസ്ഥാന നേതാവും മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍ വി ടി സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് യു രാജീവന്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
മൂന്ന് ദിവസ്സമായി നടക്കുന്ന യജ്ഞത്തില്‍ ജഗദ്ഗുരു ശങ്കരാചാര്യ ശ്രീ കേശവാനന്ദഭാരതി സ്വാമികള്‍, ചിദാനന്ദപുരിസ്വാമികള്‍, മൂര്‍ത്തി കാളിദാസ് ഭട്ട്, സൂര്യന്‍ജയസൂര്യന്‍ ഭട്ടതിരിപ്പാട്, അമൃതകൃപാനന്ദപുരി സ്വാമികള്‍, സ്വാമിനി ശിവാനന്ദപുരി പങ്കെടുക്കും. മഹാഗണപതിഹോമം, നവഗ്രഹസഹിതനവചണ്ഡികാഹോമം, 1008 അമ്മമാരുടെ സമൂഹ ഗണപതിഹോമം എന്നിവയാണ് യജ്ഞത്തിലുണ്ടാവുക. യജ്ഞ സംസ്‌കാരം തിരികെ കൊണ്ടുവരാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോഴാണ് കമ്മ്യൂണിസ്റ്റ്-കോണ്‍ഗ്രസ് നേതാക്കള്‍ യജ്ഞത്തിന്റെ ഭാഗമായി മാറുന്നത്. സംഘപരിവാറിന്റെ അസഹിഷ്ണുതക്കെതിരെ കടുത്തവിമര്‍ശനം ഉന്നയിക്കുന്നവര്‍ മറുഭാഗത്ത് അതിന്റെ നടത്തിപ്പുകാരായി മാറുന്ന വിരോധാഭാസമാണ് ചര്‍ച്ചാ വിഷയമാകുന്നത്.
Next Story

RELATED STORIES

Share it