സിപിഎം കേരളയാത്ര പിണറായി നയിക്കും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ ആരു നയിക്കുമെന്ന ചര്‍ച്ചകള്‍ സജീവമായിരിക്കെ പിണറായി വിജയനെ തലപ്പത്തേക്ക് കൊണ്ടുവരാന്‍ സിപിഎം നീക്കം തുടങ്ങി. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് സിപിഎം നടത്തുന്ന കേരളയാത്ര പിബി അംഗമായ പിണറായി വിജയന്‍ നയിക്കും.
ഇന്നലെ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് ജാഥാ ക്യാപ്റ്റനായി പിണറായിയെ തീരുമാനിച്ചത്. കഴിഞ്ഞ രണ്ടു നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കു മുമ്പും പിണറായി വിജയന്റെ നേതൃത്വത്തില്‍ സിപിഎം ജാഥകള്‍ നടത്തിയിരുന്നു. എന്നാല്‍, ആ ജാഥകളില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെന്ന നിലയിലായിരുന്നു പിണറായി നായകനായത്. സെക്രട്ടറിപദം ഒഴിഞ്ഞശേഷം നടക്കുന്ന ജാഥയുടെയും അമരക്കാരനായി പിണറായിയെ തന്നെ നിയോഗിക്കുന്നതിലൂടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയും അദ്ദേഹമാവുമെന്ന സൂചനയാണ് സിപിഎം നല്‍കുന്നത്.
നവകേരള യാത്രയ്ക്കും കേരളരക്ഷാ യാത്രയ്ക്കും ശേഷം മൂന്നാമത്തെ യാത്രയാണ് പിണറായിയുടെ നേതൃത്വത്തില്‍ സിപിഎം നടത്തുന്നത്. ജനുവരി 15 മുതല്‍ ഫെബ്രുവരി 15 വരെയാണ് യാത്ര.
സംസ്ഥാന സെക്രട്ടറിമാരാണ് സാധാരണ സിപിഎം സംസ്ഥാനജാഥകള്‍ നയിക്കാറുള്ളത്. ഈ കീഴ്‌വഴക്കം മാറ്റി പിണറായിയെ ക്യാപ്റ്റനാക്കാനുള്ള നിര്‍ദേശം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉന്നയിച്ചത് സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തന്നെയാണ്. കേന്ദ്രനേതൃത്വത്തിന്റെ അറിവോടെയാണ് ഈ തീരുമാനം. തദ്ദേശ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ലഭിച്ചതോടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണത്തില്‍ തിരിച്ചെത്താമെന്ന ആത്മവിശ്വാസം പാര്‍ട്ടിക്ക് വര്‍ധിച്ചിട്ടുണ്ട്.
92 വയസ്സ് പിന്നിട്ട പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോയെന്ന ചോദ്യങ്ങള്‍ക്ക് ജനങ്ങളും പാര്‍ട്ടിയും മറ്റു പാര്‍ട്ടികളും ആഗ്രഹിക്കുന്നതനുസരിച്ച് തീരുമാനിക്കുമെന്നു പ്രഖ്യാപിച്ച നേതാക്കള്‍ അദ്ദേഹത്തിനുള്ള സാധ്യതകള്‍ നിലനിര്‍ത്തിയിരുന്നു. വിഎസിനും പിണറായിക്കും പകരം തോമസ് ഐസക്കിനെ മുഖ്യമന്ത്രിയാക്കണമെന്ന നിര്‍ദേശം മുന്നോട്ടുവച്ച് എം പി പരമേശ്വരന്‍ പാര്‍ട്ടിക്കകത്തും പുറത്തും മറ്റൊരു സംവാദത്തിന് തുടക്കമിട്ടിരുന്നു. മുഖ്യമന്ത്രിയെ തിരഞ്ഞെടുപ്പിനു ശേഷമേ തീരുമാനിക്കൂ എന്ന പതിവ് ഉത്തരത്തിലൂടെയായിരുന്നു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പിണറായി വിജയനും ഇതിനോടെല്ലാം പ്രതികരിച്ചത്.
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോവുന്നതായിരിക്കും ജാഥ. ജാഥയിലെ മറ്റ് അംഗങ്ങള്‍ ആരായിരിക്കണമെന്നത് സംസ്ഥാന കമ്മിറ്റി ചേര്‍ന്നാണ് തീരുമാനിക്കുക.
Next Story

RELATED STORIES

Share it