സിപിഎം ഓഫിസില്‍ കയറി മര്‍ദ്ദനം; ദലിത് പെണ്‍കുട്ടികള്‍ റിമാന്‍ഡില്‍;സുധീരന്റെ നേതൃത്വത്തില്‍ പോലിസ് സ്റ്റേഷന്‍ മാര്‍ച്ച്

തലശ്ശേരി: ജാതിപ്പേര് വിളിച്ചെന്നാക്ഷേപിച്ച് സിപിഎം പ്രവര്‍ത്തകരെ ഓഫിസില്‍ക്കയറി മര്‍ദ്ദിച്ച ദലിത് പെണ്‍കുട്ടികളെ മൊഴിയെടുക്കാനെന്ന വ്യാജേന പോലിസ് സ്റ്റേഷനിലെത്തിച്ച് അറസ്റ്റ് ചെയ്തു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പെ ണ്‍കുട്ടികളെ സന്ദര്‍ശിക്കാനിരിക്കെയാണ് ഇവരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത്. സംഭവത്തില്‍ പ്രതിഷേധിച്ച് സുധീരന്റെ നേതൃത്വത്തില്‍ തലശ്ശേരി പോലിസ് സ്റ്റേഷനിലേക്കു മാര്‍ച്ച് നടത്തി. ദലിത് കോണ്‍ഗ്രസ് നേതാവ് കുട്ടിമാക്കൂലിലെ നടമ്മല്‍ രാജന്റെ മക്കളായ അഖില(30), അഞ്ജന(25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി വൈകീട്ടോടെ റിമാന്‍ഡ് ചെയ്തു. അഖിലയോടൊപ്പം ഒന്നരമാസം പ്രായമായ കുഞ്ഞിനെയും ജയിലിലേക്കയച്ചു. ഇക്കഴിഞ്ഞ 10നാണു കേസിനാസ്പദമായ സംഭവം. കടയില്‍ സാധനം വാങ്ങാനെത്തിയ രാജന്റെ മക്കളെ സിപിഎം പ്രവര്‍ത്തകന്‍ എം സി ഷിജില്‍ അസഭ്യം പറയുകയും ജാതിപ്പേര് വിളിച്ച് അപമാനിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടികള്‍ ഓഫിസില്‍ കയറി ആക്രമിച്ചെന്നാരോപിച്ച് ഷിജില്‍ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. കഴിഞ്ഞ നഗരസഭാ തിരഞ്ഞെടുപ്പി ല്‍ സിപിഎമ്മിന്റെ കാരായി ചന്ദ്രശേഖരനെതിരേ ജില്ലാ പഞ്ചായത്ത് ഡിവിഷനിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി എന്‍ രാജനായിരുന്നു മല്‍സരിച്ചിരുന്ന ത്. ഇതിനുശേഷം ഇദ്ദേഹത്തിന്റെ വീടാക്രമിക്കപ്പെട്ടിരുന്നു. കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ പെണ്‍കുട്ടികളെ സന്ദര്‍ശിക്കാനിരിക്കെയാണ് നാടകീയ അറസ്റ്റ്. സംഭവത്തില്‍ പ്രതിഷേധിച്ച്  സുധീരന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലിസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. പെരുമ്പാവൂരിലെ ദലിത് പെണ്‍കുട്ടി ജിഷയുടെ ഘാതകരെ അറസ്റ്റ് ചെയ്ത് മാതൃകാപരമായ ഉത്തരവാദിത്തം പൂര്‍ത്തീകരിച്ചതിന്റെ ചൂടാറും മുമ്പാണ് ദലിത് പെണ്‍കുട്ടികളെ സിപിഎം സമ്മര്‍ദ്ദത്തിനു വഴങ്ങി ജയിലിലടച്ചതെന്ന് അദ്ദേഹം പറഞ്ഞു. പോലിസ് യൂനിഫോമിനു പോലും അപമാനകരമായ പ്രവൃത്തിയാണിത്. ജനാധിപത്യ പ്രക്രിയയില്‍ ഭരണമാറ്റം സ്വാഭാവിക പ്രക്രിയയാണ്. ഇത് മനസ്സിലാക്കാതെ പെരുമാറുന്നവര്‍ കള്ളന് കഞ്ഞിവച്ചവരാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it