സിപിഎം ആശയക്കുഴപ്പത്തില്‍; പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ച ആശ്വാസത്തില്‍ ജയരാജന്‍

ഹനീഫ എടക്കാട്

കണ്ണൂര്‍: രണ്ടാംവട്ടവും കൊലപാതകക്കേസിലകപ്പെട്ട പി ജയരാജന് പാര്‍ട്ടിയില്‍ നിന്നു ലഭിക്കുന്ന പിന്തുണ ആശ്വാസമാവുന്നു. പിണറായി വിജയന്‍ മുതല്‍ വി എസ് വരെയുള്ള മുതിര്‍ന്ന നേതാക്കളുടെ പൂര്‍ണ പിന്തുണയും ഐക്യദാര്‍ഢ്യവും പി ജയരാജന് ലഭിച്ചുകഴിഞ്ഞു. പതിവില്‍ നിന്ന് വ്യത്യസ്തമായി കൊലപാതകക്കേസില്‍ വി എസിന്റെ തുറന്ന പിന്തുണ ജയരാജന് ലഭിച്ചത് ശ്രദ്ധേയമാണ്.
അടുത്തിടെ പാര്‍ട്ടി ഔദ്യോഗിക പക്ഷത്തോട് സമരസപ്പെട്ടുള്ള നിലപാടാണ് വി എസ് സ്വീകരിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ജയരാജനെ അനുകൂലിച്ച് വി എസ് രംഗത്തെത്തിയത്. ടി പി വധക്കേസില്‍ പാര്‍ട്ടിയെയും പി ജയരാജനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണമായിരുന്നു വി എസ് സ്വീകരിച്ചിരുന്നത്. ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനയുടെ ഫലമായാണ് പി ജയരാജനെ പ്രതിചേര്‍ത്തതെന്നായിരുന്നു വി എസിന്റെ പ്രതികരണം. സമാനമായ പ്രതികരണം തന്നെയായിരുന്നു പിണറായി വിജയന്റെയും കോടിയേരി ബാലകൃഷ്ണന്റെയും.
കഴിഞ്ഞദിവസം പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ജില്ലാ കമ്മിറ്റി ഓഫിസില്‍ ചേര്‍ന്ന അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തവരും മനോജ് വധക്കേസില്‍ പി ജയരാജനെ കള്ളക്കേസില്‍ കുടുക്കിയെന്ന വികാരമാണു പങ്കുവച്ചത്. അതുകൊണ്ടുതന്നെ സിബിഐ നീക്കം രാഷ്ട്രീയമായും നിയമപരമായും നേരിടണമെന്നും തീരുമാനമെടുക്കുകയും ചെയ്തു.
ഇപ്പോള്‍ കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന പി ജയരാജന് ആരോഗ്യപ്രശ്‌നം മുന്‍നിര്‍ത്തി അവധി നല്‍കാനും ആലോചനയുണ്ട്. അങ്ങനെയെങ്കില്‍ ജില്ലാ സെക്രട്ടേറിയറ്റംഗവും സംസ്ഥാനസമിതിയംഗവുമായി എം വി ജയരാജനാണ് പകരം ജില്ലാ സെക്രട്ടറിയുടെ ചുമതല നല്‍കുകയെന്നറിയുന്നു.
ആശുപത്രിവാസത്തിനിടയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കാനുള്ള സാധ്യതകളാണ് സിപിഎം ആരായുന്നത്. എന്നാല്‍, ജാമ്യം ലഭിച്ചില്ലെങ്കിലുള്ള അവസ്ഥ എങ്ങനെ കൈകാര്യംചെയ്യണമെന്നതില്‍ പാര്‍ട്ടി ആശയക്കുഴപ്പത്തിലാണ്. അറസ്റ്റ് വരിക്കേണ്ടതില്ലെന്നു പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെങ്കിലും കീഴടങ്ങാതെ മറ്റുവഴിയുണ്ടാവില്ലെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. ഗുഢാലോചനക്കുറ്റം ചുമത്തിയതിനാല്‍ ജാമ്യം ലഭിക്കുക എളുപ്പമാവില്ല. ജില്ലാ സെക്രട്ടറി ദീര്‍ഘകാലം കൊലക്കേസില്‍ ജയിലില്‍ കഴിയുന്നത് പാര്‍ട്ടിക്ക് നാണക്കേടുമാണ്. അതും നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത്. മാര്‍ച്ച്-ഏപ്രില്‍ മാസത്തിലും മനോജ് വധക്കേസ് മാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നതു പാര്‍ട്ടി ഇഷ്ടപ്പെടുന്നില്ല. ഇതു തിരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന വിലയിരുത്തലിലാണ് പാര്‍ട്ടി.
അതുകൊണ്ടുതന്നെ കോടതിമുമ്പാകെ കീഴടങ്ങി, ജാമ്യം ലഭ്യമാക്കാനുള്ള നിയമപോരാട്ടം ത്വരിതഗതിയില്‍ നടത്തുകയെന്നതായിരിക്കും പാര്‍ട്ടിയുടെ നിലപാടെന്നറിയുന്നു.
Next Story

RELATED STORIES

Share it