സിപിഎം-ആര്‍എസ്എസ് ചര്‍ച്ച പ്രസ്താവനയില്‍ ഒതുങ്ങിയേക്കും

ഹനീഫ എടക്കാട്

കണ്ണൂര്‍: ജില്ലയെ അശാന്തിയുടെ നിലയില്ലാക്കയത്തിലേക്കു തള്ളിവിട്ട ആര്‍എസ്എസും സിപിഎമ്മും ഇപ്പോള്‍ നടത്തുന്ന സമാധാന ആഹ്വാനം ഫലപ്രദമാവില്ലെന്ന് വിലയിരുത്തപ്പെടുന്നു. ഇരു കൂട്ടരുടെയും മുന്‍കാല നിലപാടു പരിശോധിച്ചാല്‍ ഇപ്പോഴത്തെ സമാധാനചര്‍ച്ച ഗുണപരമായ പ്രതിഫലനം സൃഷ്ടിക്കുമെന്നു കരുതാനാവില്ല. ജില്ലയില്‍ രാഷ്ട്രീയകൊലപാതകങ്ങള്‍ അരങ്ങേറിയ പശ്ചാത്തലത്തില്‍ 2015 ഏപ്രില്‍ 23ന് കണ്ണൂര്‍ കലക്ടറേറ്റില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗമെടുത്ത പ്രധാന തീരുമാനം സിപിഎം-ആര്‍എസ്എസ് ഉഭയകക്ഷി സമാധാന ചര്‍ച്ച നടത്താനായിരുന്നു.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ സി ജോസഫ്, കെ പി മോഹനന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സിപിഎം-ആര്‍എസ്എസ് നേതാക്കളെ പങ്കെടുപ്പിച്ച് തിരുവനന്തപുരത്ത് ഏപ്രില്‍ 29ന് സമാധാന ചര്‍ച്ച നടത്താനാണു തീരുമാനമെടുത്തത്. സര്‍വകക്ഷി യോഗത്തില്‍ പങ്കെടുത്ത സിപിഎം സംസ്ഥാന സമിതിയംഗം എം വി ജയരാജന്‍, ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ വല്‍സന്‍ തില്ലങ്കേരി എന്നിവര്‍ ഇതംഗീകരിക്കുകയും ചെയ്തു. എന്നാല്‍, 29ന് അത്തരമൊരു ചര്‍ച്ച നടന്നില്ല.
ആര്‍എസ്എസിന് കണ്ണൂരി ല്‍ സിപിഎമ്മിന്റെ ഭാഗത്തു നിന്ന് കനത്ത തിരിച്ചടി നേരിടേണ്ടി വരാറുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍ കൂടിയാണ് കണ്ണൂരില്‍ സമാധാനം നിലനിര്‍ത്താന്‍ സിപിഎമ്മുമായി ചര്‍ച്ചയ്ക്കു തയ്യാറാണെന്ന് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പ്രസ്താവനയിറക്കിയത്. മറ്റു ജില്ലകളിലെ അക്രമങ്ങളെക്കുറിച്ച് ആര്‍എസ്എസ് നേതാവ് മൗനം പാലിക്കുകയും ചെയ്തു. എന്നാല്‍, ഈആഹ്വാനം സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ തള്ളിക്കളഞ്ഞു. കണ്ണൂരില്‍ അക്രമത്തിന് സാമ്പത്തിക പിന്തുണ നല്‍കുന്നത് ആര്‍എസ്എസ് ദേശീയ നേതൃത്വമാണെന്നും ഇതു നിര്‍ത്തിയാല്‍ തന്നെ സമാധാനം പുലരുമെന്നുമായിരുന്നു ആര്‍എസ്—എസ് ആക്രമണത്തിന്റെ ഇര കൂടിയായ പി ജയരാജന്‍ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസം പാനൂരി ല്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ സമാധാന ചര്‍ച്ചയ്ക്ക് സിപിഎം തടസ്സമല്ലെന്നു വ്യക്തമാക്കിയെങ്കിലും വടകരയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയെ നിശിതമായി വിമര്‍ശിക്കുകയാണു ചെയ്തത്. ഒരു കാലത്തും ആര്‍എസ്എസിന് തെറ്റുതിരുത്താന്‍ ആവില്ലെന്നും ഗോദ്‌സെക്ക് അമ്പലം പണിയാന്‍ നടക്കുന്നവരാണ് സമാധാനം പറയുന്നതെന്നുമായിരുന്നു പിണറായിയുടെ വിമര്‍ശനം.
Next Story

RELATED STORIES

Share it