സിപിഎം അസ്വസ്ഥരായിട്ട് കാര്യമില്ല; ലാവ്‌ലിന്‍: നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്ന് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: ലാവ്‌ലിന്‍ കേസില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോവുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. അതില്‍ യാതൊരു ഇടപെടലോ ഇഷ്ടാനിഷ്ടങ്ങളോ സര്‍ക്കാരിന്റേതായി ഉണ്ടാവില്ല. കേസില്‍ സര്‍ക്കാരിന്റെ മുന്നിലുള്ളത് നിയമത്തിന്റെ വഴി മാത്രമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭായോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്ന സിപിഎം നേതാക്കളുടെ ആരോപണം ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ലാവ്‌ലിന്‍ കേസില്‍ ഉപഹരജി നല്‍കാന്‍ താമസിച്ചതെന്താണെന്ന ചോദ്യത്തിന്, അത് നടപടിക്രമങ്ങളുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. 2006ല്‍ ലാവലിന്‍ കേസുമായി ബന്ധപ്പെട്ട് എന്താണ് സംഭവിച്ചതെന്ന് എല്ലാവര്‍ക്കുമറിയാം. പിണറായി വിജയനെ ഒഴിവാക്കിക്കൊണ്ടുള്ള വിജിലന്‍സ് റിപോര്‍ട്ട് ലഭിച്ചതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളെഴുതിയ വാര്‍ത്തയുടെ എട്ടുകോളം തലക്കെട്ട് 'ഹം സബ് ചോര്‍ ഹേ' എന്നായിരുന്നു. സര്‍ക്കാരും സിപിഎമ്മും ഒത്തുകളിച്ച് കേസില്ലാതാക്കാന്‍ തീരുമാനിച്ചെന്നായിരുന്നു അന്നത്തെ വാര്‍ത്ത. വിജിലന്‍സ് റിപോര്‍ട്ട് പഠിക്കാന്‍ പോലും സമയം കിട്ടുന്നതിന് മുമ്പായിരുന്നു മാധ്യമങ്ങളുടെ ആരോപണം. അന്ന് തീരുമാനിച്ചതാണ് കേസില്‍ നിയമത്തിന്റെ വഴി മാത്രമേ നോക്കേണ്ടതുള്ളൂവെന്ന്- മുഖ്യമന്ത്രി പറഞ്ഞു.
ലാവ്‌ലിന്‍ കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ വേണ്ടി സര്‍ക്കാരും ആര്‍എസ്എസ്സും ചേര്‍ന്ന് ഒത്തുകളിക്കുകയാണെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണവും ഉമ്മന്‍ചാണ്ടി തള്ളിക്കളഞ്ഞു. സിബിഐ ആദ്യമായല്ലല്ലോ കേസ് അന്വേഷിക്കുന്നതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കാര്യത്തില്‍ സിപിഎം അസ്വസ്ഥത പ്രകടിപ്പിച്ചിട്ട് കാര്യമില്ല. സോളാര്‍ കമ്മീഷന്‍ തന്നെ വിസ്തരിക്കുന്നതുമായി പുതിയ സംഭവവികാസങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it