Idukki local

സിപിഎം അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത് ഗുരുദേവനു മുമ്പില്‍ ഏലയ്ക്കാപറ നിറച്ച ശേഷം

ഇടുക്കി: സിപിഎം പഞ്ചായത്തംഗങ്ങള്‍ സത്യപ്രതിജ്ഞയ്ക്കു പുറപ്പെട്ടത് ശ്രീനാരായണഗുരുദേവ ചിത്രത്തിനു മുന്നില്‍ ഏലയ്ക്കാ പറനിറച്ചു പ്രാര്‍ഥിച്ചതിനു ശേഷം.
ശാന്തന്‍പാറ ഗ്രാമപ്പഞ്ചായത്തിലെ 8, 9 വാര്‍ഡുകളില്‍ നിന്നും വിജയിച്ചവരാണ് അനുഭാവികള്‍ നേര്‍ന്ന നേര്‍ച്ചകള്‍ നടപ്പാക്കിയത്. ശ്രീനാരായണ ഗുരുദേവന്റെ ചിത്രത്തിനു മുമ്പില്‍ ദീപം തെളിയിച്ച് പ്രാര്‍ഥിക്കുകയും ഏലയ്ക്കാ കൊണ്ട് പറ നിറയ്ക്കുകയും ചെയ്യണമെന്നായിരുന്നു അനുഭാവിയുടെ നേര്‍ച്ച. ഒമ്പതാം വാര്‍ഡില്‍ നിന്നും വിജയിച്ച സേനാപതി ശശി ഏലയ്ക്കാ പറ നിറച്ചു.എട്ടാം വാര്‍ഡില്‍ നിന്നു വിജയിച്ച സിപിഎം സ്ഥാനാഥി ജിഷ ദിലീപും പ്രാര്‍ഥനാ പൂര്‍വം ചടങ്ങില്‍ പങ്കെടുത്തു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ ക്ഷേത്രാചാരങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ചടങ്ങുകള്‍ നടന്നത്. ഹൈറേഞ്ചി ല്‍ നെല്ലിനു പകരം ഉണക്ക ഏലയ്ക്കാ കൊണ്ട് പറ നിറയ്ക്കുന്ന പതിവ് ഉണ്ട്. പ്രാര്‍ഥനകള്‍ക്ക് ശേഷം മധുരപലഹാര വിതരണം നടത്തുകയും സമീപത്തെ പള്ളിയില്‍ എത്തി മെഴുകുതിരികള്‍ കത്തിച്ച ശേഷവുമാണ് 9ാം വാര്‍ഡില്‍ നിന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ സത്യപ്രതിജ്ഞയ്ക്കായി പുറപ്പെട്ടത്. പഞ്ചായത്തംഗങ്ങള്‍ ഈഴവ സമുദായം അല്ലെന്നതും പ്രത്യേകതയാണ്. ശാന്തന്‍പാറ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് സേനാപതി ശശി പഞ്ചായത്ത് പ്രസിഡന്റുമാരുടെ സംഘടനയുടെ ജില്ലാപ്രസിഡന്റ് ആയിരുന്നു. രണ്ട് സ്ഥാനാര്‍ഥികളും വിജയിച്ച മറ്റ് ആറ് എല്‍ഡിഎഫ് അംഗങ്ങളും ദൃഢപ്രതിജ്ഞ ചൊല്ലിയാണ് ചുമതലയേറ്റത്. പ്രതിപക്ഷത്തുള്ള യുഡിഎഫ് അംഗങ്ങള്‍ ഈശ്വര നാമത്തില്‍ സത്യപ്രതിജ്ഞ ചൊല്ലി.
Next Story

RELATED STORIES

Share it