kozhikode local

സിന്തറ്റിക് അത്‌ലറ്റിക് ട്രാക്ക് 25ന് ഉദ്ഘാടനം ചെയ്യും

കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലാ സ്റ്റേഡിയത്തിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിന്റെ ഉദ്ഘാടനം ഈ മാസം 25ന് നടക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ.കെ മുഹമ്മദ് ബഷീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സര്‍വകലാശാലയില്‍ നിന്ന് കളിച്ചുതെളിഞ്ഞ് ദേശീയ-അന്തര്‍ ദേശീയ തലത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച പ്രഗല്‍ഭ കായിക താരങ്ങളും വൈസ് ചാന്‍സലര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങള്‍ തുടങ്ങിയവരും ചേര്‍ന്നാണ് ആഘോഷ പൂര്‍ണ്ണമായ അന്തരീക്ഷത്തില്‍ ഉദ്ഘാടനം നിര്‍വഹിക്കുക. കായിക സര്‍വകലാശാല എന്ന ദേശീയ പ്രശസ്തി കാലിക്കറ്റിന് നേടിക്കൊടുത്ത മുഴുവന്‍ താരങ്ങളെയും അണിനിരത്താന്‍ നടപടികള്‍ ആരംഭിച്ചതായി വൈസ് ചാന്‍സലര്‍ അറിയിച്ചു. കേന്ദ്ര കായിക യുവജനക്ഷേമ വകുപ്പ് നല്‍കിയ അഞ്ചര കോടി രൂപ വിനിയോഗിച്ചാണ് സര്‍വകലാശാലാ അത്‌ലറ്റിക് ട്രാക്ക് നിര്‍മിച്ചത്. ഡ്രെയിനേജ് നിര്‍മ്മാണം, ട്രാക്ക് ഒഴികെയുള്ള ഭാഗത്ത് പുല്ല് പിടിപ്പിക്കല്‍ തുടങ്ങിയ പ്രവര്‍ത്തികള്‍ക്ക് സര്‍വകലാശാലാ ഫണ്ട് വിനിയോഗിച്ചു. സി കെ വല്‍സന്‍, ഡോ.ടോണി ഡാനിയല്‍, ഐസക് പീറ്റര്‍, പ്രഫ. എം വേലായുധന്‍ കുട്ടി എന്നിവരുള്‍പ്പെട്ട വിദഗ്ധ സംഘം ട്രാക്കിന്റെ മികവ് വിലയിരുത്തി. ട്രാക്ക് കേരളത്തിലെ ഏറ്റവും മികച്ചതും കുറ്റമറ്റതുമാണെന്ന് സി കെ വല്‍സന്‍ പറഞ്ഞു.
നാഷനല്‍ യൂത്ത് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തില്‍ സര്‍വകലാശാലാ സ്റ്റേഡിയത്തില്‍ നടത്താന്‍ നിശ്ചയിച്ചിട്ടുണ്ട്. ട്രാക്കിന്റെ മികവ് കൂടി കണക്കിലെടുക്കുമ്പോള്‍ പല ദേശീയ റെക്കാര്‍ഡുകളും കാലിക്കറ്റ് സര്‍വകലാശാലാ സിന്തറ്റിക് ട്രാക്കില്‍ തകര്‍ന്നടിയുമെന്ന് ഉറപ്പിക്കാമെന്നും അദ്ദേഹം പറഞ്ഞു. സമീപപ്രദേശങ്ങളിലെ സ്‌കൂള്‍, കോളേജുകളിലെ കായിക പ്രതിഭകള്‍ക്ക് ബന്ധപ്പെട്ട സ്ഥാപന മേലധികാരിയുടെ ശുപാര്‍ശയോടെ സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കില്‍ പരിശീലനത്തിന് അവസരം നല്‍കുന്ന കാര്യം പരിഗണനയിലുണ്ട്. കാമ്പസി ല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സിന്റിക്കേറ്റ് അംഗങ്ങളായ ഡോ. ടി പി അഹമ്മദ്, ഒ അബ്ദുല്‍ അലി, ഡോ.ആബിദാഫാറൂഖി, കായിക പഠനവിഭാഗം മേധാവി ഡോ. വിപി സക്കീര്‍ ഹുസൈന്‍ തുടങ്ങിയവരും പങ്കെടുത്തു.
Next Story

RELATED STORIES

Share it