thrissur local

സിനിമാ തിയേറ്റര്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് തടവും 15,000 പിഴയും

ചാവക്കാട്: ഗുരുവായൂരിലെ സിനിമ തിയേറ്റര്‍ ആക്രമിച്ച കേസിലെ പ്രതികള്‍ക്ക് കോടതി പിരിയും വരെ തടവും 15,000 രൂപ പിഴയും ശിക്ഷ വിധിച്ചു. എടക്കര തെക്കേ അകായില്‍ ജലീല്‍ (25), മണത്തല ആലിയഹമ്മദിന്റകത്ത് ഷിഹാബുദ്ദീന്‍ (28) എന്നിവരെയാണ് ചാവക്കാട് ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് രഞ്ജിത്കൃഷ്ണ ശിക്ഷിച്ചത്.
ഗുരുവായൂര്‍ ജയശ്രീ തിയേറ്റര്‍ ആക്രമിച്ചെന്നാണ് ഇവര്‍ക്കെതിരെയുള്ള കേസ്. കോടതി പിരിയും വരെ തടവിനും 15,000 രൂപ പിഴയടക്കാനുമാണ് ശിക്ഷവിധിച്ചത്.
2012 മാര്‍ച്ച് 30നാണ് കേസിനാസ്പദമായ സംഭവം. ജനറേറ്റര്‍ കേടായതിനെ തുടര്‍ന്ന് തിയേറിലെ സിനിമാ പ്രദര്‍ശനം നിര്‍ത്തിവെക്കേണ്ടി വന്നു. സിനിമയുടെ പ്രദര്‍ശനം അവസാനിക്കാന്‍ 10 മിനിട്ട് മുമ്പായിരുന്നു സംഭവം.
പ്രദര്‍ശനം തടസ്സപ്പെട്ടതോടെ ക്ഷുഭിതരായ പ്രതികള്‍ സംഘം ചേര്‍ന്ന് തിയേറ്ററിലെ സീറ്റുകളും ബാല്‍ക്കണി ജനല്‍ ചില്ലുകളും കാന്റീന്‍ കൗണ്ടറുകളും തല്ലിത്തകര്‍ത്തുവെന്നും സംഭവത്തില്‍ 60,000 രൂപയുടെ നാശനഷ്ടം വരുത്തിയെന്നുമായിരുന്നു പരാതി.
അന്നത്തെ ഗുരുവായൂര്‍ എസ്‌ഐ വി സി സൂരജ് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ശ്രീകുമാര്‍ ഹാജരായി.
Next Story

RELATED STORIES

Share it